ലോകത്ത് കോവിഡ്-19 വ്യാപനം തടയുന്നതില്‍ കേരളം ബഹുദൂരം മുന്നിലാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടുകൂടി ധാരാളം ആളുകള്‍ നിത്യവൃത്തിക്കായി പലവിധ പ്രവൃത്തികളില്‍ വ്യാപൃതരായിത്തുടങ്ങിയതോടെ രോഗവ്യാപന സാധ്യതയും കൂടിക്കൊണ്ടിരിക്കുന്നു.

ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങള്‍/രാജ്യങ്ങളില്‍ നിന്നും ധാരാളം പ്രവാസികള്‍ ഇപ്പോള്‍ കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫാക്ടറികളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.

ഈ സാഹചര്യത്തില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥാപനങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെടേണ്ടിവരുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു. ഇതും രോഗസാധ്യതതയും സമൂഹവ്യാപന സാധ്യതയും വര്‍ധിപ്പിക്കുന്നു.

കോവിഡ് പ്രതിരോധത്തിലെ വെല്ലുവിളികള്‍ വര്‍ധിച്ചെങ്കിലും ലോക്ക്ഡൗണ്‍ സ്ഥായിയായ ഒരു പ്രതിരോധ മാര്‍ഗ്ഗമായി നമുക്ക് സ്വീകരിക്കാന്‍ സാധിക്കില്ല. അത്തരമൊരു പശ്ചാത്തലത്തില്‍, കോവിഡ് നമുക്ക് ചുറ്റുമുണ്ടെന്ന് മനസ്സിലാക്കി അതിന് അനുസൃതമായി രീതിയില്‍ എങ്ങനെ സുരക്ഷിതമായി ജീവിക്കാം എന്നത് വളരെ പ്രസക്തമാണ്.

കോവിഡ് വ്യാപനം തടയുന്നതിന് നമ്മളെല്ലാരും ഒറ്റക്കെട്ടായി വൈറസിനെ പ്രതിരോധിക്കേണ്ടതുണ്ട്. നമ്മള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ രോഗവ്യാപന സാധ്യത കുറക്കുന്ന വലിയ കാര്യങ്ങളായി മാറാം. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മനസ്സിലാക്കി അവ പ്രതിരോധിക്കുന്നതിനായി ഒരു പുതിയ ആരോഗ്യ ശീലങ്ങളിലധിഷ്ടിതമായ ജീവിത ശൈലിയിലേക്ക് സ്വയം പരിവര്‍ത്തനം ചെയ്യേണ്ടത് അനിവാര്യമാണ്.   

എന്താണ് സാമൂഹിക അകലം?

 • രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം ഇടപെടുമ്പോള്‍ പാലിക്കേണ്ട ശാരീരിക അകലത്തെയാണ് സാമൂഹിക അകലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
 • ഇതിന്റെ ഭാഗമായി മറ്റു വ്യക്തികളില്‍ നിന്ന് കുറഞ്ഞതു 3 അടി അകലം (1 മീറ്റര്‍) പാലിക്കുക
 • പൊതുയിടങ്ങളിലോ മറ്റു വ്യക്തികളുമായോ മാത്രമല്ല സ്വന്തം ഭവനങ്ങളില്‍ പോലും ശരിയായ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രസക്തി നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണ്.
 • ഉത്സവം, വിവാഹം, പാലുകാച്ചല്‍ തുടങ്ങി പൊതു ചടങ്ങുകളിലും  പരിപാടികളിലും  പങ്കെടുക്കുമ്പോള്‍ വ്യക്തികള്‍ തമ്മില്‍ ഈ അകലം പാലിക്കേണ്ടതുണ്ട്.
 • മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങി വിവിധയിടങ്ങളില്‍ നിശ്ചിത അകലം പാലിച്ചുകൊണ്ട് മാത്രം ഇടപാടുകള്‍ നടത്തുക.
 • സ്ഥാപനങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കുന്നതിന്റെ ഭാഗമായി അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവിടെ മാത്രം നില്‍ക്കുക.
 • തിരക്ക് കൂട്ടരുത്.
 • റിവേഴ്‌സ് ക്വാറന്റീന്റെ ഭാഗമായി 60 വയസിന് മുകളില്‍ പ്രായമുള്ളവരുമായും രോഗസാധ്യത കൂടുതലുള്ളവരുമായും ശാരീരിക അകലം  പാലിക്കുന്നത് ഉത്തമമായിരിക്കും

മാസ്‌ക്കള്‍ അല്ലെങ്കില്‍ മുഖാവരണം എപ്പോള്‍? എവിടെ? എങ്ങനെ?

