lovely
ആശാപ്രവര്‍ത്തക ലൗലി

തിരുവനന്തപുരം: കൊറോണയെ പേടിച്ച് പലരും വീടിന് പുറത്തിറങ്ങാതെയിരിക്കുമ്പോള്‍ ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തി വീടുകള്‍തോറും കയറിയിറങ്ങുകയാണ് ദേശീയ ആരോഗ്യദൗത്യത്തിനു കീഴിലുള്ള ആശാ പ്രവര്‍ത്തകര്‍.

പലയിടങ്ങളിലും അവഗണനയും പ്രതിഷേധവും നേരിടേണ്ടിവന്നിട്ടും തങ്ങളുടെ ജോലിയില്‍ വിട്ടുവീഴ്ച വരുത്താന്‍ ഇവര്‍ തയ്യാറല്ല. ഓണറേറിയം ലഭിച്ചിട്ട് മാസങ്ങളാകുന്നു. എന്നാലും ദിവസവും രാവിലെ തങ്ങളുടെ ജോലിക്കായി ഇവര്‍ വീട്ടില്‍ നിന്നിറങ്ങും. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയൊന്നും ഇവര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. എന്നാലും പരാതികളില്ലാതെ തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിക്കുകയാണ് ആശാ പ്രവര്‍ത്തകര്‍.

'കൊറോണയെ ഞങ്ങള്‍ക്ക് പേടിയൊന്നുമില്ല, പ്രതിരോധമാണ് ഞങ്ങളും ജോലിയില്‍ പിന്തുടരുന്നത്'- വഞ്ചിയൂര്‍ വാര്‍ഡിലെ ആശാ പ്രവര്‍ത്തകരില്‍ ഒരാളായ ലൗലി പറയുന്നു. പത്തുവര്‍ഷമായി ആശാവര്‍ക്കറായി ജോലി ചെയ്യുകയാണ് ലൗലി, കൂടെയുള്ള വിന്ദുജയും രാധികയും മായയും ഒരുവര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്.

വാര്‍ഡിലെ അറുന്നൂറ് കെട്ടിടങ്ങള്‍ വീതമാണ് ഓരോരുത്തര്‍ക്കും വിവരശേഖരണത്തിനായി നല്‍കിയിരിക്കുന്നത്. വാര്‍ഡില്‍ ഭൂരിഭാഗവും സ്ഥാപനങ്ങളും വാടകയ്ക്ക് താമസിക്കുന്നവരാണ്.

'പത്തുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നതിനാല്‍ ഓരോ വീടും സുപരിചിതമാണ്. എന്നാലും ചില വീടുകളില്‍ ആളുകള്‍ വിവരശേഖരണത്തിന് സഹകരിക്കാറില്ല.' ലൗലി പറയുന്നു. വിമാനത്താവളത്തില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. ആരോഗ്യവകുപ്പില്‍ വിവരങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞുമനസ്സിലാക്കും. തൂവാലയാണ് മുഖാവരണമായി ഉപയോഗിക്കുന്നത്. കൈയില്‍ കരുതിയിരിക്കുന്ന സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കുമെന്നും ഇവര്‍ പറയുന്നു.

വിദേശത്തുനിന്നു വന്നവരെയും ജില്ലയ്ക്ക് പുറത്ത് പോയവരുടെയും ഉള്‍പ്പെടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഓരോ വീട്ടിലും ചെന്നാണ് വിവരശേഖരണം. ദിവസവും രാവിലെ പത്തു മണിയോടെയാണ് ഭവനസന്ദര്‍ശനം ആരംഭിക്കുക.

ഉച്ചയ്ക്ക് ഒന്നിന് ബന്ധപ്പെട്ട ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന് വിവരങ്ങള്‍ നല്‍കണം. വാര്‍ഡില്‍ മുപ്പതോളം പേരെയാണ് മുന്‍കരുതലെന്ന നിലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആരോഗ്യവകുപ്പിനു സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നത് ഈ ആശാ പ്രവര്‍ത്തകരിലൂടെയാണ്.