കോഴിക്കോട്: കാറ്റുംകോളുമുള്ള കാലവര്‍ഷമെന്നോ തണുത്ത് വിറങ്ങലിക്കുന്ന മഞ്ഞുകാലമെന്നോ വ്യതാസമില്ലാതെ നേരം പുലരുംമുമ്പ് തൊഴിലിനിറങ്ങുന്ന ഒരു വിഭാഗമുണ്ട്. നാട് ഏത് ആഘോഷത്തിമിര്‍പ്പിലാണെങ്കിലും വീട്ടുകാര്‍ ഏതെങ്കിലും യാത്രകളിലാണെങ്കിലും പരിചയക്കാരുടെ വീട്ടില്‍ വേര്‍പാടോ വിശേഷമോ ഉണ്ടെങ്കിലോ അവിടങ്ങളില്‍ തങ്ങാനാകാതെ നിത്യേന പുലര്‍ച്ചെ തെരുവുകളില്‍ കര്‍മനിരതരാകുന്നവര്‍. പത്രഏജന്റുമാരും പത്രവിതരണക്കാരും.

വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കുകള്‍ സാമൂഹികമാധ്യമങ്ങളിലും ഉത്തരവാദിത്വമില്ലാത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുമ്പോള്‍ സത്യവാര്‍ത്തകളുടെ വാഹകരായി നടന്നും സൈക്കിള്‍ ചവിട്ടിയും വീടുവീടാന്തരം നാട് ഉണരുംമുമ്പ് എത്തുന്നവര്‍. സ്വന്തം പ്രശ്‌നങ്ങള്‍പോലും കണക്കിലെടുക്കാതെ പത്രങ്ങള്‍ ചൂടോടെ നമ്മുടെ വീടുകളില്‍ അവരെത്തിക്കുന്ന ആ പ്രവൃത്തിയും ഒരു ഹീറോയിസം തന്നെ.salute the heros

മഹാമാരിയായി കൊറോണ നമ്മുടെ നാട്ടിലും എത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും പോലീസും അഗ്‌നിരക്ഷാ സേനയും ഭരണകൂടവുമെല്ലാം കൈകോര്‍ത്തപ്പോള്‍ സത്യവാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമം വന്‍കൈയടി അര്‍ഹിക്കുന്നു.

കൊറോണഭീതിയില്‍ നാട് ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നതിനിടെ പ്രചരിച്ച വ്യാജവാര്‍ത്തകള്‍ ഒരു ഘട്ടത്തില്‍ പത്രവിതരണക്കാരെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാല്‍, വസ്തുത അവര്‍ തിരിച്ചറിഞ്ഞതോടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള 1.2 ലക്ഷത്തോളം പത്രവിതരണക്കാര്‍ ഒറ്റക്കെട്ടായി വീണ്ടും വീടുകളിലേക്ക് പത്രങ്ങളുമായെത്തി.

പൂര്‍ണമായി യന്ത്രവത്കൃത സംവിധാനത്തില്‍ തയ്യാറാക്കപ്പെടുന്ന ദിനപത്രങ്ങള്‍ വീടുകളിലേക്ക് എത്തിക്കാന്‍ വിതരണക്കാര്‍ കൈയുറകള്‍കൂടി ഉപയോഗിക്കുന്നു. വിജനമായ വഴികളിലൂടെ തെരുവുനായ്ക്കളെ ഉള്‍പ്പെടെ അവഗണിച്ചാണ് ഇവരുടെ യാത്ര. സത്യം ജനങ്ങളിലെത്തിക്കാനുള്ള വേറിട്ട ശ്രമം. പത്രവിതരണം തടയുന്നത് കര്‍ശനമായി നേരിടുമെന്ന സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപനം ഇവര്‍ക്ക് തുണയായിട്ടുണ്ട്. തുടക്കത്തില്‍ ചില കേന്ദ്രങ്ങള്‍ തെറ്റിദ്ധാരണയുടെ പേരില്‍ പത്രവിതരണം തടസ്സപ്പെടുത്താന്‍ നടത്തിയ നീക്കം, നടപടി സ്വീകരിക്കുമെന്ന ഡി.ജി.പി.യുടെ പ്രഖ്യാപനം വന്നതോടെ ഇല്ലാതായി. ''ശുദ്ധമായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമല്ലേ, ഇക്കാലത്ത് അല്പം റിസ്‌ക് ഉണ്ടാവും. നമ്മുടെ നാടിനുവേണ്ടിയുള്ളതിനാല്‍ ഞങ്ങളത് സന്തോഷപൂര്‍വം ചെയ്യുന്നു.'' -ഏജന്റുമാരും വിതരണക്കാരും പറയുന്നു.

ഏപ്രില്‍ ഒന്നിന്, വിഡ്ഢിദിനത്തിന്റെ മറവില്‍ വ്യാജവാര്‍ത്തകള്‍ വീണ്ടുമെത്തുമ്പോള്‍ പത്രവിതരണ സമൂഹം കൂടുതല്‍ ജാഗ്രതയിലാണ്. യഥാര്‍ഥ വാര്‍ത്തകള്‍ പേറുന്ന ദിനപത്രങ്ങള്‍ നാട്ടുകാരിലെത്തിച്ച് വ്യാജവാര്‍ത്തകളോടു പൊരുതാന്‍ കരുത്തേകുന്ന ഉദ്യമവും അവര്‍ സ്വയമേല്‍ക്കുന്നു. 25 മുതല്‍ ആയിരം വരെ കോപ്പികള്‍ ദിവസം വിതരണം ചെയ്യുന്നവര്‍ വരെയുണ്ട്. കൈയുറയും സാനിറ്റൈസറുകളുമുപയോഗിച്ച്, രോഗപ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ച് ഇവര്‍ സമൂഹത്തിനു മാതൃകയാകുന്നു.

content Highlight: Newspaper distributors in the Corona period