 • ഫെയ്സ് മാസ്‌ക് ധരിക്കുന്നത് 3 രീതിയില്‍ നമ്മെ സഹായിക്കുന്നു.
 • രോഗം ബാധിച്ച വ്യക്തി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍, അന്തരീക്ഷത്തിലേക്ക് രോഗാണുക്കള്‍ പടരുന്നത് തടയാന്‍ മാസ്‌ക് ധരിക്കുകയാണെങ്കില്‍ സാധിക്കുന്നു.
 • മാസ്‌ക് ധരിക്കുന്നയാള്‍ സ്വന്തം വായിലും മൂക്കിലും തൊടുന്നതും തടയാന്‍ സാധിക്കുന്നു
 • മാസ്‌ക് കൊണ്ട് മുഖം മറക്കുന്നത് അതു ധരിക്കുന്നവരെ സംരക്ഷിക്കുന്നതിനെക്കാളും മറ്റുള്ളവരെ രോഗബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു.
 • നിങ്ങള്‍ വീടിനു പുറത്തിറങ്ങുന്ന സാഹചര്യങ്ങളിലെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. വീടുകളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല.
 • എന്നാല്‍ പനി, ചുമ, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ വീടുകളില്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്.
 • മാസ്‌ക് ധരിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ചു കൈ കഴുകുക, അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.
 • മുഖത്ത് മാസ്‌ക് സുഗമമായി ധരിച്ച ശേഷം മുഖത്തിന്റെ വശങ്ങളിലൂടെ പുറകിലേക്ക് വലിച്ചു കെട്ടുക.
 • ധരിച്ചു കഴിഞ്ഞ മാസ്‌ക് മൂക്കും വായയും മൂടുന്ന വിധത്തിലായിരിക്കണം.
 • മാസ്‌കിന്റെ പുറം ഭാഗം ഒരിക്കലും  തൊടരുത്.
 • മാസ്‌ക് നീക്കം ചെയ്യുമ്പോഴും  പുറംഭാഗം തൊടരുത്. ചരടുകളില്‍ പിടിച്ച് മാസ്‌ക് നീക്കംചെയ്യുക.  മാസ്‌ക് നീക്കം ചെയ്യുമ്പോള്‍ കണ്ണുകള്‍, മൂക്ക്, വായ എന്നിവ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം. മാസ്‌ക് കഴുകുന്നതിനായി ഊരി മാറ്റിയ ഉടനെ തന്നെ സിപ് ലോക്ക് കവര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുക. ഒരിക്കലും മറ്റു വസ്ത്രങ്ങളുടെ കൂടെ അലക്കാന്‍ പാടില്ല.
 • തുണികൊണ്ടുള്ള മലിനമായ മാസ്‌കുകള്‍ ലഭ്യമായ സോപ്പ് അല്ലെങ്കില്‍ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകി സൂര്യപ്രകാശത്തില്‍ ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കാവുന്നതാണ്.
 • മാസ്‌കുകള്‍ പരസ്പരം പങ്കിടാന്‍ പാടുള്ളതല്ല
 • മലിനമാകുന്നില്ലെങ്കില്‍ 6 മണിക്കൂര്‍വരെ മാസ്‌കുകള്‍ ഉപയോഗിക്കാവുന്നതാണ്
 • മാസ്‌കുകള്‍ ഒരു കാരണവശാലും വലിച്ചെറിയരുത്. ഉപയോഗശേഷം മാസ്‌കുകള്‍ അണുനശീകരണം വരുത്തിയ ശേഷം ഈ പ്രത്യേക സാഹചര്യത്തില്‍ കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യുക.

