കോഴിക്കോട്: ''കോവിഡാണ്, രോഗം പകരുമോയെന്ന പേടിയൊന്നുമില്ല. വീട്ടിലേക്ക് ഫോണ്‍ചെയ്യുന്‌പോള്‍ രണ്ടരവയസ്സുള്ള മകന്‍ കാണണമെന്ന് വാശിപിടിക്കും. അപ്പോള്‍ സങ്കടംതോന്നും. പ്രായമായ അമ്മയും ഭാര്യയും മൂന്നുമക്കളുമുണ്ട് വീട്ടില്‍. ജോലി കഴിഞ്ഞ് നിരീക്ഷണകാലം പൂര്‍ത്തിയാക്കിയാലും തിരികെ വീട്ടില്‍ പോകാന്‍ മടിയാണ്. വയസ്സായവരും കുട്ടികളുമൊക്കെയുള്ളതല്ലേ'' -മെഡിക്കല്‍കോളേജിലെ ശുചീകരണത്തൊഴിലാളി രജീഷ് അടച്ചിടല്‍കാലത്തെ അനുഭവം പങ്കുവെച്ചു.

രാവിലെ ഏഴുമണിക്ക് ഭക്ഷണംകഴിച്ച് പി.പി.ഇ. കിറ്റ് ധരിച്ച് ജോലി തുടങ്ങിയാല്‍ ഉച്ചയ്ക്ക് ഒരുമണി കഴിയും ഒരു തുള്ളിവെള്ളം കുടിക്കാന്‍. അതിനിടെ മൂത്രമൊഴിക്കാന്‍പോലുമാകില്ല. പി.പി.ഇ. കിറ്റിന്റെ ചൂടുകാരണം വിയര്‍ത്തുകുളിച്ചിട്ടുണ്ടാകും. ആശുപത്രി മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതും ആശുപത്രിവരാന്തയും മുറികളും വൃത്തിയാക്കലുമായി ജോലികള്‍ ഒരുപാടുണ്ട്. ഒന്നിലേറെ തവണ അണുനശീകരണവും ക്ലോറിനേഷനും ലോഷന്‍ ഉപയോഗിച്ചുള്ള വൃത്തിയാക്കലും ചെയ്യണം. അപ്പോഴേക്കും ക്ഷീണിക്കും-തൊഴിലാളികള്‍ പറഞ്ഞു.

നിരീക്ഷണവാര്‍ഡില്‍ ആറുമണിക്കൂറാണ് ജോലി. പത്തുദിവസം തുടര്‍ച്ചയായി ജോലി. പിന്നെ പതിന്നാലുദിവസം നിരീക്ഷണം. അതുകഴിഞ്ഞ് രണ്ടുദിവസം അവധി കിട്ടും. പക്ഷേ, കുടുംബത്തിന്റെ സുരക്ഷകരുതി പലരും വീട്ടില്‍പോകില്ല.

salute the hero

പ്ലസ്ടുവിന് പഠിക്കുന്ന കാഴ്ചപരിമിതിയുള്ള മകളുടെ പഠനസൗകര്യാര്‍ഥമാണ് ദീപയും ഭര്‍ത്താവും വയനാട്ടില്‍നിന്ന് കോഴിക്കോട്ടെത്തിയത്. ദീപ മെഡിക്കല്‍കോളേജിലും ഭര്‍ത്താവ് മറ്റൊരു സ്ഥാപനത്തിലും ശുചീകരണത്തെഴിലാളിയാണ്. അടച്ചിടല്‍സമയത്താണ് ഏറെ കഷ്ടപ്പെട്ടതെന്ന് ദീപ പറഞ്ഞു.

''രണ്ടുപേരും വീട്ടില്‍ ഇല്ലാത്ത അവസ്ഥ. മകളെയോര്‍ത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്. അവളുടെ കാര്യങ്ങള്‍നോക്കാന്‍ ഇളയകുട്ടിയാണ് വീട്ടിലുള്ളത്. ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് ഈ തൊഴിലാണ്. സുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ച് ജോലിചെയ്യുന്നതിനാല്‍ ആശങ്കയില്ല''-ദീപ പറഞ്ഞു.

സ്ഥിരപ്പെടുത്തിയവരും ദിവസവേതനക്കാരുമായി 435 ശുചീകരണത്തൊഴിലാളികളാണ് മെഡിക്കല്‍കോളേജ് ആശുപത്രിയിലുള്ളത്. നിപസമയത്തു ജോലിചെയ്തു പരിചയമുള്ളവരാണ് ഇവരില്‍ പലരും. ജോലികഴിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍ കോവിഡ് ബാധിച്ചോയെന്ന് സംശയത്തോടെ നോക്കുന്ന അയല്‍വാസികളുണ്ടായിരുന്നെന്ന് പലരും സമ്മതിക്കുന്നു. കോവിഡ് ടെസ്റ്റ് പോസിറ്റീവായവരുടെ മുറികളിലെ മാലിന്യം നീക്കംചെയ്യുമ്പോഴും കുളിമുറികള്‍ ശുചിയാക്കുമ്പോഴും ജോലിയുടെ മഹത്ത്വത്തെപ്പറ്റി ബോധ്യമുള്ളവരാണ് തങ്ങളെന്ന് ഇവര്‍ ഒരേസ്വരത്തില്‍ പറയുന്നു.

Content Highlights: Salute the Heroes- They say even in Covid, we are not afraid to work