കോഴിക്കോട്: ഏത് ദുരിതത്തിലും പുലര്‍ച്ചെ രണ്ട് മണിക്ക് മുന്നേ നടുക്കടലിലേക്ക് വലയുമായിറങ്ങുന്നവരാണ് മത്സ്യതൊഴിലാളികള്‍. തുച്ചമായ വരുമാനം കൊണ്ട് നിരവധി വയറുകള്‍ നിറയ്ക്കാന്‍ സ്വയം മുണ്ടുമുറുക്കിയുടുക്കന്നവര്‍. ഒരു ദിവസം കടലൊന്ന് പിണങ്ങിയാല്‍ പിറ്റെദിവസത്തെ ഭക്ഷണത്തിന്റെ അളവ് കുറക്കുന്നവര്‍. പക്ഷെ അവര്‍ ദുരിതകാലത്ത് എന്നും സമൂഹത്തിനും ജനങ്ങള്‍ക്കുമൊപ്പം എല്ലാം മറന്ന് ഒപ്പം നിന്നിരുന്നു. സംസ്ഥാനം കോവിഡ് മഹാമാരിയില്‍ പെട്ട് ഒരിക്കല്‍ കൂടെ സ്തംഭിക്കുമ്പോള്‍ സ്വയം പ്രതിരോധത്തിന് തയ്യാറായി മുന്നോട്ട്  വരികയാണ് ചാലിയം ഹാര്‍ബറിലെ മത്സ്യതൊഴിലാളികള്‍. ഇന്നുമുതല്‍ വരുന്ന വെള്ളിയാഴ്ച വരെ ഹാര്‍ബറടക്കാന്‍ ഇവര്‍ സ്വയം തീരുമാനമെടുത്തിരിക്കുന്നു.മറ്റാരുടേയും നിര്‍ബന്ധമില്ലാതെ.

ദിവസേന രണ്ടായിരത്തോളം ആളുകളാണ് ഈ ഹാര്‍ബറുമായി ബന്ധപ്പെടുന്നത്. മത്സ്യം വാങ്ങാന്‍ കുടുംബത്തോടെയെത്തുന്നവര്‍ മുതല്‍ കളഞ്ഞുപോകുന്ന മത്സ്യം പെറുക്കിയെടുത്ത് ജീവിക്കുന്നവര്‍ വരെ. ഒപ്പം അകത്ത് നിന്നും പുറത്തുനിന്നുമായി എത്തുന്ന അഞ്ഞൂറോളം വള്ളങ്ങളും ബോട്ടുകളുമെല്ലാം ഇവിടെയെത്തുന്നു. കോവിഡ് കാലത്ത് സാമൂഹിക അകലമെന്നത് ഒറ്റദിവസം കൊണ്ട് മറന്ന് മറന്ന് പോയ മലയാളികള്‍ക്കിടയിലേക്ക് ചാലിയത്തുകാര്‍ സ്വയം ക്വാറന്റൈന്‍ തീര്‍ത്ത് മാതൃകയാവുന്നു. ഹാര്‍ബറില്‍ നിന്നും വിട്ടു നിന്ന് പട്ടിണിക്കാലത്തെ തല്‍ക്കാലം മുറുക്കിപിടിച്ച് മറക്കാന്‍ ശ്രമിക്കുന്നു. ചെറുവള്ളങ്ങള്‍ പോലും വെള്ളിയാഴ്ചവരെ മത്സ്യബന്ധനത്തിന് പോവില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഒരു പക്ഷെ  സംസ്ഥാനത്ത് ആദ്യമായാവും കൊറോണയെ പ്രതിരോധിക്കാന്‍  ഒരു ഹാര്‍ബര്‍ പൂര്‍ണമായും അടച്ചിടുന്നതിലേക്ക്  കാര്യങ്ങള്‍ പോവുന്നത്.

ചിലയിടങ്ങളില്‍ മത്സ്യ ലേലം മാത്രമാണ് നിര്‍ത്തിയതെങ്കിലും ഹാര്‍ബര്‍ നിര്‍ത്തിവെച്ചിട്ടില്ല. ലേലം നടക്കുന്നയിടങ്ങളില്‍ വലിയ ജനക്കൂട്ടമുണ്ടാവുന്ന സാഹചര്യത്തിലായിരുന്നു ഇത് നിര്‍ത്തിവെക്കാന്‍ ധാരണയായത്. എന്നാല്‍ ഹാര്‍ബര്‍ ഒന്നാകെ സ്തംഭിപ്പിച്ച് കൊറോണയ്ക്കെതിരേ മതിലുകള്‍ തീര്‍ക്കുന്നു ചാലിയത്തുകാര്‍. മത്സ്യ തൊഴിലാളികളെ ആശ്രയിച്ച്  കഴിയുന്ന പതിനായിരത്തിലേറെ ആളുകളാണ് ചാലിയം ഭാഗത്തുള്ളത്. ഭൂരിഭാഗം പേരും ദാരിദ്രത്തെ കുടുംബാംഗമായി ചേര്‍ത്തവര്‍.

ചാലിയത്തെ മത്സ്യ പെരുമയെ  കുറിച്ച് അറിയുന്ന ആളുകള്‍ വിദേശത്ത് നിന്നും മറ്റുമെത്തിയാല്‍ ജില്ലയ്ക്ക് പുറത്ത് നിന്ന് പോലും വിനോദയാത്രയെന്നപോലെ കുടംബത്തോടൊപ്പം ഇവിടെയെത്താറുണ്ടെന്ന് പറയുന്നു മത്സ്യ തൊഴിലാളിയായ ഹംസ. മലപ്പുറത്ത് നിന്നും കോഴിക്കോടിന്റെ പല ഭാഗത്ത് നിന്നുമെല്ലാമുള്ളവര്‍ സ്ഥിരമായി എത്തിപ്പോരുന്നു. ഇത് തുടര്‍ന്നാല്‍ അപകടമാവുമെന്ന് തിരിച്ചറിഞ്ഞാണ് തല്‍ക്കാലം അടച്ചിടാന്‍ തീരുമാനിച്ചതെന്നും ഹംസ ചൂണ്ടിക്കാട്ടുന്നു. ഈ ഒഴിവ് കാലത്ത് കൊറോണ ബോധവല്‍ക്കരണവുമായും ഇവര്‍ രംഗത്തുണ്ട്. വെള്ളിയാഴ്ചവരെയാണ് പറഞ്ഞിരിക്കുന്നതെങ്കിലും അന്ന് തൊഴിലാളികള്‍ ഒത്തുകൂടി ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ഇവര്‍ പറയുന്നു.

Content Highlight: Salute the heroes; Chaliyam Beach fight against coronavirus