കൊച്ചി : ‘‘കരഞ്ഞും അപേക്ഷിച്ചുമെത്തുന്ന കുടുംബങ്ങൾ, വെള്ളംപോലും കുടിക്കാനാകാതെ ജോലിചെയ്യുന്ന സഹപ്രവർത്തകർ... ഇവർക്കിടയിലേക്കാണ് നിസ്സാര കാര്യങ്ങളുമായി രേഖകളില്ലാതെ അതിർത്തികടന്ന് പലരുമെത്തിയത്. രേഖകളില്ലെങ്കിലും ഇവരുടെ ദേഷ്യപ്പെടലുകൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. പാസില്ലാത്തതിനാൽ അത്യാവശ്യക്കാരെപ്പോലും കടത്തിവിടാനാകാത്തതിന്റെ മാനസികവിഷമവും’’ -അതിർത്തിയിൽ ജോലി ചെയ്തതിന്റെ അനുഭവങ്ങൾ പങ്കിടുകയാണ് അടിമാലി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ എസ്.ഐ. അജി അരവിന്ദ്.

ജനതാ കർഫ്യൂമുതലാണ് പോലീസുകാർക്ക് റോഡിൽ ചെക്കിങ്ങിന് ജോലി നൽകിത്തുടങ്ങിയത്. ഇടുക്കി-എറണാകുളം അതിർത്തിയായ നേര്യമംഗലത്താണ് രണ്ട് എസ്.ഐ. ഉൾപ്പെടുന്ന പത്തുപേരുടെ സംഘം ജോലി ആരംഭിച്ചത്. ‘‘മലയോര മേഖലയിലായിരുന്നു ഡ്യൂട്ടി. ചില നേരങ്ങളിൽ ഭക്ഷണംപോലും കിട്ടാത്ത അവസ്ഥ. കനത്ത ചൂടും. ഏറെ കഷ്ടപ്പെട്ട ദിവസങ്ങളായിരുന്നു അത്. വളർത്തുമൃഗത്തിന് ഇണയെത്തേടിവരെ ആളുകൾ ദൂരയാത്ര നടത്താനെത്തിയിരുന്നു. സങ്കടവും ദേഷ്യവും തോന്നിയ സമയങ്ങളായിരുന്നു അത്’’ -അജി പറയുന്നു.

ബോർഡർ സീലിങ് എന്നാണ് ജോലിയെ വിശേഷിപ്പിച്ചിരുന്നത്. യാത്രക്കാരെ പരിശോധിക്കുക, അത്യാവശ്യമുള്ളവരെ മാത്രം കടത്തിവിടുക, അനുമതിയില്ലാത്ത സ്ഥലങ്ങളിൽ നിന്നുള്ളവരെ തിരിച്ചുവിടുക തുടങ്ങിയവയായിരുന്നു ജോലി. പശ്ചിമബംഗാളിൽ നിന്നുവരെ വണ്ടികളെത്തിയിരുന്നു. ‘‘കമ്യൂണിറ്റി കിച്ചണിൽനിന്ന് കിട്ടുന്ന ഭക്ഷണപ്പൊതിയാണ് ഞങ്ങൾക്ക് ലഭിച്ചത്. യാത്രക്കാർക്ക് പലപ്പോഴും ഈ ഭക്ഷണപ്പൊതി ആശ്വാസമായിട്ടുണ്ട്. പലപ്പോഴും ഞങ്ങൾ പട്ടിണിയായി. ഞങ്ങൾ കൊടുത്ത ഭക്ഷണപ്പൊതികളിൽ വിശപ്പടക്കിയവരുടെ പുഞ്ചിരികളായിരുന്നു ഞങ്ങൾക്ക് ശക്തി നൽകിയത്’’ -അദ്ദേഹം പറഞ്ഞു.

Salute the Hero

ജോലിക്കിടയിൽ സഹായമായി പലപ്പോഴും നാട്ടുകാരെത്തിയിരുന്നു. ‘‘ഞങ്ങളുടെ ഡ്യൂട്ടി പോയന്റിനടുത്ത് ഫ്ളക്‌സുകൊണ്ട് മറച്ച വീട്ടിലെ 80 വയസ്സുകാരി ജഗദമ്മ എന്ന മുത്തശ്ശി അദ്‌ഭുതമായിരുന്നു. നൈറ്റ് ഡ്യൂട്ടി സമയത്ത് വെളുപ്പിന് 3.30-യ്ക്ക് കൃത്യമായി അവർ കാപ്പി ഉണ്ടാക്കിത്തരുമായിരുന്നു. താളും ചീരയുമെല്ലാം ശേഖരിച്ച് ഉച്ചഭക്ഷണവും അവർ ഒരുക്കിത്തന്നു. ബോർഡർ ജോലി അവസാനിപ്പിച്ച് തിരികെ പോരുമ്പോൾ എന്നെ കെട്ടിപ്പിടിച്ചാണ് അവർ കരഞ്ഞത്, ഇന്നും അവരൊരു വിങ്ങലാണ്. അവരുടെ കഥ ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്തതുവഴി അവർക്കും അത്താണിയാകാൻ പലരുമെത്തിയെന്നത് ഏറെ സന്തോഷം നൽകി’’ -അജി പറഞ്ഞു.