കൊറോണക്കാലത്ത് ലോക്ഡൗണില്‍ വീടിനുള്ളിലിരിക്കാന്‍ നിര്‍ബന്ധിതരായവരാണ് എല്ലാവരും. ഈ മഹാമാരിയെ തടയാന്‍ ഇതല്ലാതെ വേറെ വഴികളൊന്നുമില്ലെന്നും നമുക്കറിയാം. അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്നവരും, വീടില്ലാത്തവരും അതിഥി തൊഴിലാളികളുമടക്കം വലിയൊരു ജനവിഭാഗം ഇതിലുണ്ട്. ഒപ്പം ഹോം ക്വാറന്റൈില്‍ ഉള്ളവരും കൊറോണ ബാധിതരും. മനുഷ്യര്‍ മാത്രമല്ല, തെരുവില്‍ അലയുന്ന ജീവികളുമുണ്ട് സഹായം ആവശ്യമുള്ളവരില്‍.  ഇവര്‍ക്കൊക്കെ വേണ്ട സഹായങ്ങളെത്തിക്കാന്‍ രാപകല്‍ പണിയെടുക്കുന്ന നല്ല മനുഷ്യരുമുണ്ട്.

ഉള്‍നാടുകളില്‍ ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ കൈമെയ് മറന്ന് ഇറങ്ങുന്ന ചെറുപ്പക്കാരും ക്ലബ്ബുകളും സംഘടനകളും ധാരാളമാണ്. എന്നാല്‍ പ്രളയകാലത്തെ പോലെ ഇത്രധികം കൂട്ടായ്മകള്‍ സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ കൊറോണക്കാലത്ത് പുറത്തിറങ്ങിയാല്‍ നേരെ വിപരീതഫലമാകും ഉണ്ടാകുക. പലസ്ഥലങ്ങളിലും ഇത്തരം കൂട്ടായ്മകള്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കൂട്ടംകൂടുന്നതും സന്നദ്ധപ്രവര്‍ത്തനത്തിന് ഇടയില്‍ സാമൂഹിക അകലം പാലിക്കാത്തതും രോഗം കൂടുതല്‍ പകരാന്‍ ഇടയാക്കിയേക്കും.

കമ്മ്യൂണിറ്റി കിച്ചനുകളും സഹായമാവശ്യമായവര്‍ക്കുള്ള കരുതലുകള്‍ നല്‍കാനുള്ള ഗ്രൂപ്പുകള്‍ക്കും നേതൃത്വം നല്‍കാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഇവിടെയെല്ലാം കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്ന് ഉറപ്പാക്കുന്നതും അവര്‍ തന്നെ. ഇവ കൂടാതെ സ്വകാര്യസ്ഥാപനങ്ങള്‍, വ്യക്തികള്‍, നാട്ടിന്‍പുറത്തെ ക്ലബ്ബുകള്‍, മത-രാഷ്ട്രീയ സംഘടനകള്‍ എന്നിവയും സഹായഹസ്തവുമായി രംഗത്തുണ്ട്. ഇവരും ഈ സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. സഹായം ആവശ്യമുള്ളവരുടെ ആരോഗ്യത്തോടൊപ്പം സഹായമെത്തിക്കുന്നവരുടെ ആരോഗ്യവും സംരക്ഷിക്കേണ്ടതുണ്ട്. ഇതിനുള്ള വഴികളറിയണം.

സന്നദ്ധ സേവനത്തിനിറങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കാം

1. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവരില്‍ പനി, ചുമ, ജലദോഷം തുടങ്ങിയ പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും വീട്ടില്‍ തന്നെയിരിക്കുക. ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. നമ്മുടെ ആരോഗ്യത്തോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യവും പ്രധാനമാണ്.

2. പ്രമേഹം, ഹൃദ്രോഗം, അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ശാരീരികമായ മറ്റ് അസ്വസ്ഥതകള്‍ ഉള്ളവര്‍ എന്നിവര്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്നത് ഒഴിവാക്കാം.

3. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ കൂട്ടംകൂടി പോകാതെ ഒരു വാഹനത്തില്‍ ഒന്നോ രണ്ടോ ആളുകള്‍ മാത്രം പോകുക. ബൈക്കിലാണെങ്കില്‍ ഒരാള്‍ മാത്രം മതി.

4. കമ്മ്യൂണിറ്റി കിച്ചണ്‍, വീടുകളിലെത്തി ഭക്ഷണവിതരണം തുടങ്ങിയ എന്ത് സഹായപ്രവര്‍ത്തനങ്ങളായാലും സാമൂഹിക അകലം പാലിക്കണം. നമ്മള്‍ പോകുന്ന സ്ഥലത്ത് ചിലപ്പോള്‍ പ്രായമായവരോ, രോഗികളോ, കുഞ്ഞുങ്ങളോ ഒക്കെ ഉണ്ടാവാം. അതുകൊണ്ട് ഒരു മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയെങ്കിലും അകലം പാലിക്കണം.

5. പുറത്ത് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്നവര്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഡിസ്‌പോസിബിള്‍ മാസ്‌ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാല്‍ അത് മാറ്റി പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്. മാസ്‌ക് മുഖത്ത് നിന്ന് താഴ്ത്തി കഴുത്തില്‍ തൂക്കിയിടരുത്.

6. ഇടയ്ക്കിടയ്ക്ക് കൈകള്‍ വൃത്തിയാക്കാന്‍ സാനിറ്റൈസറോ സോപ്പും ശുദ്ധജലവുമോ ലഭ്യമാക്കാനുള്ള സൗകര്യം ഇത്തരം കൂട്ടായ്മകള്‍ ഏര്‍പ്പെടുത്തണം.

7. എന്ത് കാര്യം ചെയ്യുമ്പോഴും ശ്രദ്ധയോടെ ചെയ്യാം. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദേശാനുസരണം മാത്രം പ്രവർത്തിക്കുക.

8. സംഘടനയിലെയും മറ്റും അംഗങ്ങള്‍ സുരക്ഷാ മുന്നറിയിപ്പുകളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അവയുടെ നേതൃസ്ഥാനത്തുള്ളവരാണ്.

വീട്ടിലേയ്ക്ക് തിരിച്ചെത്തുമ്പോഴും വേണം ശ്രദ്ധ

1. വീട്ടിലെത്തിയാല്‍ ഉടനേ വീട്ടിലെ പ്രായമായവരുടെ അടുത്തോ കുട്ടികളുടെ അടുത്തോ പോകുന്നത് ഒഴിവാക്കുക. ഭക്ഷണസാധനങ്ങളിലും മറ്റും സ്പര്‍ശിക്കുന്നത് ഒഴിവാക്കാം. വീട്ടിലുള്ളവരെല്ലാം ലോക്ഡൗണില്‍ ഐസൊലേഷനില്‍ കഴിയുന്നവരാകും. നമ്മുടെ അശ്രദ്ധകൊണ്ട് അവര്‍ക്ക് രോഗം വരരുതല്ലോ.

2. പുറത്ത് പോയപ്പോള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ എല്ലാം കഴുകി, കുളിച്ചശേഷം മാത്രം വീട്ടിലുള്ളവരുമായി ഇടപെടുക. ധരിച്ച വസ്ത്രങ്ങള്‍ കൂട്ടിയിടരുത്. അതില്‍ രോഗാണുക്കള്‍ ഉണ്ടെങ്കില്‍ നമ്മള്‍ ചെയ്യുന്നതെല്ലാം വെറുതേയാവും. വസ്ത്രം സ്വയം കഴുകിയിടണം. വസ്ത്രങ്ങള്‍ സൂര്യപ്രകാശത്തില്‍ നന്നായി ഉണക്കിയെടുക്കണം.

3. സേവനം ചെയ്യുന്നതോടൊപ്പം നമ്മുടെ സുരക്ഷയും വളരെ പ്രധാനമാണ്. കുടുംബാംഗങ്ങളുടെയും.

