ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍, വിഷരഹിത ഭക്ഷണം, പാവങ്ങളെ സഹായിക്കാന്‍ വരുമാനം. ഇതിനെല്ലാമുള്ള പോംവഴിയായാണ് സുല്‍ത്താന്‍ബത്തേരി മലവയലിലെ ഒരുകൂട്ടം യുവാക്കള്‍ കൃഷി തുടങ്ങിയത്. നാളേക്കൊരു കരുതലായി മണ്ണില്‍ വിതയ്ക്കുകയാണ് അവര്‍.

മലവയല്‍ പ്രദേശത്തെ യുവാക്കളുടെ വാട്‌സാപ്പ് കൂട്ടായ്മയായ 'ഒരുമ' ലോക്ഡൗണ്‍ സമയത്ത് നാട്ടുകാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. പലയിടത്തുനിന്നായി ശേഖരിച്ച 24 ക്വിന്റല്‍ പച്ചക്കറി ഇവര്‍ വിതരണം ചെയ്തു. 200-ഓളം പേര്‍ക്ക് ഭക്ഷ്യകിറ്റും നല്‍കി.

ഈ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് പ്രചോദനമായി; വീണ്ടും സേവനത്തിനിറങ്ങാന്‍. ഇതിനായി കൃഷി ചെയ്യാമെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതിന്റെ കാരണം മറ്റൊന്നുമല്ല; ഒട്ടേറെ കൂലിപ്പണിക്കാര്‍ക്ക് തൊഴില്‍ നല്‍കാനാകും. ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിറ്റുള്ള വരുമാനം പാവപ്പെട്ടവരെ സഹായിക്കാനും ഉപയോഗിക്കാം.Salute the Hero

'നാടിനൊരു കൈത്താങ്ങ്' എന്ന ആശയവുമായി നിലമൊരുങ്ങിയപ്പോള്‍ നാടും ഒപ്പം ചേര്‍ന്നു. പ്രദേശത്തെ തരിശുഭൂമികള്‍ ഏറ്റെടുത്ത് കൃഷി ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍, യുവാക്കളുടെ ലക്ഷ്യം തിരിച്ചറിഞ്ഞതോടെ പലരും സഹായവുമായെത്തി. കൃഷി ചെയ്യുന്നതിനായി പത്തുസെന്റ് മുതല്‍ അഞ്ചേക്കര്‍ സ്ഥലംവരെ വിട്ടുനല്‍കിയവരുണ്ട്. ഇങ്ങനെ എട്ടേക്കറോളം സ്ഥലം കിട്ടി. ഒപ്പം വളവും വിത്തുകളും കൃഷിയിറക്കാനായി സാമ്പത്തികസഹായങ്ങളും.

നിലവില്‍ ഒന്നരയേക്കറോളം സ്ഥലത്ത് ഇഞ്ചിയും ചേനയും നട്ടുകഴിഞ്ഞു. മറ്റ് പച്ചക്കറികള്‍ക്കും നെല്ലിനുമുള്ള നിലമൊരുക്കിവരുകയാണ്. ഇരുനൂറോളം പേരാണ് കൂട്ടായ്മയിലുള്ളത്. പ്രദേശത്തെ മുതിര്‍ന്ന പൗരന്‍മാര്‍ രക്ഷാധികാരികളായി, ഫൈസല്‍ മലവയല്‍, കെ.പി. കിഷോര്‍, റിജോഷ് ബേബി, വി.ജെ. ഷാജഹാന്‍, ഇന്‍ഷാദ് ഉപ്പള എന്നിവരടങ്ങിയ കമ്മിറ്റിയാണ് നേതൃത്വം.

Content Highlights: Organic farming by a team or Youths at Sultan Bathery Malavayal during Covid10 CoronaVirus Lockdown, Health

Disclaimer: Facebook has partnered with Mathrubhumi for this  series but has not exerted any editorial control over this story