തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിലെ ഫാബ് ലാബില്‍ ലോക്ഡൗണ്‍ ആരംഭം മുതല്‍ ഒരാള്‍ പരീക്ഷണങ്ങളിലാണ്. കൊല്ലം സ്വദേശിയായ കംപ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ അജയ് ജെയിംസ്. നാട്ടില്‍ പോകാതെയും അവധിയെടുക്കാതെയുമുള്ള ഈ പരീക്ഷണങ്ങളിലൂടെ പിറവിയെടുത്തത് കോവിഡ് കാലത്തിന് ഏറ്റവും വേണ്ടപ്പെട്ട ഏഴിനങ്ങള്‍- സാനിറ്റൈസര്‍ കുഞ്ഞപ്പന്‍ എന്ന കുഞ്ഞന്‍ റോബോട്ട് മുതല്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള കോവിഡ് വിസ്‌ക് വാന്‍ വരെ.

ഇദ്ദേഹം വികസിപ്പിച്ച ചെലവുകുറഞ്ഞ കോവിഡ് വിസ്‌ക് ആഗോള പ്രശസ്തമായതോടെയാണ് കണ്ടുപിടിത്തങ്ങള്‍ക്ക് ആവേശം കിട്ടിയത്. ഇതിന്റെ നിര്‍മാണരീതി അമേരിക്ക നോര്‍ത്ത് കരോലിനയിലെ ഷര്‍ലോക് മെഡി എന്ന സ്ഥാപനം ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് കൈമാറി. ഫാബ് ലാബില്‍ നിര്‍മിച്ച വിസ്‌ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

salute the heroകോവിഡ് വ്യാപനം ഏറ്റവുമധികം ഉണ്ടാകാന്‍ സാധ്യതയുള്ള ദന്തഡോക്ടര്‍മാര്‍ക്കുള്ള സുരക്ഷാ ഉപകരണം എന്ന ചിന്തയില്‍നിന്നാണ് പേഷ്യന്റ് കേജ് വികസിപ്പിച്ചത്. ദന്തചികിത്സയ്‌ക്കെത്തുന്നയാളെ പൂര്‍ണമായും മൂടുന്ന സുതാര്യ പോളീത്തീന്‍ കൂടാണിത്. ഈ കൂടിനുള്ളിലേക്ക് ഡോക്ടര്‍ക്ക് കൈകള്‍ കടത്തി ചികിത്സിക്കാം. ചികിത്സ കഴിഞ്ഞാല്‍ കൂടിന് മുകളിലെ ഷവറിലൂടെ സാനിറ്റൈസര്‍ വീഴ്ത്തി കൂട് അണുവിമുക്തമാക്കും. തീരെ ചെലവ് കുറഞ്ഞതും ഓട്ടോമാറ്റിക്കുമാണ് സംവിധാനം.

വെപ്പുപല്ലുകള്‍ രാകി വലുപ്പം കൃത്യമാക്കുന്നതിന് ഏറോസോള്‍ കണ്ടെയ്ന്‍മെന്റ് ലെയ്ത്ത് ബോക്‌സും വികസിപ്പിച്ചു. വായില്‍വെച്ച ശേഷം കൃത്യമാക്കുന്നതിന് വെപ്പുപല്ലുകള്‍ പലതവണ പുറത്തെടുക്കേണ്ടി വരും. ഏറോസോള്‍ കണ്ടെയ്ന്‍മെന്റ് ലെയ്ത്ത് ബോക്‌സില്‍ പുറത്തെടുക്കാതെ പല്ലുകള്‍ രാകി ശരിയാക്കാം. രോഗികളുടെ വായിലെ കഫവും മറ്റും എടുക്കുന്നതിന് തലമാത്രം കടത്താവുന്ന ഏരോസോള്‍ ബോക്‌സും വികസിപ്പിച്ചു. സുതാര്യ അക്രലിക് മധ്യമത്തില്‍ നിര്‍മിച്ച ഈ പെട്ടിയുടെ ഓട്ടയിലൂടെ കൈകള്‍ മാത്രം കടത്തി ചികിത്സ നടത്താം. ഇത്തരം അഞ്ചെണ്ണം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിനും മൂന്നെണ്ണം പീഡിയാട്രിക് വാര്‍ഡിലും നല്‍കി.

കോവിഡ് വാര്‍ഡിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കുകയും സാനിറ്റൈസ് ചെയ്യുകയും സ്വയം സാനിറ്റൈസിന് വിേധയനാകുകയും ചെയ്യുന്ന സാനിറ്റൈസര്‍ കുഞ്ഞപ്പന്‍ എന്ന റോബോട്ട് സൂപ്പര്‍ ഹിറ്റായി. ഇതിപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. വെറും 50 രൂപ ചെലവുള്ള പെഡല്‍ ഓപ്പറേറ്റിങ് സാനിറ്റൈസര്‍ യൂണിറ്റാണ് മറ്റൊന്ന്. ഇതിപ്പോള്‍ ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. കൈകൊണ്ട് സാനിറ്റൈസര്‍ കുപ്പിയില്‍ സ്പര്‍ശിക്കേണ്ടതില്ല. അതുവഴിയുള്ള കോവിഡ് വ്യാപനം ഒഴിവാക്കുന്നതിന് ചെലവ് 50 രൂപ മാത്രം. രക്തവും സ്രവവും ഒരുമിച്ച് ശേഖരിക്കാവുന്ന വിസ്‌കുകകളും വികസിപ്പിച്ചു. ഇവ തൃശ്ശൂരിലെ താലൂക്ക് ആശുപത്രികളില്‍ നല്‍കി. ജില്ലാ ആരോഗ്യ വിഭാഗത്തിന് നല്കിയ വിസ്‌ക് വാനില്‍ ഡ്രൈവര്‍ക്ക് പുറത്തിറങ്ങാതെ വാഹനത്തിന്റെ അകവും പുറവും സാനിറ്റൈസ് ചെയ്യാനും സ്രവം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കാനുമുള്ള സംവിധാനമുണ്ട്. ഇത്തരം സൗകര്യമുള്ള വാന്‍ ആദ്യമായാണ് പുറത്തിറങ്ങുന്നത്.

Content Highlights: Salute the Heroes, Thrissur govt engineering college professor invented 7 items for Covid19 fight, Health

Disclaimer: Facebook has partnered with Mathrubhumi for this  series but has not exerted any editorial control over this story