കമ്മ്യൂണിറ്റി കിച്ചണുകളില്‍ അകലം പാലിച്ച് നില്‍ക്കുക

1. പലപ്പോഴും പല സ്ഥലങ്ങളിലും ഭക്ഷണം ഉണ്ടാക്കുന്നതും സാധനങ്ങള്‍ ശേഖരിക്കുന്നതുമെല്ലാം ചെറിയ, ഇടുങ്ങിയ സ്ഥലങ്ങളിലാവും. ഇതിന് പകരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്‌കൂളുകളുടേത് പോലുള്ള വലിയ ഹാളുകള്‍ കണ്ടെത്താം. ഇങ്ങനെ വലിയ ഹാളുകളോ സാമൂഹിക അകലം പാലിക്കാന്‍ വഴികളോ ഇല്ലാത്തവര്‍ കൂടുതല്‍ ആളുകളെ കൂട്ടാതെ ചെറിയ ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നതാണ് നല്ലത്.

2. ഭക്ഷണം പായ്ക്ക് ചെയ്യുമ്പോള്‍ വലിയ ഹാളുകളില്‍ മേശയോ ബെഞ്ചോ നിരത്തി, ഒരു മീറ്ററില്‍ കൂടുതല്‍ അകലം പാലിച്ച് മാത്രം നില്‍ക്കുക.

3. ഭക്ഷണം പായ്ക്ക് ചെയ്യുമ്പോഴും പാചകം ചെയ്യുമ്പോഴും മാസ്‌ക് ധരിക്കുക തന്നെ വേണം. തുണി മാസ്‌ക് ആണെങ്കില്‍ അത് കൃത്യമായി അണുവിമുക്തമാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കാം.

4. ഭക്ഷണപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ ഉപയോഗിച്ചിരിക്കണം.

5. വ്യക്തി ശുചിത്വം പാലിക്കണം. ഭക്ഷണം പാകം ചെയ്യും മുന്‍പ് കൈകള്‍ വൃത്തിയാക്കണം. ഭക്ഷണവിതരണം കഴിഞ്ഞാലും സ്വയം ശുചിയാക്കാന്‍ മറക്കേണ്ട.

സന്നദ്ധപ്രവര്‍ത്തകരാകണോ ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്യണം

ചെറിയ ക്ലബ്ബുകള്‍, സംഘടനകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പ്രളയകാലത്തെ പോലെ നേരിട്ട് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. കാരണം ഈ സുരക്ഷാമാനദണ്ഡങ്ങള്‍ പലതും അവര്‍ക്ക് പാലിക്കാനാവില്ല എന്നത് തന്നെയാണ് കാരണം.

പകരം സര്‍ക്കാര്‍ തലത്തില്‍ സന്നദ്ധസേന രൂപീകരിച്ചിട്ടുണ്ട്. www.sannadhasena.kerala.gov.in എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ ആര്‍ക്കും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാം.  

അല്ലെങ്കില്‍ 9400198198 ഈ നമ്പറിലേയ്ക്ക് മിസ്ഡ് കോള്‍ നല്‍കിയാല്‍ അവര്‍ തിരികെ വിളിച്ച് സംസാരിച്ച ശേഷം വൊളന്റിയറായി ചേര്‍ക്കും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത് സന്നദ്ധപ്രവര്‍ത്തകരാകുന്നവര്‍ക്ക് സ്വീകരിക്കേണ്ട സുരക്ഷകള്‍, നിര്‍ദേശങ്ങള്‍, ആവശ്യമായ സംവിധാനങ്ങള്‍ എന്നിവയെല്ലാം ലഭിക്കും. സന്നദ്ധസേവനത്തിന് ഇറങ്ങുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുക. 

കടപ്പാട്:  ഡോ. ബി. പദ്മകുമാര്‍ 
പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം, ഗവ. മെഡിക്കല്‍ കോളേജ്, ആലപ്പുഴ

വി.പി. പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടര്‍, സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍

Content highlights: social workers must aware about social distancing in the time of corona