മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിനു മുന്നിലിരിക്കുമ്പോള്‍ എല്ലാവരും കാതോര്‍ക്കുന്ന ഒരുസംഖ്യയുണ്ട്. അതതുദിവസത്തെ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം. ഇത് നിര്‍ണയിക്കുന്നത് ഒരു സംഘം ആരോഗ്യപ്രവര്‍ത്തകരാണ്. നമ്മുടെ ലാബ്‌ടെക്നീഷ്യന്മാര്‍. അടഞ്ഞ മുറികളില്‍, അങ്ങേയറ്റം ശ്രദ്ധയോടെ അവര്‍ കണ്ടെത്തുന്ന രോഗാണുവിനെ തുരത്താനാണ് ഈ മൂന്നാംലോകമഹായുദ്ധം.

സാംപിളില്‍ ഒളിഞ്ഞിരിക്കുന്ന ദുഷ്ടന്‍

കോവിഡുമായി 'സാമൂഹിക അകലം' പോലും പാലിക്കാന്‍ നിവര്‍ത്തിയില്ലാത്തവരാണ് അവര്‍. മുന്നിലെത്തുന്ന ഏത് സാംപിളിലും ആ ദുഷ്ടനായ വൈറസുണ്ടാവാം. ''സാംപിളിന് മൂന്നു ലെയര്‍പാക്കിങ്ങാണ്. അതിനുപുറമേ ഒരു ഐസ് പാക്കിങും. ഒപ്പം ഒട്ടും ലീക്കില്ലാതിരിക്കാന്‍ കോട്ടനും വെച്ചിട്ടുണ്ടാവും''- കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ ബയോകെമിസ്ട്രി ലാബ് ടെക്നീഷ്യന്‍ പി.പി. ബിനീഷ് കോവിഡ് പരിശോധനാ അനുഭവങ്ങള്‍ പങ്കുവെച്ചു. 'പി.പി.ഇ. കിറ്റ് ഇട്ടശേഷം മാത്രമേ പാക്കറ്റ് പൊട്ടിക്കാന്‍തന്നെ പാടുള്ളൂ. അതും ലാബിനകത്ത് ലാമിനാര്‍ ചേംബറില്‍ വെച്ചുമാത്രം. കിട്ടിയതെല്ലാം ചാര്‍ട്ടില്‍ രേഖപ്പെടുത്തണം. ഭാവി ആവശ്യങ്ങള്‍ക്കായി സാംപിളിന്റെ ഒരുഭാഗം സൂക്ഷിച്ചുവെക്കുകയും വേണം. സ്റ്റൂളില്‍ ഒട്ടുംകുനിയാതെ ഇരുന്നുവേണം ഈ ജോലികള്‍ തീര്‍ക്കാന്‍. അതിനൊക്കെത്തന്നെ വേണം നാലുമണിക്കൂേറാളം. അവിടെയും തീരുന്നില്ല ജോലി. സാംപിളില്‍നിന്ന് ആര്‍.എന്‍.എ. വേര്‍തിരിക്കണം. അതീവ സൂക്ഷ്മമായി, പുറത്തുനിന്ന് ഒന്നും കലരാതെ. ഇത് ഐസ് ബാഗിലാക്കി പി.സി.ആര്‍. (പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍- ഇതാണ് വൈറസ് പരിശോധനാരീതി) റൂമിലെത്തിച്ച് പരിശോധനയില്‍ പങ്കാളിയാവണം. എടുക്കുമ്പോഴും പിടിക്കുമ്പോഴും ഒരു പിഴവും പാടില്ല. ഒന്നു തെറ്റിയാല്‍ തീര്‍ന്നു.' ഒരു സമൂഹത്തെയാകെ മനസ്സില്‍ കാണുന്നുണ്ട് ഇപ്പോള്‍ ഓരോ ലാബ് ടെക്നീഷ്യനും.

പിന്നാലെ ശുചീകരണം

അതുകഴിഞ്ഞ് ശുചീകരണമാണ്. ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും അതുവെച്ച സ്ഥലങ്ങളും ഇരുന്ന് ജോലിചെയ്ത സ്ഥലം മുഴുവനും ഐസോ പ്രൊപൈല്‍ ആല്‍ക്കഹോള്‍ സ്പ്രേ ചെയ്ത് അണുവിമുക്തമാക്കണം. പിന്നീട് എത്തുന്ന ഒരു ജീവനക്കാരനും ഒരാപത്തുമുണ്ടാവരുത്. എല്ലാംചെയ്ത് പുറത്തിറങ്ങുമ്പോഴായിരിക്കും അത്രനേരം മൂത്രമൊഴിക്കാന്‍പോലും പറ്റിയിട്ടില്ലല്ലോ എന്നോര്‍ക്കുന്നത്. ഓര്‍മയുണ്ടായിട്ടും കാര്യമില്ല. വൈറസിനെതിരായ ഒരേയിരിപ്പ് യുദ്ധത്തിനിടെ അതൊന്നും പറഞ്ഞിട്ടില്ല! പി.പി.ഇ. കിറ്റിനുള്ളില്‍ ദേഹം പുഴുങ്ങിയെടുത്തതുപോലുണ്ടാവും. അതിലും പരാതിയില്ല. വലിയൊരു ഉത്തരവാദിത്വമാണ് മുന്നില്‍. അതുചെയ്യാനാണ് ഇഷ്ടം.

ഷുഗറും ലിവറും നോക്കണം

കോവിഡ് രോഗികളുടെ സ്രവപരിശോധന മാത്രമല്ല ലാബ് ടെക്നീഷ്യന്മാര്‍ക്ക്. പോസിറ്റീവായവരുടെയും സംശയത്തിലുള്ളവരുടെയും പ്രമേഹവും കരളിന്റെയും വൃക്കയുടെ പ്രവര്‍ത്തനവും എല്ലാം പരിശോധിക്കുന്നത് അവര്‍തന്നെ. മൂത്ര, രക്തപരിശോധനകള്‍ വേറെയും. വാര്‍ഡില്‍പോയി സാംപിള്‍ എടുക്കുന്നതും ഫ്‌ളെബോട്ടമിസ്റ്റ് എന്ന തസ്തികയില്‍ ജോലിചെയ്യുന്ന ലാബ് ടെക്‌നീഷ്യന്മാരാണ്.

അപകടം ഈ സാംപിള്‍

കേരളത്തിലെ 12 ലാബുകളിലാണ് കോവിഡ് പരിശോധനയുള്ളത്. പത്തും സര്‍ക്കാര്‍ മേഖലയില്‍. രണ്ടെണ്ണം സ്വകാര്യമേഖലയിലും. ഇവിടെയുള്ളവര്‍ക്കറിയാം, വരുന്ന സാംപിളുകളില്‍ കോവിഡ് ഉണ്ടാവാമെന്ന്. എന്നാല്‍, സാധാരണ സ്വകാര്യലാബുകളില്‍ ഇതല്ല സ്ഥിതി. രോഗീസമ്പര്‍ക്കമുള്ളവരോ രോഗികള്‍തന്നെയോ ചിലപ്പോള്‍ മറ്റെന്തെങ്കിലും രോഗപരിശോധനയ്ക്കായി സാംപിളുകളുമായി വന്നേക്കാം. അറിഞ്ഞുകൊണ്ടായിരിക്കില്ല. പക്ഷേ ആ അറിവില്ലായ്മ അപകടമാവുന്നത് ലാബ് ടെക്നീഷ്യന്മാര്‍ക്കാണ്.

Content Highlights: role of medical lab technician in Corona Virus