മലപ്പുറം: കോവിഡ്കാലത്തെ സേവനചിത്രങ്ങളിൽ ഒട്ടേറെ സ്നേഹമുഖങ്ങളും പേരുകളും നമ്മൾകണ്ടു. അക്കൂട്ടത്തിൽ എവിടെയെങ്കിലും ഈ നീലപ്പട്ടാളത്തിന്റെ പേര് കേട്ടിട്ടുണ്ടോ..? ഉണ്ടാവാനിടയില്ല, അതിന് നിന്നുതരാൻ അവർക്ക് സമയമില്ല.

മറ്റു ദുരന്തമേഖലകളിലെന്നപോലെ കോവിഡ് പ്രതിരോധരംഗത്തും ഒരു അദ്‌ഭുതമായിരുന്നു മലപ്പുറത്തെ നീലപ്പട്ടാളമായ ട്രോമാകെയർ പ്രസ്ഥാനം. സംസ്ഥാനത്ത് ആദ്യ കോവിഡ് റിപ്പോർട്ടുചെയ്ത അന്നുമുതൽ രംഗത്തിറങ്ങിയവർ. ജില്ലയിൽ ആദ്യ കോവിഡ് റിപ്പോർട്ടുചെയ്ത മാർച്ച് 15-മുതൽ വിശ്രമമുണ്ടായിട്ടില്ല. രപകലില്ലാതെ രണ്ടുമാസം ആയിരത്തഞ്ഞൂറോളം സന്നദ്ധഭടൻമാർ അരയുംതലയും മുറുക്കി പണിയിൽ.

salute the heroesജോലിയുടെ ഭാഗമായി ജീവനക്കാർ അവരുടെ ബാധ്യത നിർവഹിക്കുമ്പോൾ അത്തരം ഒരു ബാധ്യതയുമില്ലെങ്കിലും എല്ലായിടത്തും അവർ മുന്നിലിറങ്ങി. ഭാര്യയെയും കുട്ടികളെയും അവരുടെ വീടുകളിലാക്കി, സ്വന്തംവാഹനത്തിൽ സ്വന്തംപണമെടുത്ത് എണ്ണയടിച്ച് എന്തിനുംതയ്യാറായി ഇറങ്ങുന്ന ഒരുകൂട്ടം ചെറുപ്പക്കാർ. ആർക്കും സ്വന്തംമുഖങ്ങളില്ല, താത്പര്യങ്ങളില്ല. കൂടുതലും കൂലിത്തൊഴിലാളികൾ, ഡ്രൈവർമാർ, മറ്റു ചെറുകിടജോലികൾ ചെയ്യുന്നവർ. ഇവരിൽ സ്ത്രീകളും പുരുഷൻമാരുമുണ്ട്. എല്ലാ പണികളും മാറ്റിവെച്ച് ഒരു പ്രതിഫലവുമാഗ്രഹിക്കാതെ നാടിനുവേണ്ടി ഇറങ്ങുന്ന ഇവരല്ലേ യഥാർഥ പട്ടാളക്കാർ.

തുടക്കത്തിൽ ബോധവത്കരണ നോട്ടീസ് വിതരണമായിരുന്നു ട്രോമാകെയറിന്റെ പ്രധാന പ്രവർത്തനം. രോഗം റിപ്പോർട്ടുചെയ്തതോടെ രോഗബാധിതമേഖല കേന്ദ്രീകരിച്ചായി പ്രവർത്തനം. ലോക്ഡൗൺ തുടങ്ങിയപ്പോൾ പോലീസിനോടൊപ്പം രാവും പകലും ട്രാഫിക്നിയന്ത്രണം. ആരോഗ്യവകുപ്പിന്റെ കീഴിൽ ജില്ലാ അതിർത്തിയിലെത്തുന്നവരുടെ ആരോഗ്യപരിശോധന. പിന്നെ മരുന്നുവിതരണം, രക്തദാനം പോലെയുള്ള സേവനം.

അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരെ കളക്ടറുടെ അനുമതിയോടെ നാട്ടിലേക്ക് കൊണ്ടുവന്നത് ഇവരാണ്. പൊതുസ്ഥലങ്ങളെല്ലാം അണുനശീകരണം നടത്തി. പരീക്ഷയ്ക്കുവേണ്ടി സ്കൂളുകൾ അണുവിമുക്തമാക്കി. റോഡിലും മറ്റിടങ്ങളിലും പണിയെടുക്കുന്ന പോലീസുകാർക്ക് ഭക്ഷണമെത്തിച്ചു. കമ്യൂണിറ്റി കിച്ചണിലും സജീവമായി.

കോവിഡ് കെയർസെന്ററിലെ സേവനമാണ് എടുത്തുപറയേണ്ടത്. ഓരോദിവസവും ഫലം പോസിറ്റീവാകുന്നവരുള്ള കെയർസെന്ററുകളിലെല്ലാം ട്രോമാകെയർ ഭടൻമാരാണ് സേവനം നടത്തുന്നത്. രോഗികളോട് സംസാരിക്കുന്നു, അവർക്ക് ഭക്ഷണംനൽകുന്നു, അവർപോയാൽ സെന്ററുകൾ വൃത്തിയാക്കുന്നു. കീഴാറ്റൂരിലെ കെയർസെന്ററിലെ ബെഡ്ഷീറ്റുകൾവരെ അലക്കി വൃത്തിയാക്കിക്കൊടുത്തത് ഇവരാണ്. ഏറ്റവും അപകടംപിടിച്ച മേഖലയിൽ കാര്യമായ ഒരു സുരക്ഷയുമില്ലാതെ, ഒരു ആരോഗ്യ ഇൻഷുറൻസ് പോലുമില്ലാതെ ദിവസവും അഞ്ഞൂറു സന്നദ്ധഭടൻമാരെങ്കിലും നിരന്തരം പണിയെടുക്കുന്നു. ഇതിന് ട്രോമാകെയർ വൊളന്റിയർമാരെയല്ലാതെ വേറെ ആരെക്കിട്ടും. സൗകര്യങ്ങളെല്ലാം വേണ്ടെന്നുവെച്ച് സ്വന്തംകുടുംബത്തിൽ നിന്നകന്ന് സേവനംചെയ്യാൻ മനസ്സുകാണിക്കുന്ന ഇവരല്ലേ യഥാർഥ ഹീറോസ്..?