കോഴിക്കോട് : കേരളത്തിലെ ജനമൈത്രി പോലീസിനെ പ്രശംസകൊണ്ട് ചൊരിയുകയാണ് കോഴിക്കോട് സ്വദേശിയും ദുബായിലെ ബാങ്ക് ഉദ്യോഗസ്ഥനുമായ ആനന്ദ് രാമസ്വാമി. അമ്മയുടെ മരണാനന്തര ക്രിയകൾക്ക് അത്യാവശ്യമുള്ള സാധനങ്ങൾ കിട്ടാൻ എല്ലാവഴിയും അടഞ്ഞപ്പോൾ സഹായത്തിനെത്തിയത് കസബ ജനമൈത്രി പോലീസാണ്.

ആനന്ദിന്റെ അമ്മ ഗീതാ നാരായണൻ മാർച്ച് 15-നാണ് മരിച്ചത്. പിറ്റേന്ന് രാവിലെ 7.45-ന് ആനന്ദും സഹോദരൻ സൂര്യനാരായണനും കുടുംബസമേതം കോഴിക്കോട് വിമാനമിറങ്ങി. വിദേശത്തുനിന്നുള്ളവർ വീട്ടിൽത്തന്നെ കഴിയണമെന്ന് നിർദേശമുള്ളതിനാൽ മരണാനന്തരച്ചടങ്ങുകൾക്കുള്ള സാധനങ്ങൾ ലഭിക്കാൻ പ്രയാസമായി. 13 ദിവസത്തേക്ക് പ്രത്യേക ചടങ്ങുകൾ നടത്തേണ്ടതുണ്ട്. പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടകളിലും മറ്റും ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല.

ഇതിനിടെയാണ് ദിവസവും ഫോൺവിളിച്ച് ആവശ്യങ്ങൾ തിരക്കുന്ന ജനമൈത്രി പോലീസിനോട് സങ്കടം പറഞ്ഞത്. സാധനങ്ങൾ വീട്ടിലെത്തിക്കാൻ പോലീസും ചില കടക്കാരോട് പറഞ്ഞെങ്കിലും അവർ തയ്യാറായില്ല. സാധനങ്ങൾ വാങ്ങി ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.ടി. നിറാസും യു.പി. ഉമേഷും ഓട്ടോ വിളിച്ചെങ്കിലും അവർ തലയൂരി.

പോലീസുകാർ മടിച്ചില്ല. ബൈക്കിൽ ഓല, കുരുത്തോല, തെങ്ങിൻപൂക്കുല, പൂജാ സാധനങ്ങൾ, പുഷ്പങ്ങൾ എന്നിവയൊക്കെയായി ചാലപ്പുറം ഗണപത് ഗേൾസ് ഹൈസ്‌കൂളിനു സമീപമുള്ള പ്രശാന്തിയെന്ന വീട്ടിലെത്തി; മുഖാവരണം ഉണ്ടെന്നതിന്റെമാത്രം ധൈര്യത്തിൽ. വാക്കുകളിലൊതുക്കാനാവാത്ത സന്തോഷത്തോടെയാണ് ആനന്ദ് രാമസ്വാമി ഈ അസാധാരണസഹായം സ്വീകരിച്ചത്.

29 വരെ സമ്പർക്കവിലക്കാണ്. അതിനുമുമ്പേ പുറംലോകത്തെ ഇക്കാര്യം അറിയിക്കണമെന്നു കരുതിയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. സാധനങ്ങളുമായി പോകുമ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. ഇത് ഫോട്ടോയിൽ പകർത്തിയതും ശ്രദ്ധയിൽപ്പെട്ടില്ല. ഇത്തരം സഹായങ്ങൾ തുടർന്നും ചെയ്യാൻ സന്തോഷമേയുള്ളൂവെന്ന് ബീറ്റ് ഓഫീസർ നിറാസ് പറഞ്ഞു.

50 വീടുകളിലായി 64 പേരാണ് കസബ ജനമൈത്രി പോലീസിന്റെ നിർദേശപ്രകാരം നിരീക്ഷണത്തിൽ കഴിയുന്നത്. മാങ്കാവിൽ ഒരാൾ വിലക്ക് വകവെക്കാതെ വീടിനുപുറത്തിറങ്ങി നടന്നു. അത്ര മൈത്രി ഭാവത്തിലല്ലാതെ വെള്ളിയാഴ്ച പോലീസിന് ഇയാളെ താക്കീതുചെയ്ത് വീട്ടിലേക്ക് അയക്കേണ്ടിവന്നു. ഇനി ആവർത്തിച്ചാൽ കർശനനടപടിയുമെടുക്കും.