പ്രയാസങ്ങളുടെ കാലത്ത് ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ഗര്‍ഭിണിക്കും പിന്നീട് അവളുടെ പൊന്നോമനയ്ക്കും കൂട്ടായി വെഞ്ഞാറമൂട്ടിലെ ആരോഗ്യപ്രവര്‍ത്തക കൃഷ്ണകുമാരി. നെല്ലനാട് പഞ്ചായത്തിലെ വലിയ കട്ടയ്ക്കാല്‍ പ്രദേശത്തെ ആശാവര്‍ക്കര്‍ കൃഷ്ണകുമാരി ഈ കോവിഡ് കാലത്ത് പൊന്നുപോലെ കാത്തത് രണ്ടുജീവനുകളെയാണ്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം വീടുകള്‍ സന്ദര്‍ശിക്കാന്‍ പോകുമ്പോഴാണ് പ്രദേശത്ത് വാടകയ്ക്കുതാമസിക്കുന്ന രമ്യയുടെ ദുരവസ്ഥ കൃഷ്ണകുമാരി അറിയുന്നത്. തൃശ്ശൂര്‍ സ്വദേശിയായ രമ്യയുടേതും തിരുവനന്തപുരം വിതുരസ്വദേശിയായ ശ്രീനാഥിന്റേതും പ്രണയവിവാഹമായിരുന്നു. ശ്രീനാഥിന് ഹോട്ടല്‍പ്പണിയില്‍നിന്നുള്ള വരുമാനമാണ് ആകെയുണ്ടായിരുന്നത്.

ശ്രീനാഥിന് വെഞ്ഞാറമുട്ടിലെ ഒരു ഹോട്ടലില്‍ ജോലി കിട്ടിയതോടെയാണ് മാസങ്ങള്‍ക്കുമുന്‍പ് ഇവര്‍ ഇവിടേക്കെത്തിയത്. ലോക്ഡൗണായതോടെ ശ്രീനാഥിന് ജോലിപോയി. സഹായിക്കാനാരുമില്ലാതെ അന്നന്നത്തെ ആഹാരത്തിനോ എട്ടുമാസം ഗര്‍ഭിണിയായ രമ്യയ്ക്ക് മരുന്നിനോപോലും വകയില്ലാതെ ഇവര്‍ കഷ്ടപ്പെടുന്നത് കൃഷ്ണകുമാരി മനസ്സിലാക്കി.

ഷീറ്റുമേഞ്ഞ കൊച്ചുകൂരയില്‍ നിലത്ത് കിടന്നിരുന്ന പൂര്‍ണഗര്‍ഭിണിയായ യുവതിയുടെ അവസ്ഥ അവരുടെ മനസ്സില്‍ നോവായിനിന്നു. വീട്ടിലെത്തി തന്റെ ഭര്‍ത്താവിനെയുംകൂട്ടി രമ്യയ്ക്ക് കുറച്ച് പഴങ്ങളും ഭക്ഷണസാധനങ്ങളുമായി അന്നുതന്നെ അവിടെയെത്തി.

അടുത്തദിവസം ഗ്രാമപ്പഞ്ചായത്തംഗം ബിന്ദുവിനോട് കാര്യം പറഞ്ഞു. ഇരുവരുംചേര്‍ന്ന് ഈ കുടുംബത്തിനായി പലയിടങ്ങളില്‍നിന്ന് സഹായമെത്തിക്കാന്‍ കഠിനപരിശ്രമം നടത്തി. യാത്രാസൗകര്യങ്ങളില്ലാതിരുന്ന അക്കാലത്ത് എല്ലാദിവസവും ഈ വീട്ടിലെത്തി രമ്യയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി. ഭക്ഷണവും മരുന്നുമുള്‍പ്പെടെ ഉറപ്പാക്കി. പലതവണ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോകാനുള്ള വാഹനമൊരുക്കിയതും ഇവരായിരുന്നു.

salute the Hero

പ്രസവത്തിനായി ഏപ്രില്‍ ഒന്‍പതിന് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും ഇവര്‍ ഒപ്പംനിന്നു. ഏപ്രില്‍ 12-ന് രമ്യ, മകള്‍ അതിഥിക്ക് ജന്മംനല്‍കി.

രണ്ടാഴ്ചയ്ക്കുശേഷം വീട്ടിലെത്തിയപ്പോള്‍ അമ്മയ്ക്കും കുഞ്ഞിനുമായി കട്ടിലുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കൃഷ്ണകുമാരിയുടെയും ബിന്ദുവിന്റെയും നേതൃത്വത്തില്‍ ഒരുക്കി. എന്നാല്‍, ഇവരുടെയെല്ലാം പ്രിയപ്പെട്ട അതിഥിക്കുട്ടിക്ക് ഇപ്പോഴുള്ള ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തുടര്‍ചികിത്സ വേണ്ടിവരും. അതിനുള്ള മാര്‍ഗം കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് കൃഷ്ണകുമാരിയും ബിന്ദുവും.

Content Highlights: Covid19 Corona Virus outbreak Salute The Heroes Asha worker Krishnakumari, Health

Disclaimer: Facebook has partnered with Mathrubhumi for this  series but has not exerted any editorial control over this story