കൈകളുടെ ശുചിത്വം

 • സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തടയുന്നതിന് ഇടയ്ക്കിടക്ക് സോപ്പോ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകഴുകേണ്ടതാണ്.
 • സോപ്പോ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുമ്പോള്‍ കൈകളുടെ ഉള്‍ഭാഗം പുറംഭാഗം വിരലുകള്‍ വിരലുകള്‍ക്കിടയിലുള്ള ഭാഗം മണിബന്ധം എന്നിവടങ്ങള്‍ ശരിയായ രീതിയില്‍ ശുചിയാകേണ്ടതുണ്ട്  .
 • കൈകള്‍ തുടക്കുന്നതിനായി ഓരോരുത്തരും വേവ്വേറെ ടവലുകള്‍ ഉപയോഗിക്കുക
 • ഭക്ഷണം തയ്യാറാക്കുന്നതിനു മുന്‍പും ശേഷവും  സോപ്പ് ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്.
 • ടോയ്‌ലെറ്റില്‍ പോയതിനു  ശേഷം കൈകള്‍ സോപ്പും ഉപയോഗിച്ചു കഴുകേണ്ടതാണ്.

പൊതുസ്ഥലങ്ങളില്‍ നിന്നും വീടുകളില്‍ തിരിച്ചുവരുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ

 • പൊതു സ്ഥലങ്ങളിലോ ഓഫീസുകളിലോ പോയി തിരികെ വന്നാല്‍ ഉടനെ തന്നെ വസ്ത്രങ്ങള്‍ മാറി കുളിച്ചതിനു ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക
 • അത്തരം സാഹചര്യങ്ങളില്‍ സാധ്യമെങ്കില്‍ വീടിനു പുറത്തെ ശുചിമുറി ഉപയോഗിക്കുക
 • ചെരുപ്പുകള്‍ പുറത്ത് അഴിച്ചു വെക്കേണ്ടതാണ്.

വീടുകളില്‍ സമ്പര്‍ക്ക വിലക്കിലോ നിയന്ത്രണത്തിലോ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ച വ്യക്തികള്‍ എത്തുന്നതിന് മുന്നേ താഴെപറയുന്ന മുന്നൊരുക്കങ്ങള്‍ നടത്താം.
 • ക്വാറന്റൈന് വേണ്ടി തെരെഞ്ഞെടുത്ത മുറിയില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക.
 • നന്നായി കാറ്റും, വെളിച്ചവും കടക്കുന്ന മുറി ആയിരിക്കണം.
 • കഴിയുന്നതും മുറി ബാത്ത് അറ്റാച്ച്ഡ് (കക്കൂസ് & കുളിമുറി) ആയിരിക്കണം.
 • കൈകള്‍ സോപ്പിട്ട് കഴുകാന്‍ സൗകര്യം ഉണ്ടായിരിക്കണം
 • മേല്‍ പറഞ്ഞ സൗകര്യങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല
 • വീട്ടിലെ മറ്റ് താമസക്കാര്‍ ഈ മുറിയില്‍ കയറാന്‍ പാടില്ല
 • ക്വാറന്റീനില്‍ ഉള്ള വ്യക്തി പ്രത്യേകം കിടക്കവിരികള്‍, പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക. അവ സോപ്പ് / ഡിറ്റര്‍ജന്റ് ഉപയോഗിച്ച്  നന്നായി അവരവര്‍ തന്നെ കഴുകുക
 • 60 കഴിഞ്ഞവരെയും രോഗ സാദ്ധ്യത കൂടുതലുള്ളവരെയും ബന്ധു വീടുകളിലേക്കോ അയല്‍ വീടുകളിലേക്കൊ മാറ്റുക.
 • നിരീക്ഷണത്തിലെ വ്യക്തിയെ ആരോഗ്യ പ്രവര്‍ത്തകര്‍ വിളിക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുക

