കോവിഡിനൊപ്പം ജീവിക്കാം. എന്നാൽ കോവിഡ് വന്നോട്ടേ എന്ന് കരുതി യാതൊരുവിധ സുരക്ഷിതത്വമില്ലാതെ ലാഘവത്തോടെ ജീവിക്കാമെന്നല്ല അർഥമാക്കേണ്ടത്. കൊറോണ വൈറസിന് പിടി കൊടുക്കാതെ സുരക്ഷിതമായി അതിജീവിക്കുക എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതിനായി ഇതുവരെ മുൻഗണന കൊടുത്തുകൊണ്ടിരുന്ന SMS അഥവാ സോപ്പ്, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എന്നിവയ്ക്ക് പുറമേ മറ്റു ചിലകാര്യങ്ങൾ കൂടി നാം പ്രധാനമായും പ്രാവർത്തികമാക്കേണ്ടതുണ്ട്.

മാത്രമല്ല പുതിയ ചില പഠനങ്ങൾ വിരൽ ചൂണ്ടുന്നത് ചില സാഹചര്യങ്ങളിൽ കോവിഡ് 19 വായുവിലൂടെയും പകരുമെന്നാണ്. ഈ സാഹചര്യത്തിൽ നാം ഒഴിവാക്കേണ്ട ചില കാര്യങ്ങൾ അഥവാ മൂന്ന് 'C' കൾ എന്താണെന്ന് പരിശോധിക്കാം. മാത്രമല്ല അവയിലേക്ക് നയിച്ച സാഹചര്യങ്ങളും വിശദമായി വിശകലനം ചെയ്യുന്നത് വളരെ നന്നായിരിക്കും.

പഠനങ്ങളിലൂടെ കണ്ടെത്തിയ വായുവിലൂടെ രോഗം പകരാനുള്ള ചില സാഹചര്യങ്ങൾ

1. അടഞ്ഞതും വായുസഞ്ചാരം ഇല്ലാത്തയിടങ്ങളിൽ ശ്വാസകോശ സ്രവകണങ്ങൾ പ്രസരിപ്പിക്കുന്ന ഒരു രോഗിയുടെ സാന്നിധ്യം 30 മിനിറ്റിനു മുകളിൽ തുടങ്ങി മണിക്കൂറുകളോളം ഉണ്ടായിരിക്കുമ്പോൾ.
2. ശരിയായ വായുസഞ്ചാര ക്രമീകരണം ഇല്ലെങ്കിൽ ഇത്തരം സ്രവകണികകൾ കൂടുതൽ നേരം മുറിക്കുള്ളിലെ വായുവിൽ തങ്ങി നിൽക്കുകയും, രോഗ പകർച്ചാസാധ്യത കൂട്ടുകയും ചെയ്യുന്നു.
3. ഇത്തരം ഇടങ്ങളിൽ രോഗം പകർത്തുന്ന അവസ്ഥയിൽ ഉള്ള ആൾ കൂടുതൽ നേരം ചിലവഴിക്കുമ്പോഴോ, രോഗി പോയതിനു ശേഷം ആ ഇടത്തു മറ്റുള്ളവർ എത്തുമ്പോഴോ.
4. ദീർഘസമയം സ്രവകണികകളുമായി സമ്പർക്കമുണ്ടാവുകയോ സ്രവകണികകൾ അന്തരീക്ഷത്തിലേക്ക് കൂടുതൽ പ്രസരിപ്പിക്കുന്ന പ്രക്രിയകളിൽ ഏർപ്പെടുമ്പോഴോ ഉദാ: ഉച്ചത്തിൽ സംസാരിക്കുക, പാടുക, വ്യായാമം ചെയ്യുക etc.
5. ഇതിനു പുറമേ ചികിത്സ സംബന്ധമായി എയറോസോൾ ജനറേറ്റ് ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ.

ഒഴിവാക്കേണ്ട മൂന്ന് 'സി' കൾ

ആദ്യത്തെ നാലു സാഹചര്യങ്ങൾ പരിശോധിച്ചാൽ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന ഒന്നാണ് മൂന്നു 'C' കൾ ഒഴിവാക്കുകയെന്നത്. S M S പാലിക്കുന്നതിനോടൊപ്പം ഈ മൂന്നു സാഹചര്യങ്ങളും ഒഴിവാക്കേണ്ടതുമാണ്. രോഗം പകരാനുള്ള സാധ്യത വളരെയധികം കൂട്ടുന്ന സാഹചര്യങ്ങളാണ് ഇവയൊക്കെ.

