കാഞ്ഞങ്ങാട്: ഞായറാഴ്ചരാവിലെ അണിഞ്ഞൊരുങ്ങി കല്യാണപ്പന്തലിൽ ഇറങ്ങേണ്ടതായിരുന്നു അവൾ. പക്ഷേ, പി.പി.ഇ. കിറ്റ് ധരിച്ച് ഐസൊലേഷൻ വാർഡിൽ കോവിഡ് രോഗിയുടെ പരിചരണത്തിനാണു പോയത്. വരൻ തൊട്ടപ്പുറം തന്നെയുണ്ടായിരുന്നു; കോവിഡ് സെല്ലിൽ പണിത്തിരക്കിൽ.

അടുത്തടുത്ത കെട്ടിടത്തിലാണെങ്കിലും വിവാഹം നടക്കേണ്ട ദിവസംപോലും പരസ്പരം കാണാനായില്ല ഇരുവർക്കും. ഫോണിൽ അവൻ ആശ്വസിപ്പിച്ചു -‘‘ഈ കാലവും കടന്നുപോകും.’’ അവളുടെ മറുപടി -‘‘ആ നല്ല സമയത്തിനായി നമുക്കു കാത്തിരിക്കാം.’’

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ജോലിചെയ്യുന്ന നഴ്‌സ് ശ്വേതയും ജില്ലാ മെഡിക്കൽ ഓഫീസിലെ കോവിഡ് സെല്ലിൽ ജോലിചെയ്യുന്ന പ്രജിത്തുമാണ് ഈ ‘വധൂവര’ന്മാർ. ഞായറാഴ്ചയാണ് ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. കാഞ്ഞങ്ങാടിന്റെ കിഴക്കൻ മലയോര ഗ്രാമമായ പുങ്ങംചാലിലെ ടി.പി. പ്രസന്നന്റെയും സുലോചയുടെയും മകനാണ് പ്രജിത്ത്. കാസർകോട് ഇരിയണ്ണിയിലെ ബേപ്പ് ഗ്രാമത്തിലെ കെ. മാധവൻനായരുടെയും പി. ശ്യാമളയുടെയും മകളാണ് ശ്വേത.

സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഡേ കെയർ സെന്ററിൽ നഴ്‌സായ ശ്വേതയ്ക്ക് കോവിഡ് വാർഡിൽ ജോലിനൽകുകയായിരുന്നു. മാനസികാരോഗ്യ വകുപ്പിൽ പ്രോജക്ട് മാനേജരായ പ്രജിത്ത് കോവിഡ് സെൽ ഡ്യൂട്ടിയിലെത്തിയതും ഒരുമാസം മുമ്പാണ്. നവംബർ 24-നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്താനായിരുന്നു തീരുമാനം.

ക്ഷണക്കത്ത് അടിച്ചുകിട്ടിയതിന്റെ പിറ്റേന്ന് ലോക്ഡൗണായി. അതോടെ വിവാഹം മാറ്റി. തീയതി പിന്നീടു തീരുമാനിക്കും. വിവാഹം കഴിക്കേണ്ടവർ അപ്പുറത്തും ഇപ്പുറത്തുമായി കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ ആണെന്നറിഞ്ഞപ്പോൾ ആശംസകൾ എത്തിത്തുടങ്ങി. ശ്വേതയ്ക്ക് ഫോണിലൂടെയും പ്രജിത്തിന് നേരിട്ടും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ആശംസ നേർന്നു.

Content Highlights: nurse swetha and medical officer prajith works in covid ward on their wedding day