നിലയ്ക്കാത്ത ഫോണ്‍വിളികള്‍.. എഴുതിത്തീരാതെ പേരുകളും വിലാസങ്ങളും... വിശദാംശങ്ങളെടുക്കാനുള്ള തത്രപ്പാട്...തമ്മില്‍ മിണ്ടാന്‍പോലുമാകാതെ മാസ്‌കുകളും മുഖംമൂടികളും 'കൊറോണ'യുടെ മറ്റൊരു കോണിലൂടെ നോക്കിയാല്‍ കാണാം ഒന്നു വിശ്രമിക്കാനോ നെടുവീര്‍പ്പിടാനോ കഴിയാതെ ആരോഗ്യവകുപ്പിലെ കുറേപ്പേരെ.

ഡോക്ടര്‍മാരും നഴ്സുമാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും മാത്രമല്ല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുതല്‍ നിലം തൂത്തുവാരുന്നവര്‍ വരെ അക്കൂട്ടത്തിലുണ്ട്. ഈ വര്‍ഷം ജനുവരി 28-നുശേഷം അവധിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല ഇവരില്‍ പലര്‍ക്കും.

അന്നുമുതലാണ് കൊറോണ വൈറസ് കേരളത്തെ തൊട്ടുതുടങ്ങിയത്. ഞായറാഴ്ചയും മറ്റു അവധിദിവസവുമൊക്കെ സംസാരത്തില്‍ പോലുമില്ലാതായെന്ന് കാസര്‍കോട് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.എ.ടി.മനോജ് ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. രണ്ടാംഘട്ടത്തില്‍ കൊറോണ ഇവിടെ ശക്തിപ്രാപിച്ചതോടെ വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരുന്ന ജീവനക്കാരുടെ എണ്ണവും കൂടി.

കൊറോണ സെല്‍

'ഹലോ... ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലല്ലോ.. വീട്ടുകാരില്‍ ഒരാള്‍ മാത്രമല്ലേ മുറിയിലേക്ക് വരുന്നുള്ളൂ.. എന്താവശ്യമുണ്ടെങ്കിലും വിളിക്കണേ...' -കൊറോണ സെല്ലില്‍ നിന്ന് വീട്ടില്‍ നിരീക്ഷണത്തിലുള്ളവരെ വിളിക്കുന്നു. ഓരോ വിളിയിലും അത്രയേറെ കരുതലുണ്ട്. സ്‌നേഹം നിറഞ്ഞ വാക്കുകള്‍... ഇത്തിരി ഉപദേശങ്ങള്‍. .. ഒത്തിരി നിര്‍ദേശങ്ങള്‍... ഫോണ്‍ കട്ടുചെയ്യുമ്പോള്‍, അറിയാതെ മിഴികളടയുന്നു, ഒരു പ്രാര്‍ഥനയെന്നോണം.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇടമാണ് കൊറോണ സെല്‍. കണ്ണൂര്‍ ജില്ലയില്‍ കൊറോണ സെല്ലിന്റെ ചുമതല ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജിനും കാസര്‍കോട് ജില്ലയില്‍ ഡോ. എ.ടി.മനോജിനുമാണ്.

കണ്ണൂരിലേത് കളക്ടറേറ്റിനടുത്തുള്ള ഡി.എം.ഒ. ഓഫീസിലും കാസര്‍കോട്ടേത് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ഡി.എം.ഒ. ഓഫീസിലുമാണ് പ്രവര്‍ത്തിക്കുന്നത്. വിവരശേഖരണമാണ് ഇവരുടെ മറ്റൊരു പ്രധാന ജോലി. ആരോഗ്യവിഭാഗം ഫീല്‍ഡ് സ്റ്റാഫുകള്‍ നല്‍കുന്ന ഫോണ്‍നമ്പറില്‍ വിളിച്ച് പേരും മേല്‍വിലാസവും ഒത്തുനോക്കണം. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണം. വിവരങ്ങള്‍ കംപ്യൂട്ടറില്‍ കയറ്റണം.

പറന്നെത്തിയവരെത്തേടി

കൊറോണരോഗം സ്ഥിരീകരിച്ചയാള്‍ വന്ന വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും വിളിച്ച് വിവരം ശേഖരിക്കുന്ന കാഴ്ചയായിരുന്നു ചൊവ്വാഴ്ചയും ബുധനാഴ്ചയും കാസര്‍കോട് കൊറോണസെല്ലില്‍. ഇംഗ്ലീഷിലും ഹിന്ദിയിലും കന്നടയിലുമെല്ലാം സംസാരിക്കേണ്ടിവരുന്നു ഇവര്‍ക്ക്.

