ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കണമെന്ന് പറയാനാണ് പ്രേഷി ടീച്ചര്‍ കുട്ടികളെയെല്ലാം ഫോണില്‍ വിളിച്ചത്. പക്ഷേ, കുട്ടികള്‍ക്ക് പറയാനുണ്ടായിരുന്നത് മറ്റുചില കാര്യങ്ങളായിരുന്നു. ദാരിദ്ര്യം, വിശപ്പ്.
ടീച്ചര്‍ പിന്നെയൊന്നും ആലോച്ചില്ല. രണ്ടുമാസത്തെ ശമ്പളംകൊണ്ട് കുറെ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി. അവ പാക്കുചെയ്ത് സ്കൂളിനോടുചേര്‍ന്നുള്ള അങ്കണവാടിമുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന 110 കുട്ടികള്‍ക്കും നല്കി. ഇടുക്കിയിലെ ഇരട്ടയാര്‍ നാലുമുക്ക് ഗവ. ഹൈസ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അന്നം ഉറപ്പാക്കിയശേഷേമേ പ്രേഷി ടീച്ചര്‍ മറ്റുകാര്യങ്ങളെപ്പറ്റി ചിന്തിച്ചുള്ളൂ.
സ്വന്തം കുഞ്ഞുങ്ങളെപ്പോലെ
നാലുവര്‍ഷംമുമ്പാണ് പ്രേഷി സെല്‍കുര്യന്‍ ഇരട്ടയാര്‍ നാലുമുക്ക് സ്കൂളില്‍ എത്തുന്നത്. അമ്മയെപ്പോലെ ടീച്ചര്‍ കുട്ടികളോട് അടുത്തു. ഇപ്പോള്‍ പ്രഥമാധ്യാപികയുടെ ചാര്‍ജുമുണ്ട്. നിര്‍ധന കുടുംബത്തില്‍നിന്ന് വരുന്നവരാണ് സ്കൂളില്‍ അധികവും. അന്നന്ന് ജോലിചെയ്ത് അന്നം കണ്ടെത്തുന്ന കൂലിപ്പണിക്കാരുടെ മക്കള്‍. ലോക്ഡൗണ്‍ കാലത്ത് ഇവരുടെ കാര്യം കഷ്ടത്തിലായി. റേഷനും സര്‍ക്കാര്‍ നല്കിയ കിറ്റുമൊക്കെക്കൊണ്ടാണ് പിടിച്ചുനിന്നത്. അതും തീര്‍ന്നതോടെ പട്ടിണിയായെന്ന് അവര്‍ ടീച്ചറോട് പറഞ്ഞു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അഞ്ച് കിലോ അരി, പയര്‍, പഞ്ചസാര, തേയില, എണ്ണ എന്നിവ ഉള്‍പ്പടെ 14 ഇനങ്ങളുള്ള 110 കിറ്റുകള്‍ തയ്യാറാക്കി. സഹപ്രവര്‍ത്തകരുടെയും പഞ്ചായത്തംഗങ്ങളുടെയും സഹായത്തോടെ കുട്ടികളുടെ വീടുകളിലെത്തിച്ചു.
ഉത്തരേന്ത്യയിലും മറ്റും ആളുകള്‍ ഭക്ഷണത്തിനുവേണ്ടി മണിക്കൂറുകളോളം വരിനിന്ന വാര്‍ത്തകള്‍ ടീച്ചര്‍ വായിച്ചറിഞ്ഞിരുന്നു. ''എന്റെ കുട്ടികള്‍ക്ക് അങ്ങനെയൊരു അവസ്ഥയുണ്ടാകാതിരിക്കാന് എന്നാല്‍ കഴിയുന്നത് ചെയ്യണം. അത്രയേ കരുതിയുള്ളൂ'' -ടീച്ചര്‍ പറഞ്ഞു.
പ്രളയത്തിലും തണലായി
പ്രളയകാലത്തും പ്രേഷി ടീച്ചര്‍ കുട്ടികള്‍ക്ക് തണലായിരുന്നു. ദുരിതം നേരിട്ടവര്‍ക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും ഭക്ഷ്യകിറ്റുകളും എത്തിച്ചുനല്‍കി. വീട് തകര്‍ന്ന കുട്ടികള്‍ക്ക് തന്നാല്‍ കഴിയുന്ന സാമ്പത്തിക സഹായവും. സുമനസ്സുകളുടെ സഹായത്തോടുകൂടി വാഴവര എസ്.ടി. കോളനിയിലെ കുട്ടികള്‍ക്കും സഹായങ്ങള്‍ എത്തിച്ചു.
കുടുംബമാണ് ബലം
''പണിക്കന്‍കുടി സ്കൂളിലെ അധ്യാപകനും കൗണ്‍സിലറുമായ ഭര്‍ത്താവ് ലെനിനും മക്കളായ അഗേറ്റും തെന്നലും ഇതളും എല്ലാ കാര്യത്തിലും കൂടെയുണ്ട്. അതാണെന്റെ ശക്തി'' -ടീച്ചര്‍ പറയുന്നു.
Content Highlights: Salute the Hero, Kerala teacher feed their school children during Covid19, Corona Virus outbreak
Disclaimer: Facebook has partnered with Mathrubhumi for this series but has not exerted any editorial control over this story