വിശപ്പേറുന്ന സമയങ്ങളില്‍ ഒരു വണ്ടിയുടെ ഇരമ്പല്‍കേള്‍ക്കാന്‍ കോട്ടയം നഗരം കാത്തിരുന്നു. സ്‌നേഹക്കൂട് എന്ന എഴുത്തും പേറിവരുന്ന വണ്ടിയിലെ 'അമ്മ'യിലായിരുന്നു അവരുടെ പ്രതീക്ഷ. അടച്ചിടല്‍ക്കാലത്ത് ആ അമ്മ അക്ഷരനഗരിയെ നിറച്ചൂട്ടി.

ആഹാരം കിട്ടാതെ അലഞ്ഞവര്‍ക്ക് സ്‌നേഹക്കൂട് നല്‍കിയ പൊതിച്ചോറുകള്‍ മാത്രം 18,000-ലധികം വരും. ഒപ്പം പ്രഭാതഭക്ഷണവും സംഭാരവും ചായയും. പോലീസുകാരും ആരോഗ്യപ്രവര്‍ത്തകരും മറ്റ് അവശ്യസര്‍വീസിലുള്ളവരുമെല്ലാം അവരുടെ സ്‌നേഹം ഉണ്ടു. സ്‌നേഹക്കൂടിന്റെ നിഷയുടെ പ്രവര്‍ത്തനം നേരിട്ടുബോധ്യപ്പെട്ട കോട്ടയത്തെ ഒരു പോലീസുകാരി 'വിശക്കുന്നവന് അന്നം നല്‍കുന്ന ദൈവമെന്നാ'ണ് അവരെ വിശേഷിപ്പിച്ചത്.

10,000-ലധികം സൗജന്യ മുഖാവരണം, ഭക്ഷണം, ഭക്ഷ്യധാന്യക്കിറ്റ്... വീടുകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കുള്ള സഹായമടക്കം 10 ലക്ഷത്തിലധികം രൂപയുടെ സേവനമാണിവര്‍ ലോക്ഡൗണില്‍മാത്രം ചെയ്തത്.

അന്നത്തില്‍ ഒതുങ്ങുന്നില്ല

മൂന്നരവര്‍ഷംമുന്‍പ് തുടങ്ങിയ അഭയമന്ദിരത്തില്‍ അശരണരായ 17 അച്ഛനമ്മമാരെയാണ് സംരക്ഷിക്കുന്നത്. ഓരോവര്‍ഷവും ഒരുവീടു നിര്‍മിച്ചു നല്‍കുന്നു. ഒരു അന്തേവാസിയുള്‍പ്പെടെ ഏഴു പെണ്‍കുട്ടികളുടെ വിവാഹം നടത്തി. ചികിത്സാസഹായം, നിര്‍ധനരായ കുട്ടികള്‍ക്ക് പഠനസഹായം, തൊഴില്‍ സംരംഭങ്ങള്‍, ഭക്ഷ്യധാന്യക്കിറ്റ് വിതരണം, ഹര്‍ത്താലിനും വിശേഷദിനങ്ങളിലും കോട്ടയം നഗരത്തില്‍ ഭക്ഷണവിതരണം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആഴ്ചയില്‍ രണ്ടുദിവസം പ്രഭാതഭക്ഷണവിതരണം, രണ്ടു പ്രളയകാലത്തും ദിനംപ്രതി 1000 പൊതിച്ചോറുകള്‍, 700 വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനം... പട്ടിക നീളുകയാണ്.

സ്നേഹക്കൂട് തട്ടുകടയിലെ കഞ്ഞീം കപ്പേം

പിറന്നാള്‍, വിവാഹം, വിവാഹവാര്‍ഷികം, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളില്‍ ആളുകള്‍ എത്തിക്കുന്ന സഹായത്തിലൂന്നിയാണ് പ്രവര്‍ത്തനം. യന്ത്രസഹായത്തോടെ സ്‌നേഹക്കൂട് പ്രവര്‍ത്തകര്‍ ഓഫീസുകളും വീടുകളും വൃത്തിയാക്കി നല്‍കി ലഭിക്കുന്ന പണവും സേവനത്തിന് വിനിയോഗിക്കും. വീട്ടുരുചിയില്‍ ഭക്ഷണം നല്‍കുന്ന 'കഞ്ഞീം കപ്പേം@KL05' സ്നേഹക്കൂട് തട്ടുകടയും വരുമാനമാര്‍ഗമാണ്. ഇവിടെ പാചകമടക്കം സേവനം നല്‍കുന്നത് അഭയമന്ദിരം പ്രവര്‍ത്തകരാണ്.

തുടക്കവും വളര്‍ച്ചയും

തയ്യല്‍ക്കട നടത്തിവരവേ നിഷ ഏറ്റുമാനൂര്‍ അമ്പലപരിസരത്തെ അനാഥരായവരെ സഹായിച്ചുതുടങ്ങിയത് 16 വര്‍ഷംമുന്‍പ്. ഇപ്പോള്‍ ഏഴുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന രണ്ടു തയ്യല്‍ യൂണിറ്റുകളായി. അതിനിടയിലാണ് സാമൂഹിക പ്രവര്‍ത്തനം. സ്വന്തം വരുമാനത്തിന്റെ ഒരുവീതം മാറ്റിവെച്ചു. സഹായിക്കാവുന്ന പരിധി കടന്നപ്പോള്‍ മറ്റുള്ളവരുടെ സഹായംതേടി ഫെയ്സ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മ തുടങ്ങി. ആറുവര്‍ഷം മുന്‍പ് ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തു.

salute the hero180-ലധികം പുരസ്‌കാരങ്ങള്‍ ലഭിച്ചു. ലോക്ഡൗണ്‍ കാലത്തെ പ്രവര്‍ത്തനമികവിന് ജില്ലാ പോലീസ് മേധാവി പുരസ്‌കാരവും 10,000 രൂപയും നല്‍കി ആദരിച്ചു.

അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഒരുദിവസത്തെ ശമ്പളം നല്‍കിയും പോലീസുകാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം വ്യക്തിപരമായി സഹായിച്ചും ആദരമര്‍പ്പിച്ചു.

16 പേര്‍ക്ക് തൊഴില്‍നല്‍കുന്ന സ്‌നേഹക്കൂടിന്റെ പ്രവര്‍ത്തനം കോട്ടയം നഗരത്തില്‍ വാടകക്കെട്ടിടത്തിലാണ്.

Content Highlights: Salute the Heroes Snehakkoode Kottayam Nisha helping poor people Covid19 Corona Virus

Disclaimer: Facebook has partnered with Mathrubhumi for this  series but has not exerted any editorial control over this story