പത്തനംതിട്ട: നീണ്ട പതിമ്മൂന്നുദിവസമാണ് കൊറോണ വാഹകരായ അഞ്ചുപേരെ ഈ മാലാഖമാര്‍ സ്‌നേഹത്തിന്റ മധുരംനല്‍കി പരിചരിച്ചത്. അവര്‍ ദേഷ്യം കാട്ടിയപ്പോള്‍ പുഞ്ചിരികൊണ്ട് കീഴടക്കി. ഒടുവില്‍, ഡ്യൂട്ടി പൂര്‍ത്തിയാക്കി മടങ്ങുമ്പോഴും ഇവരുടെ ഉള്ളില്‍ ഒരു പ്രാര്‍ഥനയേയുള്ളൂ. എത്രയും വേഗം ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ രോഗം ഭേദമാകണേ. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരായ അനുഗീത് രജീഷ്, സി.കെ. ഉഷ, ഗ്രേഡ്-രണ്ട് ജീവനക്കാരി രമ അനില്‍കുമാര്‍ എന്നിവരാണ് ഡ്യൂട്ടി പൂര്‍ത്തിയായി വെള്ളിയാഴ്ച വീടുകളിലേക്ക് മടങ്ങുന്ന ആദ്യ ബാച്ചിലെ നഴ്‌സുമാര്‍.

പതിനൊന്നുമാസമായ കുഞ്ഞിനെ വീട്ടിലാക്കി

പതിനൊന്നുമാസംമാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഭര്‍ത്താവിനെയും കുടുംബത്തിനെയും ഏല്‍പ്പിച്ചാണ് കലഞ്ഞൂര്‍ സ്വദേശിനി അനുഗീത് കഴിഞ്ഞ എട്ടിന് ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്ക് കയറിയത്. കൊറോണയെപ്പറ്റി പത്രങ്ങളില്‍ക്കൂടി വായിച്ചറിഞ്ഞ അറിവേ തനിക്കുമുണ്ടായിരുന്നുള്ളൂ. ആദ്യം എന്തുചെയ്യണമെന്ന് ഒരെത്തുംപിടിയുമില്ല. കുഞ്ഞ്, വീട് തുടങ്ങി ചിന്തകള്‍ വേറെ. പക്ഷേ, ഭര്‍ത്താവ് രജീഷും കുടുംബാംഗങ്ങളും പകര്‍ന്നുനല്‍കിയ ധൈര്യം പതിയെ ഊര്‍ജവും ആത്മവിശ്വാസവുമായി -അനു പറഞ്ഞു

മൂന്നാംക്ലാസില്‍ പഠിക്കുന്ന മകള്‍ മിലിയെയും കുടുംബാംഗങ്ങളെയും പിരിഞ്ഞാണ് പന്തളം കണ്ണാട്ടുശേരില്‍ സുഭാഷിന്റെ ഭാര്യ ഉഷ പരിചരണത്തില്‍ പങ്കാളിയായത്. കുടുംബം, പ്രാരബ്ധം എന്നിവയ്‌ക്കെല്ലാം തത്കാലം വിടനല്‍കിയാണ് കോട്ടയം മാരൂര്‍വിളയില്‍ സ്വദേശി അനില്‍കുമാറിന്റെ ഭാര്യ രമയും ഈ വലിയദൗത്യത്തില്‍ പങ്കാളിയായത്. ആശുപത്രിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ വീഡിയോ കോള്‍ മാത്രമായിരുന്നു കുടുംബവുമായി ഇവരെ ബന്ധിച്ച കണ്ണി.

ആദ്യ മൂന്നുനാള്‍ ആശങ്ക

ഡ്യൂട്ടിയില്‍ പ്രവേശിച്ച് ആദ്യത്തെ മൂന്നുദിവസം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെന്ന് ഇവര്‍ പറഞ്ഞു. പുതിയ പരിതസ്ഥിതിയുമായി ഇണങ്ങിച്ചേരാന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് ആദ്യം സാധിച്ചിരുന്നില്ല. പതിയെ അവര്‍ അടുത്തു. അവര്‍ ചോദിക്കുന്ന ഭക്ഷണം എത്തിച്ചുനല്‍കി. രണ്ടുപേര്‍ പ്രായംചെന്നവരായിരുന്നു. ചപ്പാത്തിപോലുള്ള കട്ടിയുള്ള ആഹാരം അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു.

കഞ്ഞി, പയര്‍, ചമ്മന്തി എന്നിവ എത്തിച്ചുനല്‍കി അവരുമായി അടുത്തു. ഇറ്റലിയില്‍നിന്നുള്ള കുടുംബത്തിനും അവര്‍ക്കിഷ്ടമുള്ള ഭക്ഷണം എത്തിച്ചുനല്‍കി. ഒരു ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഞങ്ങള്‍ അവരുടെ അരികിലെത്തി. അങ്ങനെ അടുത്തു.

മടങ്ങാനും മനസ്സുവരുന്നില്ല

ഒരു കുടുംബംപോലെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞത്. ഒരു മുറിയില്‍ ഒറ്റയ്ക്കാകുന്നതിന്റ സംഘര്‍ഷങ്ങള്‍ ആദ്യമവര്‍ പ്രകടിപ്പിച്ചെങ്കില്‍ പിന്നീട് എല്ലാം മാറിമറിഞ്ഞു. ഓരോ ആവശ്യങ്ങളും പറഞ്ഞുതുടങ്ങി. അതു തിരിച്ചറിഞ്ഞ് ഞങ്ങളും പെരുമാറി. ഒരു സങ്കടംമാത്രമേ ഞങ്ങളുടെ ഉള്ളില്‍ ബാക്കിയുള്ളൂ. അവരുടെ രോഗം പൂര്‍ണമായി ഭേദമായിട്ടല്ലല്ലോ ഞങ്ങള്‍ പടിയിറങ്ങുന്നതെന്ന്. എന്നാലും ആരോഗ്യം വീണ്ടെടുത്തശേഷമുള്ള അവരുടെ പുഞ്ചിരികാണാന്‍ ഞങ്ങള്‍വരും. -ജനറല്‍ ആശുപത്രിയുടെ ഗേറ്റ്കടന്ന് വീടുകളിലേക്ക് മടങ്ങുംമുമ്പേ ആ മൂന്ന് മാലാഖമാരും പറഞ്ഞുനിര്‍ത്തി.

ഒരു ഹെഡ്‌നഴ്‌സിന്റെ നേതൃത്വത്തില്‍ 13-പേരാണ് കൊറോണ വാഹകരെ പരിചരിക്കാനുള്ളത്. അവരുടെ സ്രവങ്ങള്‍ പരിശോധിച്ച് രോഗമില്ലെന്ന് സ്ഥിരീകരിച്ചശേഷമാണ് വീടുകളിലേക്ക് മടങ്ങുന്നത്.