പെരിങ്ങോം സ്വദേശി കൊറോണ വൈറസ് മുക്തനായതിന്റെ ആശ്വാസം മറച്ചുവയ്ക്കുന്നില്ല കണ്ണൂരിലെ ആരോഗ്യവിഭാഗം. വീട്ടില്‍ നിരീക്ഷണത്തിലുള്ളവരെ പിന്തുടരുകയെന്നത് മാത്രമല്ല, നാട്ടിലെത്തിയവര്‍ ഏതൊക്കെ വിദേശരാജ്യങ്ങളില്‍നിന്നാണ് വന്നതെന്ന് ചോദിച്ചറിഞ്ഞും പേരുകള്‍ വേര്‍തിരിച്ചെഴുതിയും നിരീക്ഷണപ്പട്ടികയെ കൃത്യമാക്കുകയും ചെയ്യുന്നു.

ഹെല്‍പ്പ് ഡെസ്‌ക്

കൊറോണ സെല്ലിന്റെ ഉപവിഭാഗമാണ് ഹെല്‍പ്പ് ഡെസ്‌കുകള്‍. ഐസൊലേഷന്‍ വാര്‍ഡുകളുള്ള ആസ്പത്രിക്കുമുമ്പില്‍ ഹെല്‍പ് ഡെസ്‌കുകളുണ്ട്. മേശയും കസേരയുമിട്ടിരിക്കുന്ന ഇവര്‍ ഒരുമീറ്റര്‍ അകലത്തില്‍ ഒരുചുവപ്പ് റിബണ്‍ കെട്ടിയിട്ടുണ്ട്. സംശയം ചോദിക്കാന്‍ വരുന്നവര്‍ അതിനപ്പുറത്ത് നില്‍ക്കണം.

ചുമയും പനിയും ജലദോഷവുമൊക്കെയായി ആളുകള്‍ ഹെല്‍പ്പ് ഡെസ്‌കിനു മുന്നില്‍ എത്തിക്കൊണ്ടേയിരിക്കുന്നു. 'എല്ലാവര്‍ക്കും ആശങ്കയാണ്. പക്ഷേ, വരുന്നവരെ കൃത്യമായി പറഞ്ഞുമനസ്സിലാക്കിപ്പിക്കും'- ഹെല്‍പ്പ് ഡെസ്‌കിലുള്ളവര്‍ പറയുന്നു.

മറുനാടുകളില്‍ നിന്നുള്ളവര്‍ രോഗലക്ഷണവുമായി വന്നാല്‍ ഒ.പി.യില്‍ കാണിച്ചുപൊയ്‌ക്കൊള്ളാന്‍ പറയും. വിദേശത്തുനിന്ന് വന്ന വരാണെങ്കിലോ ഫലം പോസിറ്റീവായ ആളുകളുമായി സമ്പര്‍ക്കമുള്ളവരോ ആണ് വന്നതെങ്കില്‍ ഹെല്‍പ് ഡെസ്‌കുകാര്‍ അവരെ ഐസൊലേഷന്‍ വാര്‍ഡിലെത്തിക്കും.

ഐസൊലേഷന്‍ വാര്‍ഡ്

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും കണ്ണൂര്‍ ജില്ലയില്‍ ജില്ലാ ആസ്പത്രിയിലും തലശ്ശേരി ജനറല്‍ ആസ്പത്രിയിലും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമാണ് ഐസൊലേഷന്‍ വാര്‍ഡുകളുള്ളത്.

കൊറോണ വൈറസ് പകര്‍ന്നിട്ടുണ്ടോയെന്ന സംശയത്തില്‍ നിരീക്ഷണത്തിലേര്‍പ്പടുത്തുന്നതിനുമുമ്പേ ആരോഗ്യവകുപ്പ് ഇവരെ എ, ബി, സി കാറ്റഗറികളിലായി തരംതിരിക്കുന്നുണ്ട്. നേരിയ രോഗലക്ഷണമുള്ളവരെയാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.

