കൊറോണപ്പേടിയില്‍ നിന്ന് പതിയെ പുറത്തുകടക്കുകയാണ് പത്തനംതിട്ട. കടകളും കമ്പോളങ്ങളും കവലകളും തിരക്ക് തിരിച്ചുപിടിക്കുന്നു. സംശയിക്കപ്പെട്ടവരില്‍ പലരുടെയും പരിശോധനാഫലം നെഗറ്റീവാണെന്നറിഞ്ഞതോടെ ജാഗ്രത ഫലം ചെയ്ത സന്തോഷത്തിലാണ് ആളുകള്‍. പക്ഷേ, കൊറോണപ്പേടി നിറഞ്ഞുനിന്ന നാളുകളില്‍ സ്ഥിതിഗതികള്‍ അങ്ങനെ ആയിരുന്നില്ല. വിഹ്വലതകളുടെ കൊറോണ നാളുകളില്‍ നേരില്‍ കണ്ട ചില പത്തനംതിട്ടക്കാഴ്ചകള്‍...

ഉച്ചമയക്കത്തിലാണ്ടുപോയ ഒരു ഗോവന്‍ ഗ്രാമം പോലെയായിരുന്നു ആ ദിവസം പത്തനംതിട്ട . ഒരതിരിലും കടലില്ലാത്ത കൊച്ചു ജില്ലയ്ക്ക് ചുറ്റും അലയടിക്കുന്നുണ്ട് ആശങ്കയുടെയും പേടിയുടെയും വമ്പന്‍ തിരമാലകള്‍.
കൊറോണക്കാലത്ത് പത്തനംതിട്ട വൈറസിന്റെ തുരുത്തായതുപോലെ. മാര്‍ക്കേസിന്റെ കോളറാകാലത്തെ പ്രണയത്തില്‍ കോളറ പിടികൂടിയവരേയും കൊണ്ട് തീരത്തടുക്കാതെ ഒരു കപ്പല്‍ മഹാനദിയായ മഗ്ദലേനയിലൂടെ ഒഴുകുന്നുണ്ട്. രോഗവും പേടിയും ഊഹാപോഹങ്ങളും കുത്തിനിറച്ച കപ്പല്‍ പോലെ ആശങ്കകളിലൂടെ ഒഴുകുകയായിരുന്നു പത്തനംതിട്ട.

റോഡുകളേറെയും വിജനം. ബസുകളില്‍ ആളുകള്‍ നന്നേ കുറവ്. ബേക്കറികളിലും ഹോട്ടലുകളിലും ചില്ലുകൂടുകള്‍ക്കുള്ളില്‍ ആരും തേടിയെത്താതെ അനാഥരായിപ്പോയ പലഹാരങ്ങള്‍.  'ഉണ്ടാക്കിവെച്ചിട്ടിപ്പോ എന്തിനാ? വാങ്ങിത്തിന്നാന്‍ ആളുകള്‍ വരണ്ടേ?' കടപൂട്ടിപ്പോകാനിറങ്ങിയ കാപ്പിക്കടക്കാരന്റെ ശബ്ദത്തില്‍ അരിശം.

ഈ പത്തനംതിട്ടയ്ക്കിതെന്തു പറ്റി?
എല്ലാം ആ ഇറ്റലിക്കാരൊപ്പിച്ച പണിയാ... വഴിവക്കിലിരുന്നൊരു വല്യപ്പന്‍ മുറുമുറുക്കുന്നുണ്ട്. മരുന്നു വാങ്ങാനിറങ്ങിയതാണ്. വീട്ടിലേക്കുള്ള ബസ് കാത്തുനില്‍ക്കുന്നതിനിടെ അയാള്‍ നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു.
വിസ്മൃതിയിലാണ്ടുകിടന്ന റാന്നി എത്ര പെട്ടെന്നാണ് ഹിറ്റ്ലിസ്റ്റില്‍ ഇടംനേടിയത്. പത്തനംതിട്ട നഗരത്തിലും കോഴഞ്ചേരിയിലും പതിവില്ലാത്ത നേരത്ത് ആളുകള്‍ ഉറങ്ങിപ്പോയ പ്രതീതി.

മലയോരനാടിനെ അപ്പാടെ ഒരു മഹാവ്യാധി വിഴുങ്ങിയതുപോലെ. ആളൊഴിഞ്ഞ ഉത്സവപ്പറമ്പു പോലെയാണ് നിരത്തുകള്‍. യാത്രക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ചില റൂട്ടുകളില്‍ ബസ്സുകള്‍ കുറവാണ്. ഉള്ള ബസ്സുകളിലാകട്ടെ സീറ്റുകളേറെയും കാലി. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുകിടക്കുന്നു. പക്ഷേ കച്ചവടം നന്നേ കുറവ്. ആളുകള്‍ തിക്കിത്തിരക്കിയിരുന്ന പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വിരലിലെണ്ണാവുന്നത്രയും ആളുകള്‍ മാത്രം. ഒഴിവാക്കാനാകുന്ന യാത്രകള്‍ക്കായാണ്  ഇക്കാലമത്രയും ആളുകളിത്രയും ഇന്ധനം എരിച്ചു തീര്‍ത്തതെന്ന തിരിച്ചറിവു പകരുന്ന കൊറോണക്കാലം.

ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരനായ സരമാഗോ ഒരു നഗരത്തിലെ ജനങ്ങള്‍ കൂട്ടത്തോടെ അന്ധരാകുന്ന കഥ എഴുതിയിട്ടുണ്ട്. അന്ധത പടരുന്നു. ആളുകള്‍ ഭയത്തിലാകുന്നു. അത്തരത്തില്‍ ഒരു പേടിയുടെ പുതപ്പിനടിയില്‍ ചുരുണ്ടുകൂടുകയാണ് ആളുകള്‍.

ആശങ്കയല്ല കരുതലാണ് ആവശ്യമെന്ന ഓര്‍മപ്പെടുത്തലുകള്‍ക്കപ്പുറം ആളുകള്‍,  ആക്രമിക്കാനിടയുള്ള അപകടകാരിയായ ഒരു വൈറസുമായി മല്ലയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഫോണ്‍ തുറന്നതും കെട്ടുപൊട്ടിയതു പോലെ കൊറോണക്കഥകള്‍ കുത്തഴിഞ്ഞു വീഴുന്നുണ്ടായിരുന്നു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകള്‍. തൊണ്ടതൊടാതെ വിഴുങ്ങുന്നവരെ പേടിയില്‍ മുക്കിക്കളയുന്ന അബദ്ധപ്രസംഗങ്ങള്‍. കുട്ടിക്കാലത്ത് വായിച്ചു രസിച്ചിരുന്ന അപസര്‍പ്പക കഥകള്‍പോലെ അദൃശ്യമായ ഭീതിയുടെ ആവരണത്തിനുള്ളില്‍ ആണ്ടിറങ്ങിപ്പോയ ആളുകള്‍.

മാസ്‌കുകളും സാനിറ്റൈസറുകളുമായിരുന്നു ജില്ലയിലെ വി.ഐ.പി. ലിസ്റ്റിലെ പ്രധാനികള്‍. പലയിടങ്ങളിലും ഇവയ്ക്ക് ദൗര്‍ലഭ്യം. ഉള്ള കടകളില്‍ നിന്ന് ആവശ്യത്തിലധികം വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നവരും കുറവല്ല.

പിടികൂടിയ പനി കൊറോണതന്നെയോ എന്ന ഗമണ്ടന്‍ ആകുലതയുടെ ഭാരം പേറുന്ന പനിക്കാരില്‍ ചിലര്‍ ആസ്പത്രികളുടെ ഒ.പി. കൗണ്ടറികള്‍ക്കുമുന്നില്‍ പമ്മിക്കൂടിയിരിക്കുന്നുണ്ട്. എല്ലാ കാര്‍മേഘവും മഴയാകില്ലെന്നു തെളിയിച്ചുകൊണ്ട് ഒരു ഇരുണ്ട മേഘം പൊടുന്നനെ അപ്രത്യക്ഷമായി. ആധിക്കു ചൂടുകൂട്ടാനെന്ന പോലെ മലയോര മാനത്ത് കുംഭസൂര്യന്‍ വീണ്ടും വീറോടെ ജ്വലിച്ചു.

ഓര്‍ക്കാപ്പുറത്തു കിട്ടിയ ബോണസ് അവധിയുടെ സന്തോഷത്തിലാണ് കുട്ടികള്‍. വഴിവക്കിലെ ഗേറ്റിനു പിന്നില്‍ നിന്നൊരു കുഞ്ഞു ശബ്ദം: 'ഇവരൊക്കെ പോയാല്‍ പിന്നെ വീണ്ടും നമുക്ക്‌ പാര്‍ക്കില്‍ പോകാം, അല്ലേ അമ്മേ? മൂന്നോ നാലോ വയസ്സുള്ള ഒരു കൊച്ചു പെണ്‍കുട്ടിയാണ്. ആര് പോയാല്‍? അമ്മയുടെ മറുചോദ്യം. 'വേറാരാ? കോവിഡുംകൊറോണയും.' പിന്നില്‍ കേള്‍ക്കാം അമ്മയുടെ ചിരി.