ക്വാറന്റീനിലുള്ള വ്യക്തികള്‍ക്ക് പരിചരണം ആവശ്യമെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തി മുറിയില്‍ കയറുമ്പോള്‍ വായും, മൂക്കും പൂര്‍ണമായി മൂടുന്ന രീതിയില്‍  മാസ്‌ക്ക് ധരിച്ചിരിക്കണം
 • സ്രവങ്ങളും മറ്റും കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ കയ്യുറകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം
 • ഉപയോഗിച്ച കയ്യുറയും, മാസ്‌ക്കും പുനരുപയോഗിക്കാന്‍ പാടില്ല
 • ഭക്ഷണം കൊടുക്കുന്ന ആള്‍ അത് റൂമിന്റെ വാതിലിനു പുറത്ത് വച്ച ശേഷം മാറി നില്‍ക്കുകയും, ഭക്ഷണം എടുത്ത ഉടനെ വാതില്‍ അടക്കുകയും ചെയ്യുക
 • വീട്ടിലെ എല്ലാവരും വായിച്ച ശേഷം മാത്രം ക്വാറന്റൈനില്‍ ഉള്ള വക്തിക്ക് പത്രം/മാസികകള്‍  നല്‍കുക.  നിരീക്ഷണത്തിലുള്ള വ്യക്തി വായിച്ച പത്രം/മാസികകള്‍ ആ റൂമില്‍ തന്നെ സൂക്ഷിക്കുക. മറുള്ളവര്‍ അത് കൈകാര്യം ചെയ്യാന്‍ പാടില്ല.

ശുചീകരണം

 • സമ്പര്‍ക്ക വിലക്കിലോ/സമ്പര്‍ക്കനിയന്ത്രണത്തിലോ ഉള്ള വ്യക്തി ഉപയോഗിക്കുന്ന മുറി, കൂടാതെ പതിവായി സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ (ഉദാ. ബെഡ് ഫ്രെയിമുകള്‍, മേശ,കസേരകള്‍,വാതില്‍പ്പിടികള്‍ മുതലായവ) 1% ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് ദിവസവും അണുവിമുക്തമാക്കുക.
 • ബ്ലീച്ച് ലായനി / ഫിനോളിക് അണുനാശിനി ഉപയോഗിച്ച് ടോയ്ലറ്റ് ഉപരിതലങ്ങള്‍  ദിവസവും അണുവിമുക്തമാക്കുക
 • സാധാരണ സോപ്പ് /ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റ് തുണികളും സ്വയം കഴുകി  സൂര്യപ്രകാശത്തില്‍ ഉണക്കി മാത്രം ഉപയോഗിക്കുക.
 • വായു കടക്കാത്ത അടച്ച പാത്രത്തിലേക്ക് തുപ്പുക, പിന്നീട് 1% ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം ടോയ്ലറ്റില്‍ നിക്ഷേപിക്കുക.
 • സമ്പര്‍ക്ക വിലക്കിലോ/ സമ്പര്‍ക്കനിയന്ത്രണത്തിലോ ഉള്ള വ്യക്തിയുടെ ഭക്ഷണ അവശിഷ്ടങ്ങള്‍ വളര്‍ത്തു  മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും നല്‍കരുത്

പൊതു ജനങ്ങള്‍ ബ്ലീച്ച് ലായനി തയ്യാറാക്കുന്ന വിധവും അണുനശീകരണവും

 • സാധാരണയായി അണുനശീകരണത്തിനു 1% വീര്യമുള്ള ബ്ലീച്ചു ലായനിയാണു ഉപയോഗിക്കുന്നത്.
 • 1 ലിറ്റര്‍ വെള്ളത്തില്‍ 30 ഴാ ബ്ലീച്ചിങ്ങ് പൌഡര്‍ അഥവാ 6 ടീ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൌഡര്‍ ലയിപ്പിച്ചുണ്ടാക്കുന്നതാണ് 1 % വീര്യമുള്ള ബ്ലീച് ലായനി എന്നു പറയുന്നത്
 • ബ്ലീച്ച് ലായനി തുറന്നു വക്കാന്‍ പാടുള്ളതല്ല.
 • ഒറ്റത്തവണ തയ്യാറാക്കുന്ന ലായനി 6-8 മണിക്കൂര്‍ വരെ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളതുള്ളൂ.

