ന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്റെ അമ്മയ്ക്കുള്ള ജീവന്‍രക്ഷാമരുന്ന് പെരിയയിലെത്തിയത് പാതിരാത്രി നിര്‍ത്താതെ ഓടിയ 19 പോലീസ് വാഹനങ്ങളിലൂടെ. തിങ്കളാഴ്ച രാവിലെ മൊയോലത്തെ വീട്ടില്‍ ലതിക മരുന്ന് ഏറ്റുവാങ്ങുമ്പോള്‍ സംസ്ഥാനത്തെ പോലീസ് സംവിധാനമാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ച ദൗത്യമാണ് പൂര്‍ണതയിലെത്തിയത്.

കഥ തുടങ്ങുന്നു

മൊയോലത്തെ കൃഷ്ണന്റെ ഭാര്യ ലതിക ഹൃദ്രോഗിയാണ്. ഇവരുടെ രണ്ടാമത്തെ മകന്‍ അനിരുദ്ധ് കൃഷ്ണന്‍ ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന അപസ്മാരരോഗിയും. ലതിക 19 വര്‍ഷമായി മുടങ്ങാതെ കഴിക്കുന്ന പെന്‍സിലിന്‍-വി എന്ന മരുന്ന് മൂന്നുവര്‍ഷമായി തിരുവനന്തപുരത്തുനിന്നാണ് എത്തിക്കുന്നത്.

ലോക്ഡൗണായതോടെ മരുന്നെത്തിക്കാനുള്ള വഴിയും മുടങ്ങി. മരുന്നുതീരാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ കൂടിയായ അമ്പലത്തറ കുഞ്ഞികൃഷ്ണനെ വിവരമറിയിക്കുന്നത്. അദ്ദേഹം തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സെയ്ഫുദ്ദീനെ വിവരമറിയിച്ചു.

മരുന്ന് ആദ്യ വെല്ലുവിളി

സെയ്ഫുദ്ദീന്‍ ഈ വിവരം ശനിയാഴ്ച രാത്രി പോലീസിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് നല്‍കി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അനില്‍ മരുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള മെഡിക്കല്‍ ഷോപ്പിലുണ്ടെന്ന് ഞായറാഴ്ച വൈകീട്ട് കണ്ടെത്തി.

salute the heroമരുന്ന് കാസര്‍കോട്ടെ പെരിയയിലെങ്ങനെ എത്തിക്കും എന്നതായി അടുത്ത വെല്ലുവിളി. മന്ത്രി ചന്ദ്രശേഖരനെ അറിയിക്കുന്നതിന് സെയ്ഫുദ്ദീന്‍ കാഞ്ഞങ്ങാട്ടെ സി.പി.ഐ. നേതാവ് എ. ദാമോദരനെ വിളിച്ചു. ദാമോദരനും പോലീസ് അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി സി.ആര്‍. ബിജുവും മന്ത്രിയെ വിവരം ധരിപ്പിച്ചു. മന്ത്രി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ വിട്ട് മരുന്ന് വാങ്ങിപ്പിച്ച് പോലീസ് പോലീസ് ആസ്ഥാനത്ത് എത്തിച്ചു.

യാത്രതുടങ്ങുന്നു

ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയോട് മരുന്ന് കാഞ്ഞങ്ങാട്ടെത്തിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് മരുന്നുമായി പോലീസ് വാഹനം കുതിച്ചുതുടങ്ങി. വഴിയിലെ ഏഴു ജില്ലാ പോലീസ് മേധാവികള്‍ക്കും ദൗത്യത്തില്‍ പങ്കാളിയാവാന്‍ പോലീസ് സഹായം വിട്ടുകൊടുക്കാന്‍ ഡി.ജി.പി. നിര്‍ദേശിച്ചു. ഒരു രാത്രികൊണ്ട് വിവിധ ജില്ലകളിലെ 19 ഹൈവേ പട്രോളിങ് വാഹനങ്ങളിലൂടെ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷനില്‍ മരുന്നെത്തി. രാവിലെ നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എ. മാത്യുവിന്റെയും സെയ്ഫുദ്ദീന്റെയും നേതൃത്വത്തില്‍ മരുന്ന് ലതികയ്ക്ക് നല്‍കി. പണംപോലും വാങ്ങാതെ ലഭിച്ച മരുന്ന് ഏറ്റുവാങ്ങിയപ്പോള്‍ ലതികയുടെ കണ്ണ് നിറഞ്ഞു. നീലേശ്വരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഓമനക്കുട്ടന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

Content Highlights: police helped women to get heart disease medicine from Thiruvananthapuram to Kasargod