പ്രളയത്തെ നേരിട്ടതു പോലെ തന്നെ രോഗത്തെയും ആളുകള്‍ ഒരേ മനസ്സോടെ പ്രതിരോധിക്കുന്നുണ്ട്. മറികടക്കാനാകുമെന്ന ഉറപ്പുണ്ടെങ്കിലും ആ ഉറപ്പിനപ്പുറം വളരുന്ന പേടി... ആതായിരുന്നു എല്ലാ മുഖങ്ങളിലും നിഴലിച്ചത്. രോഗത്തേക്കാള്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ള പേടി.

ആകാശം ഇടിഞ്ഞു വീണാലും ഞങ്ങള്‍ അനങ്ങില്ലെന്ന മട്ടില്‍ ഒരു കുളപ്പടവിലിരുന്ന് സ്വയം ട്രോളുന്നുണ്ട് കുറച്ചു ചെറുപ്പക്കാര്‍. ട്രോളുകളുടെ രസം അയഞ്ഞതോടെ അവര്‍ കൊറോണ ചര്‍ച്ചയ്ക്കെടുത്തു. പ്രഗത്ഭനായ വൈറോളജിസ്റ്റിനെപ്പോലെ അവരിലൊരുവന്‍ അറിവു കുടഞ്ഞിടുന്നു. മുടിനീട്ടിയ മറ്റൊരുത്തന്‍ ചൈനയെപ്പറ്റി പറഞ്ഞു തുടങ്ങി ഇല്യൂമിനാറ്റിയെക്കുറിച്ചുള്ള പ്രഭാഷണത്തിലേക്ക് കടന്നു.

മറ്റു സ്ഥലങ്ങളില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയവരുടെ ആശങ്കകള്‍. തിരിച്ചു പോകല്‍ അനിശ്ചിതമായി വൈകുന്നതിന്റെ ചിന്തയിലായിരുന്നു ചിലരെങ്കിലും. കൊറോണ കേസുകള്‍ റിപ്പോട്ട് ചെയ്തിട്ടില്ലാത്ത അടൂരു നിന്നും പന്തളത്തു നിന്നുമൊക്കെ ജോലിസ്ഥലത്തേക്ക് മടങ്ങിയവര്‍ക്കുമുണ്ട് പറയാന്‍ ചില കാര്യങ്ങള്‍. ഓഫീസിലേക്ക് ഉടനെങ്ങും തിരിച്ചു ചെല്ലരുതെന്ന് താക്കീത് ചെയ്തിട്ടുണ്ട് സഹപ്രവര്‍ത്തകര്‍. പത്തനംതിട്ടക്കാരനല്ലേ... വൈറസും കൊണ്ടാവും വരവെന്ന് കളിയാക്കുന്നുണ്ട് പലരും! ചെങ്ങന്നൂര് നിന്നും കണ്ണൂരേക്കുള്ള ട്രെയിനില്‍ കയറുമ്പോള്‍  കുളനടക്കാരനായ അഖില്‍ പറഞ്ഞു.

കോഴിക്കോട്ട് ജോലി ചെയ്യുന്ന അടൂരുകാരി നീതുവിനും കുറച്ചു വിഷമമുണ്ട്. ഞാന്‍ നാട്ടില്‍ പോയി തിരിച്ചു ചെന്നതില്‍ പിന്നെ അയല്‍പക്കക്കാരെ പുറത്തു കണ്ടിട്ടില്ല. എവിടെപ്പോയെന്നു ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ കൊറോണയൊക്കെയല്ലേ കുറച്ചു ദിവസം കഴിഞ്ഞു കാണാമെന്നായിരുന്നു മറുപടി.

ആളുകളുടെ ജാഗ്രതയോടെയുള്ള പെരുമാറ്റം വൈറസ് വ്യാപനം തടയുന്നതില്‍ തീര്‍ച്ചയായും ഫലം ചെയ്തിട്ടുണ്ട്. എങ്കിലും ഒരു വിപത്തിനെ നേരിടുമ്പോള്‍ ആശങ്കയുടെ അളവ് ഒരിത്തിരി കുറച്ചുകൂടേ? ഭയത്തിന്റെ കോട്ടയ്ക്കുള്ളില്‍ പുരാണത്തിലെ പരീക്ഷിത്തിനെപ്പോലെ ഒളിച്ചിരിക്കാതെ കരുതലോടെ അപകടങ്ങളെ അതിജീവിക്കാം. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അപ്പാടെ അനുസരിച്ച് കരുതലോടെ ദിവസങ്ങള്‍ ചിലവഴിക്കൂ... ആശങ്കകളും ആകുലതകളും മറന്ന് ആത്മവിശ്വാസത്തോടെ കൊറോണയെ പിടിച്ചു കെട്ടാം. ഇതും കടന്നുപോകും...നമ്മള്‍ അതിജീവിക്കും.

Content Highlights: pathanamthitta fighting against coronavirus coming back