റിവേഴ്‌സ് ക്വാറന്റൈനിലുള്ളവര്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ

കോവിഡ് -19 പാശ്ചാത്തലത്തില്‍ ഒരു പ്രതിരോധ മാര്‍ഗ്ഗമെന്ന നിലയില്‍ രോഗസാധ്യത കൂടുതലുള്ള ജനവിഭാഗങ്ങളെ സാധാരണയായി സമ്പര്‍ക്ക വിലക്കില്‍ പ്രവേശിപ്പിക്കാറുണ്ട് . ഈ നടിപടിയാണ് റിവേഴ്‌സ് ക്വാറന്റീന്‍ എന്നറിയപ്പെടുന്നത്.

രോഗസാധ്യത കൂടുതലുള്ള വിഭാഗത്തില്‍പ്പെടുന്നവര്‍(High Risk Categories) ആരൊക്കെയാണ്?

 • പ്രായമായവര്‍
 • പ്രമേഹ രോഗികള്‍, രക്താതിമര്‍ദ്ദമുള്ളവര്‍, അര്‍ബുദ ബാധിതര്‍, ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍
 • സ്റ്റിറോയിഡ് ചികിത്സയിലുള്ളവര്‍ / അല്ലെങ്കില്‍ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍
 • അടുത്തിടെ അവയവം മാറ്റിവച്ച വ്യക്തികള്‍
 • ഗര്‍ഭിണികള്‍
 • ഭിന്നശേഷിക്കാരായ കുട്ടികള്‍

ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍

 • ഒരു പ്രതിരോധ മാര്‍ഗ്ഗമെന്ന നിലയില്‍ വീട്ടിലെത്തുന്ന അതിഥികളുമായി ഇടപെടുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കുക
 • സോപ്പോ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക.
 • വസ്ത്രങ്ങള്‍, സമ്മാനങ്ങള്‍, ഫോണുകള്‍, ലാപ്ടോപ്പുകള്‍, പെന്‍ ഡ്രൈവുകള്‍ തുടങ്ങി വ്യക്തിഗത വസ്തുക്കള്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ പങ്കിടരുത്
 • സമീകൃതാഹാരം കഴിക്കുക
 • അനാവശ്യ യാത്രകള്‍  ഒഴിവാക്കുക.
 • അകലങ്ങളില്‍ നിന്ന്‌കൊണ്ട് സൗഹൃദങ്ങള്‍ പങ്കുവെക്കുക
 • രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഉടനടി സമീപത്തെ പ്രാദേശികാരോഗ്യ കേന്ദ്രങ്ങളുമായോ അല്ലെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറുമായോ (0471 2552056, അല്ലെങ്കില്‍ 1056) ബന്ധപ്പെടുക.
 • അയല്‍ക്കാരും ബന്ധുക്കളും മറ്റു അഭ്യുദയകാംക്ഷികളും റിവേഴ്‌സ് ക്വാറന്റീനില്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കുക.
 • നിങ്ങളുടെ സംശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ഫോണിലൂടെ ഡോക്ടറോഡ് ബന്ധപ്പെടുക.

നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും അതുവഴി നമ്മുടെ നാടിന്റെയും ദിനങ്ങള്‍ ആരോഗ്യ പൂര്‍ണ്ണമാക്കാന്‍ നമുക്കോരോരുത്തര്‍ക്കും സ്വയം മാറാം. കൊറോണയെന്ന ഭീകരനെ തുരത്താന്‍ ഒരുമിച്ചു പോരാടാം. ലക്ഷ്യ പ്രാപ്തിയിലെത്തുന്നത് വരെ തളരാതെ ഓടാം. പോരാട്ടവീര്യത്തിന്റെ കേരള മാതൃക ഒരിക്കല്‍ക്കൂടി ലോകത്തിന് കാണിച്ചുകൊടുക്കാം  ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
(പൊതുജനതാത്പര്യാര്‍ത്ഥം ആരോഗ്യകുടുംബക്ഷേമ വകുപ്പ്, കേരള സര്‍ക്കാര്‍)

content highlights: prevent covid-19 by following these habits