നല്ല പനിയും ജലദോഷവും തൊണ്ടവേദനയുമൊക്കെയുള്ളവരെ ബി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തുന്നത്. ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍, വൃക്കരോഗികള്‍, കാന്‍സര്‍ രോഗികള്‍, മറ്റെന്തെങ്കിലും കാരണത്താലുള്ള നിത്യരോഗികള്‍ ഇവര്‍ക്ക് നേരിയ പനിയാണെങ്കിലും ബി കാറ്റഗറിയിലേക്കു മാറ്റും.

എ കാറ്റഗറിയിലുള്ളവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. ബി കാറ്റഗറിയിലുള്ളവരെ ആസ്പത്രിയിലെ ഐസൊലേഷന്‍ വിഭാഗത്തിലെത്തിച്ച് രക്തം, തൊണ്ടയിലെയും മൂക്കിലെയും സ്രവം എന്നിവയുമെടുത്ത് പരിശോധനയ്ക്ക് അയക്കും. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കണോയെന്ന് ആ സമയത്തെ പരിശോധനയില്‍ ഡോക്ടര്‍മാര്‍ എടുക്കുന്ന തീരുമാനമനുസരിച്ചാകും.

നല്ല ശ്വാസംമുട്ട്, ബോധം നഷ്ടമാകുന്നവര്‍, പനി ഗുരുതരാവസ്ഥയിലെത്തുക എന്നിങ്ങനെ കാണുന്നവരാണ് സി കാറ്റഗറിയില്‍. ഇവരെ അപ്പോള്‍ത്തന്നെ ഐ.സി.യു. യൂണിറ്റ് സംവിധാനമുള്‍െപ്പടെയുള്ള വാര്‍ഡിലേക്ക് മാറ്റും.

മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാര്‍, നഴ്സ്, ക്ലീനിങ് ജോലിക്കാര്‍ എന്നിവര്‍ മാത്രമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്നവരുടെ അടുത്തേക്ക് പോകുക. പി.പി. കിറ്റ് (ശരീരം ആകെ മൂടുന്ന ഡ്രസ്) ധരിച്ചാണ് ഇവര്‍ നിരീക്ഷണത്തിലുള്ളവരുടെ അടുത്തേക്കുപോകുന്നത്.

ഒരാളെ പരിശോധിച്ചുകഴിഞ്ഞാല്‍ ഈ കിറ്റ് അപ്പാടെ മാറ്റും. സോപ്പിട്ട് കൈകഴുകും. അടുത്ത രോഗിയുടെ അടുത്തേക്ക് പോകുമ്പോള്‍ വീണ്ടും മറ്റൊരു കിറ്റ് ധരിക്കും. അതായത് ഒരു രോഗിയുടെ അടുത്തേക്ക് ഡോക്ടര്‍മാരുള്‍പ്പടെയുള്ളവര്‍ പോകുന്നതിന് ഒരുദിവസം അഞ്ചു കിറ്റെങ്കിലും വേണം. ഉപേക്ഷിക്കുന്ന കിറ്റുകള്‍ ഐ.എം.എ. യുടെ ഇമേജ് ടീം (ജൈവമാലിന്യ സംസ്‌കരണ ടീം) രണ്ടു മഞ്ഞ സഞ്ചികളിലാക്കി പാലക്കാട്ടേക്ക് കൊണ്ടുപോകും. അവിടെ ഇന്‍സിനറേറ്റര്‍ യൂണിറ്റിലെത്തിച്ച് കത്തിച്ചുകളയും.

ബോധവത്കരണം ഫോണിലൂടെ

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍നിര്‍ദേശം ഉള്ളതിനാല്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ കൊറോണ വൈറസിനെതിരേ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് റസിഡന്റ്സ് അസോസിയേഷനുകള്‍. കൊറോണയെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നു.

എല്ലാം ക്ലീനാക്കാന്‍

ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, കടകള്‍, സര്‍ക്കാര്‍സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. മെഡിക്കല്‍ കോളേജിനു സമീപത്തെ കടകളും ജ്യൂസ് ഷോപ്പുകളും ഇത്തരത്തില്‍ ശുചിയാക്കുന്നു. കൂടാതെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നു. അവര്‍ക്ക് കൈകഴുകാന്‍ സൗജന്യമായി ലോഷനും നല്‍കുന്നു -അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

വിദേശരാജ്യങ്ങളില്‍നിന്ന് എത്തിയവരുടെ വിവരങ്ങള്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് കൈമാറുന്നുണ്ട്.

Content Highlights: Salute the Heroes CoronaVirus fighters