വീട്ടില്‍ കുഞ്ഞുമക്കള്‍ കാത്തിരിക്കുന്നുണ്ട്. അവരെ കാണുന്നത് വീഡിയോ കോളിലൂടെയാണ്. ഒരു മാസത്തിലധികമായി ഇതാണ് സ്ഥിതി. ഉപജീവന മാര്‍ഗമായ സ്വന്തം ജോലികള്‍ മാറ്റിവെച്ചിട്ടാണ് ഈ സന്നദ്ധ സേവനം ഇവര്‍ ചെയ്യുന്നത്. ജോലിയും ജീവനും മറന്നാണ് പോരാട്ടം. 'ഞങ്ങളുടെ അടുത്ത് വരാന്‍ പോലും പലര്‍ക്കും പേടിയാണ്. എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. ഈമഹാമാരിയെ തുരത്താന്‍ ഞങ്ങള്‍ക്ക് കഴിയാവുന്നതെല്ലാം ചെയ്യും.'- കണിച്ചുകുളങ്ങരയിലെ കോവിഡ് കെയര്‍ സെന്ററിലെ ശുചീകരണ ജോലി ഏറ്റെടുത്ത സുഹൃത്തുക്കളായ നാല് യുവാക്കളുടെ വാക്കുകളാണിത്.

കണിച്ചുകുളങ്ങര ചെല്ലാട്ടുവെളി സി.എസ്. സുജിത്ത്(30), ശാന്തി നിലയത്തില്‍ എസ്.പി.ഹരികൃഷ്ണന്‍(36), പടാകുളങ്ങര വെളി കെ. വിദ്യാസാഗര്‍ (29), ഗണപതി കാട് ജി. എസ്. സംഗീത് (24) എന്നിവരാണ് കോവിഡ് കെയര്‍ സെന്ററിന്റെ ശുചീകരണജോലികള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നത്.

മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയില്‍ നിന്ന് അഞ്ചാം വാര്‍ഡില്‍ ഭക്ഷണ വിതരണം നടത്തുന്നതിനുളള സന്നദ്ധ പ്രവര്‍ത്തത്തകരായിട്ടാണ് ഇവര്‍ കോവിഡ് അതിജീവന പ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. ഈസമയത്താണ് നൂറോളം പേര്‍ ക്വാറന്റീനില്‍ കഴിയുന്ന കണിച്ചുകുളങ്ങരയിലെ കോവിഡ് കെയര്‍ സെന്ററില്‍ ശുചീകരണത്തിന് ആളില്ലെന്ന് അറിഞ്ഞത്. ഉടന്‍ തന്നെ ഈ ജോലി ഏറ്റെടുക്കാന്‍ നാല്‍വര്‍ സംഘം തീരുമാനിക്കുകയായിരുന്നു. ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് പ്രത്യേക പരിശീലനം നല്‍കി.

salute the heroകഴിഞ്ഞ 34 ദിവസമായി ഇവര്‍ കണിച്ചുകുളങ്ങര കോവിഡ് കെയര്‍ സെന്ററില്‍ ശുചീകരണ ജോലി ചെയ്യുകയാണ്. സുരക്ഷാകാരണങ്ങളാല്‍ വീടുകളില്‍ പോകാന്‍ കഴിയില്ല. കോവിഡ് സെന്ററില്‍ തന്നെയാണ് താമസം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ജോലി. രോഗം വരുമെന്ന പേടിയൊന്നും ഇവര്‍ക്കില്ല. നാല് പേര്‍ക്കും മറ്റ് ജോലികള്‍ ഉളളതാണ്. സുജിത്തിന് ഫാബ്രിക്കേഷന്‍ ജോലിയുണ്ട്. ഹരികൃഷ്ണന്‍ ഇന്റീരിയര്‍ ഡിസൈനിങ്ങും സംഗീത് കംപ്യൂട്ടര്‍ ജോലികളും ചെയ്യുന്നു. വിദ്യാസാഗര്‍ കോമളപുരം സ്പിന്നേഴ്‌സിലെ ജീവനക്കാരനാണ്. ശുചിത്വ ജോലി ഏറ്റെടുത്ത ശേഷം ഉപജീവന മാര്‍ഗ്ഗമായ തൊഴിലിന് പോയിട്ടില്ല.  ഹരികൃഷ്ണന് അഞ്ചുവയസും ആറുമാസവും പ്രായമുളള കുട്ടികളും സുജിത്തിന് ഒന്നര വയസ്സുളള കുഞ്ഞും ഉണ്ട്. വീട്ടുകാരുടെ ശക്തമായ പിന്തുണയാണ് ഇവരെ നയിക്കുന്നത്. വീഡിയോ കോള്‍ വഴിയാണ് വീട്ടുകാരുമായി ബന്ധപ്പെടുന്നത്. പ്രതിഫലമൊന്നും ഇവര്‍ ചോദിച്ചിട്ടില്ല. എന്നാല്‍ ജോലി കളഞ്ഞ് ശുചീകരണ ജോലി ഏറ്റെടുത്ത ഈ ചെറുപ്പക്കാര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Content Highlights: four men from Alappuzha doing cleaning at Covid19 care centre  voluntarily without any payment, Health, Covid19, CoronaVirus, Salute The Hero

Disclaimer: Facebook has partnered with Mathrubhumi for this  series but has not exerted any editorial control over this story.