രു ചൂല്, നീളന്‍വടിയുടെ അറ്റത്ത് നനുത്തൊരു തുടപ്പ്, ശൗചാലയം വൃത്തിയാക്കല്‍... ഇതൊക്കെയേ നമ്മള്‍ കണ്ടിട്ടുള്ളൂ. അതിന്റെ പിന്നിലുള്ള മനുഷ്യര്‍ അദൃശ്യരാണ്. അവരെ ആരും കാണാറില്ല. ഈ കൊറോണക്കാലത്തും അവര്‍ 'ഐസൊലേഷനിലാ'ണ്. രോഗിയുടെ മുറിയില്‍നിന്ന് അവസാന വൈറസിനെയും പുറത്താക്കുന്ന തിരക്കിലാണ് നമ്മുടെ ആശുപത്രികളിലെ ശുചീകരണത്തൊഴിലാളികള്‍.

കൊറാണ വാര്‍ഡിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശുചീകരണത്തൊഴിലാളി സിമി. ഓരോ ദിവസവും പത്തോ പന്ത്രണ്ടോ മുറി ഒഴിയും. ഓരോന്നും രണ്ടുതവണ പൂര്‍ണമായി കഴുകി അണുവിമുക്തമാക്കണം. അപ്പോഴേക്കും പുതിയ ആള്‍ വരും. ''അകത്തേക്ക് കയറുംമുമ്പ് രോഗിയോട് വിളിച്ചുപറയും മാസ്‌ക് ഇടാന്‍. ഞങ്ങളും മാസ്‌ക് ഇട്ടിട്ടുണ്ടാവും. എന്നാലും പരസ്പരം കാണും. ആ മനുഷ്യര്‍ അത്ര അധികനേരം കാണുന്നത് ഞങ്ങളെ മാത്രമായിരിക്കും. അതിനിടയ്ക്ക് ഞങ്ങള്‍ ടോയ്‌ലറ്റ് വൃത്തിയാക്കും വാഷ്‌ബേസിന്‍ കഴുകും യൂറിന്‍ ബാഗുണ്ടെങ്കില്‍ അത് വൃത്തിയാക്കും നിലത്ത് കിടക്കുന്ന വസ്ത്രങ്ങള്‍ കഴുകാനെടുക്കും... ഇടയ്ക്ക് അവരോട് എന്തെങ്കിലും മിണ്ടിപ്പറയും. അധികവും പ്രവാസികളാവും. വന്നിട്ട് വീട്ടുകാരെപ്പോലും കാണാന്‍ പറ്റിയിട്ടുണ്ടാവില്ല അവര്‍ക്ക്...'' സിമി പറയുന്നു.

കൊറോണക്കാലത്തും ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍പോലും അറിയുന്നില്ല. ''പി.പി.ഇ. കിറ്റിനുള്ളിലാണ് ഡ്യൂട്ടി സമയം മുഴുവന്‍. വെള്ളം കുടിക്കാനൊന്നും പറ്റില്ല. കൈയില്‍ എപ്പോഴും അണുനാശിനി കരുതും. ടോയ്‌ലറ്റില്‍ പോയാല്‍ അവരോടും പറയും അവിടെ അണുനാശിനി ഇടാന്‍''. സ്രവത്തിലൂടെ പടരുന്ന രോഗം... ആ സ്രവങ്ങള്‍ കഴുകിയും കോരിയും ജീവിതം. എന്നിട്ടും ഒട്ടും പേടിയില്ല സിമിക്ക്. ''ഞങ്ങള്‍ ആരുടെ അടുത്തുനിന്നും മാറിപ്പോവാറില്ല. എന്തിന് പേടിക്കാന്‍. അവരും മനുഷ്യരല്ലേ?'' സിമി പറയുന്നു.

''രാവിലെ തുടങ്ങ്യാല്‍ പോവുന്നതുവരെ തുടച്ചോണ്ടിരിക്കും ഞങ്ങള്. ചിലരൊക്കെ വരാന്ത ഒണങ്ങാന്‍ കാത്തുനില്‍ക്കും. അല്ലാത്തോരുംണ്ട്. ന്നാലും കൊഴപ്പല്യ... മ്മളെ ജോല്യല്ലേ. ഇപ്പോ ഈ കൊറോണാ വാര്‍ഡിലാവുമ്പോ കണ്ണടേംവെച്ച് ആ കുപ്പായമിടാന്‍ ത്തിരി പ്രയാംസണ്ട്. അതേള്ളൂ...'' തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ശുചീകരണത്തൊഴിലാളി പ്രീത നിഷ്‌കളങ്കമായി പറഞ്ഞു. കൊറോണ വാര്‍ഡിലായിരുന്നു പ്രീത ഇത്രയും ദിവസം. ഇപ്പോള്‍ പനിയായതുകൊണ്ട് ജോലിയില്‍നിന്ന് മാറിനില്‍ക്കുന്നു.അവിടെ കാത്തിരിപ്പുണ്ട് അലക്കാനുള്ള തുണികള്‍, ആരും തിരിഞ്ഞുനോക്കാത്ത അഴുക്കുകള്‍, വൃത്തിയാക്കാനുള്ള വരാന്തകള്‍... ആ വരാന്തകളില്‍വെച്ചു കാണുമ്പോള്‍ ഒന്നു കൈകൊടുക്കാവുന്നതാണ് ഈ മനുഷ്യര്‍ക്ക്. നമ്മളെ രോഗം തൊടാതെ സൂക്ഷിക്കുന്ന അറിയപ്പെടാത്ത ആ നായികമാര്‍ക്ക്, നായകന്മാര്‍ക്കും.

Content highlights: cleaning staffs are on the front lines of fighting against Corona virus