salute the herosതിരുവനന്തപുരം: വൈറസ് എന്ന സിനിമയില്‍ ജോജു ജോസഫ് അവതരിപ്പിച്ച ഐസൊലേഷന്‍ വാര്‍ഡിലെ ജീവനക്കാരനായ കഥാപാത്രത്തെ അധികമാരും മറക്കില്ല. വീട്ടില്‍പോലും പോകാതെ മൃതദേഹങ്ങള്‍ ചുമന്നുമാറ്റി, ഡോക്ടര്‍മാര്‍ക്കൊപ്പം വാര്‍ഡില്‍ ജോലിചെയ്ത താത്കാലിക ജീവനക്കാരനായ ആ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരാള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലുണ്ട്. കൊറോണ ഐസൊലേഷന്‍ ഒ.പി.യിലും വാര്‍ഡിലും ജോലി ചെയ്യുന്ന ബി. പ്രശാന്ത്. അദ്ദേഹം വിശ്രമിച്ചിട്ട് 20 ദിവസമായി. ഡോക്ടറടക്കം മറ്റ് ജീവനക്കാരുടെ അധ്വാനത്തിനൊപ്പം രാത്രിയും പകലും നില്‍ക്കുന്ന പ്രശാന്തിന് ഈ ജോലി ഒരു നിഷ്‌കാമകര്‍മമാണ്.

കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ ടി.സി. 12 /992 ല്‍ ബി. പ്രശാന്ത് മൂന്നു കൊല്ലം മുന്‍പാണ് ആരോഗ്യവകുപ്പില്‍ ഗ്രേഡ് രണ്ട് താത്കാലിക ജീവനക്കാരനായത്. അതിനു മുമ്പ് ഓട്ടോ ഡ്രൈവറായിരുന്നു. ജനുവരി 28 മുതല്‍ ജനറല്‍ ആശുപത്രിയില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡ് തുറന്നപ്പോള്‍ ആ സംഘത്തില്‍ ചേരാന്‍ പ്രശാന്ത് സ്വയം തീരുമാനിക്കുകയായിരുന്നു. തുടക്കത്തിലെ ഏഴു മണിക്കൂര്‍ ഡ്യൂട്ടി പിന്നീട് രാപകല്‍ ഭേദമില്ലാത്ത വിധമായി.

രോഗിയുടെ സ്രവം മെഡിക്കല്‍ കോളേജിലേക്കും ആലപ്പുഴയിലേക്കും പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ ചിലര്‍ മടിച്ചപ്പോള്‍ പ്രശാന്ത് മുന്നോട്ടുവന്നു. രോഗികളുടെ മുറി വൃത്തിയാക്കാനും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയാനും ആഹാരമെത്തിക്കാനും പ്രയത്‌നിക്കുകയാണ് പ്രശാന്ത്. അവരുടെ ആത്മാര്‍പ്പണത്തിന് തന്നാലായ സഹായമാണ് ചെയ്യുന്നതെന്ന് പ്രശാന്ത് പറയുന്നു. എസ്. പ്രശാന്ത്, സതീഷ് എന്നീ ഗ്രേഡ് 2 ജീവനക്കാരും പ്രശാന്തിനൊപ്പം വാര്‍ഡില്‍ കര്‍മനിരതരായുണ്ട്. തുച്ഛ വരുമാനക്കാരനാണ് പ്രശാന്ത്. ഭാര്യ ജീബ ബ്യൂട്ടി അഡൈ്വസറാണ്. വിദ്യാര്‍ഥികളായ അഞ്ജലി, ആരഭി എന്നിവര്‍ മക്കളും.

സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി ?കൊറോണ ബാധിതരെ പരിചരിക്കുകയും ഈ വിപത്തിനെതിരേ പോരാടുകയും ചെയ്യുന്ന നമ്മുടെ നാടിന്റെ ഹീറോസിനെ നിങ്ങള്‍ക്കറിയാമോ? എങ്കില്‍ അവരുടെ വിവരങ്ങള്‍ മെയില്‍ ചെയ്യൂ... centraldeskmbi@gmail.com

Content Highlight: Mathrubhumi salute the heroes campaign story of prashanth