''കൊറോണബാധ തുടങ്ങിയിട്ട് വീട്ടിലേക്കു പോയിട്ടില്ല. വീട്ടില്‍ കുട്ടികളൊക്കെയുള്ളതുകൊണ്ട് ഒരു മടി. പിന്നെ നല്ല പണിത്തിരക്കുള്ള സമയമാണ്. ഒന്നു സമാധാനമായിട്ടുവേണം വീട്ടിലേക്കുപോകാന്‍'' -ഒരു അഗ്‌നിരക്ഷാ ജീവനക്കാരന്റെ വാക്കുകളാണിത്. സംസ്ഥാനമൊട്ടാകെ രാവും പകലുമില്ലാത്ത ഓട്ടത്തിലാണിവര്‍.

കൊറോണ വ്യാപനത്തെ ചെറുക്കാന്‍ അവരും തങ്ങളാലാവുന്നതു ചെയ്യുന്നു. പൊതുയിടങ്ങളില്‍ അണുനാശിനി തളിച്ച് ശുചീകരിക്കലാണ് എല്ലാ ജില്ലകളിലും അവര്‍ പ്രധാനമായും ചെയ്യുന്നത്. ആശുപത്രികള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ക്വാറന്റൈന്‍ മേഖലകള്‍, എ.ടി.എം. കേന്ദ്രങ്ങള്‍, മാര്‍ക്കറ്റ്, ഗോഡൗണുകള്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പൊതുയിടങ്ങളുടെ ശുചീകരണം തുടങ്ങിയവ ഇതില്‍പ്പെടും.

സോഡിയം ഹൈപ്പോ ക്ലോറൈഡ് നേര്‍പ്പിച്ചാണ് അണുനാശിനിയാക്കുന്നത്. ഇത് ദേഹത്തുവീണാല്‍ അസ്വസ്ഥതയുണ്ടാകും. കടുത്ത ഗന്ധവുമാണ്. സുരക്ഷാവസ്ത്രം ധരിച്ചേ ചെയ്യാനാവൂ.

മരുന്നും ഭക്ഷണവും

ഒറ്റപ്പെട്ട് താമസിക്കുന്ന വൃദ്ധജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചുകൊടുക്കുന്നതും ആവശ്യമായ ജീവന്‍രക്ഷാ മരുന്നുകള്‍ സമയബന്ധിതമായി എത്തിക്കുന്നതും സേനാംഗങ്ങളാണ്. ഇതിനും ആംബുലന്‍സ് സേവനത്തിനുമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഏകോപനത്തിനായി തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂമുണ്ട്. പൊതുജനങ്ങള്‍ക്ക് 101-ല്‍ വിളിക്കാം. സമൂഹ അടുക്കളയിലെ ഭക്ഷണവിതരണം, അതിഥിതൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്കരണം, വൊളന്റിയര്‍മാരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ അങ്ങനെ നീളുന്നു അഗ്‌നിരക്ഷാ ജീവനക്കാരന്റെ ഒരു ദിനം. ഓരോ ജില്ലകളിലും മുന്നൂറിലധികം കോളുകളാണ് സഹായമാവശ്യപ്പെട്ട് വരുന്നത്.

Content Highlights: Kerala Fire Force on Covid19