കോഴിക്കോട് സിറ്റി പോലീസ് കണ്‍ട്രോള്‍റൂമിലെ പോലീസുകാരന്‍ വിജേഷിന്റെ വരവുംകാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെപ്പേരുണ്ട് വടകരയില്‍. ലോക്ഡൗണ്‍ തുടങ്ങിയതോടെ അപൂര്‍വമരുന്നുകള്‍ ആവശ്യക്കാര്‍ക്ക് കോഴിക്കോട്ടുനിന്ന് വടകരയിലെത്തിക്കുന്നത് വിജേഷാണ്.

രണ്ടുദിവസം കൂടുമ്പോഴാണ് വടകര മേമുണ്ട സ്വദേശിയായ പുത്തന്‍പുരക്കല്‍ വിജേഷ് നാട്ടിലേക്ക് വരുന്നത്. വരുമ്പോള്‍ കയ്യില്‍ ഒട്ടേറെപ്പേരുടെ ജീവന്‍ കാക്കുന്ന മരുന്നുകളുണ്ടാകും. അത് ആവശ്യക്കാരുടെ കൈകളില്‍ എത്തിച്ച ശേഷമേ വിജേഷിന് വിശ്രമമുള്ളൂ.

എട്ടുദിവസത്തിനിടെ ഒരുലക്ഷത്തോളം രൂപയുടെ മരുന്ന് വിജേഷ് വടകര, പണിക്കോട്ടി, കൂട്ടങ്ങാരം,ആയഞ്ചേരി, മേമുണ്ട തുടങ്ങിയ പ്രദേശങ്ങളിലെത്തിച്ചു. വ്യാഴാഴ്ച കൈവശം 30,000 രൂപയുടെ മരുന്നുണ്ട്. വെള്ളിയാഴ്ച നാട്ടില്‍പോകുമ്പോള്‍ ഇത് കൊണ്ടുപോകും.

ലോക്ഡൗണ്‍ തുടങ്ങിയതിന്റെ പിറ്റേന്ന് പണിക്കോട്ടിയിലെ ഒരാളാണ് ആദ്യമായി ഒരു മരുന്നുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്. ഇത് കോഴിക്കോട് മാത്രം കിട്ടുന്ന മരുന്നാണ്. ഇത്തരത്തില്‍ ഒട്ടേറെപ്പേര്‍ മരുന്നിനായി കോഴിക്കോടിനെ ആശ്രയിക്കാറുണ്ടെന്ന് മനസ്സിലാക്കിയ വിജേഷ് ജനനയന പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ ഭാരവാഹി പി.പി. ചന്ദ്രനോട് ഇക്കാര്യം സൂചിപ്പിച്ചു. ആരെങ്കിലുമുണ്ടെങ്കില്‍ താന്‍ മരുന്ന് എത്തിച്ചുനല്‍കുമെന്നും വ്യക്തമാക്കി. ഇദ്ദേഹം ഇക്കാര്യം വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റുചെയ്തു. ഈ സന്ദേശവും വിജേഷിന്റെ നമ്പറും പല ഗ്രൂപ്പുകളിലും പ്രചരിച്ചു. ഇതോടെ പലരും വിജേഷിനെ വിളിക്കാന്‍തുടങ്ങി. വാട്സാപ്പ് വഴിയാണ് ഡോക്ടറുടെ കുറിപ്പടി പലരും അയക്കുന്നത്. പണം ചിലര്‍ ഗൂഗിള്‍പേ വഴി അയക്കും.

police
പി.പി. വിജേഷ്‌

അല്ലാത്തവരുടെ മരുന്നുകള്‍ വിജേഷ് തന്നെ സ്വന്തംപണം കൊണ്ടുവാങ്ങും. ആവശ്യക്കാര്‍ പണം വിജേഷിന്റെ വീട്ടിലെത്തിക്കും, അല്ലെങ്കില്‍ മരുന്നുകൊടുക്കുമ്പോള്‍ നല്‍കും.

അര്‍ബുദം, ഹൃദ്രോഗം, മാനസികരോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് കൂടുതലും. മെഡിക്കല്‍കോളേജ് ആശുപത്രി പരിസരത്തുപോയാണ് വിജേഷ് മരുന്ന് വാങ്ങുക. ചിലത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. പോലീസ് ക്വാര്‍ട്ടേഴ്സിലെ സഹപ്രവര്‍ത്തകരുടെ ഫ്രിഡ്ജില്‍ ഇത് സൂക്ഷിക്കും.

കോഴിക്കോട്ടുനിന്ന് ഐസ് ബോക്സിലിട്ടാണ് മറ്റു പോലീസുകാരുടെ കാറിലും ബൈക്കിലുമായി വിജേഷ് ഇവ നാട്ടിലെത്തിക്കുന്നത്. കൊറോണ പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാറിന് താങ്ങേകാനും വിജേഷ് രംഗത്തുണ്ട്. വിജേഷും എല്‍.ഡി ക്ലാര്‍ക്കായ ഭാര്യയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ സന്നദ്ധരായിട്ടുണ്ട്.

Content Highlights: Kozhikode Policeman distributing emergency medicines for patients