 • തിരക്കേറിയ സ്ഥലങ്ങൾ(Crowded Places) അഥവാ ആൾക്കൂട്ടം ഒഴിവാക്കൽ
 • അടുത്ത് ഇടപഴകും വിധം സമ്പർക്ക സാധ്യതയുള്ള അവസ്ഥ(Close Contact Settings)
 • അടഞ്ഞ വായുസഞ്ചാരം കുറവുള്ള മുറികൾ(Confined and enclosed spaces)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • പൊതുയിടങ്ങളിലെ ആൾത്തിരക്ക് ഒഴിവാക്കേണ്ടതാണ്. കൂടുതൽ വ്യക്തികൾ ഇതിനു തയ്യാറായിവരികയോ അല്ലെങ്കിൽ സാമൂഹിക അകലം ഓരോരുത്തരും സ്വയം പാലിക്കുകയോ ചെയ്താൽ ആൾത്തിരക്ക് നമുക്ക് ഒഴിവാക്കാൻ സാധിക്കും.
 • കഴിയുമെങ്കിൽ ഓൺലൈൻ പർച്ചേസിന് വളരെ പ്രാധാന്യം കൊടുക്കേണ്ടതാണ്. ഫോൺ വഴിയോ വാട്സഅപ് വഴിയോ സന്ദേശങ്ങൾ കൈമാറുകയും ഡിജിറ്റൽ പണമിടപാട് നടത്തിക്കഴിഞ്ഞാൽ സാധനങ്ങൾ വീടുകളിൽ കൊണ്ടെത്തിക്കുന്ന ഒരു സംവിധാനം ഉണ്ടാകണം.
 • സാമൂഹിക പരിരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇത്തരം കാര്യങ്ങൾക്കു റെസിഡന്റ്സ് അസോസിയേഷനുകൾ/ പ്രാദേശിക സംഘടനകൾ/ കുടുംബശ്രീ/ വൊളന്റിയെഴ്സ് എന്നിവരെ പ്രയോജനപ്പെടുത്താവുന്നതാണ്.
 • വിവിധ ആവശ്യങ്ങൾക്കായി പ്രത്യേകം വാട്സ്അപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചു ആവശ്യമായ ചുരുക്കം ആൾക്കാരെ ഉൾപ്പെടുത്തി ടാസ്ക് ഗ്രൂപ്പുകൾ രൂപീകരിക്കാം. ഉദാ: പലവ്യഞ്ജനങ്ങൾ, മരുന്നുകൾ, മറ്റു അവശ്യസാധനങ്ങൾ എന്നിവ വാങ്ങാൻ നിക്ഷിപ്തമായ വ്യക്തികൾ പുറത്തുള്ള കടകൾ, സൂപ്പർ മാർക്കറ്റുകൾ, കൃഷിക്കാർ, പാൽ സൊസൈറ്റികൾ, മത്സ്യഫെഡ് ഔട്ട് ലെറ്റുകൾ എന്നിവയുമായി വസ്തുവകകൾ വിതരണം ചെയ്യാനുള്ള ഏർപ്പാട് ഉണ്ടാക്കാവുന്നതാണ്.
 • റിവേഴ്സ് ക്വാറന്റീനിൽ കഴിയുന്നവർക്കു അവശ്യവസ്തുക്കൾ എത്തിക്കാനും ഓൺലൈൻ ബിൽ പെയ്മെന്റുകൾ ചെയ്തുകൊടുക്കാനും ഒരു വോളന്റിയർ ഗ്രൂപ്പ് രൂപീകരിക്കുന്നത് നല്ലതായിരിക്കും.
 • ആൾക്കൂട്ടമുണ്ടാകുന്ന മീറ്റിങ്ങുകൾ, യോഗങ്ങൾ, മറ്റു പരിപാടികൾ എന്നിവ കർശനമായി ഒഴിവാക്കി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അവ നടത്തുക.

ഓഫീസുകളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

 • സർക്കാർ ഓഫീസുകളിലെ ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരും, അത് പ്രയോജനപ്പെടുത്താൻ പൊതു സമൂഹവും പരമാവധി ശ്രമിക്കണം.
 • പൊതുജനങ്ങളിൽ നിന്ന് മാത്രമല്ല. സഹ പ്രവർത്തകരിൽ നിന്നും രണ്ടു മീറ്റർ ശാരീരിക അകലം പാലിക്കുക, അത്തരം സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.
 • ഇടവേളകളിലെ അടുത്തിടപഴകൽ അപകടമാണ്.
 • ഓഫീസ് മുറികളും ജനാലകളും വാതിലുകളും തുറന്നിട്ട് പരമാവധി വായൂ സഞ്ചാരം ഉറപ്പാക്കണം.
 • എ.സി. പ്രവർത്തിപ്പിച്ചാൽ പോലും ജനാലകൾ തുറന്നിടണം.
 • മീറ്റിങ്ങുകളും കോൺഫറൻസുകളും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആക്കേണ്ടതാണ്.

ഹോട്ടലുകൾ/ കാന്റീനുകൾ ഇവ ശ്രദ്ധിക്കാം

 • ഹോട്ടലുകൾ/ കാന്റീനുകൾ എന്നിങ്ങനെയുള്ള ഭക്ഷണശാലകളിൽ പരമാവധി സമ്പർക്ക സാധ്യത ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
 • കഴിയുന്നതും ഹോട്ടലുകളിൽ ഇരുന്നു കഴിക്കാതെ പാഴ്സലുകൾ വാങ്ങിക്കാൻ ശ്രദ്ധിക്കണം.

ശുചിമുറികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • വായുസഞ്ചാരം ഉറപ്പാക്കാൻ ശുചിമുറികളിൽ എക്സ്ഹോസ്റ്റ് ഫാനുകൾ മുഴുവൻ സമയം പ്രവർത്തിപ്പിക്കുന്നത് നല്ലതാണ്.
 • ഒരാൾ ശുചിമുറി ഉപയോഗിച്ച ശേഷം കുറച്ചു സമയമെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രമേ മറ്റൊരാൾ ഉപയോഗിക്കാൻ പാടുള്ളൂ.
 • ശുചിമുറിക്കുള്ളിലും മാസ്ക് ഉപയോഗിക്കേണ്ടതാണ്.
 • സ്പർശന സാധ്യത ഏറെയുള്ള ഡോർ ഹാൻഡിലുകൾ, ഫ്ളഷ് ബട്ടണുകൾ എന്നിവ ഇടയ്ക്കിടക്ക് ഒരു ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനികൊണ്ട് തുടച്ചു വൃത്തിയാക്കേണ്ടതാണ്.
 • ശുചിമുറികളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകളുടെ ശുചിത്വം ഉറപ്പാക്കുക.
 • ടോയ്ലറ്റ് കവറുകൾ ഉണ്ടെങ്കിൽ ഫ്ളഷ് ചെയ്യുമ്പോൾ ടോയ്ലെറ്റ് മൂടിയതിനു ശേഷം മാത്രം ഫ്ളഷ് ചെയ്യാൻ ശ്രദ്ധിക്കുക

വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുക.
 • പാലിക്കാൻ മറ്റുളളവരെയും പ്രേരിപ്പിക്കുക.
 • ലംഘിക്കുന്നത് കണ്ടാൽ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുക.

മാസ്ക് ശരിയായി ഉപയോഗിക്കാം

 • ഗുണനിലവാരമുള്ള മാസ്ക് തന്നെ ധരിക്കുക.
 • തുണി മാസ്ക് അണുവിമുക്തമാക്കാതെ ഉപയോഗിച്ച് കൊണ്ടിരുന്നാൽ രോഗവ്യാപന സാധ്യത കൂടും.
 • സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തിവെച്ച് സംസാരിക്കാനോ മാസ്കിന്റെ മുൻഭാഗത്ത് സ്പർശിക്കാനോ പാടുള്ളതല്ല
 • മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്.
 • ഈ പ്രത്യേക സാഹചര്യത്ത് ഒന്നുകിൽ അവ കത്തിച്ചു കളയുക അല്ലെങ്കിൽ ആഴമുള്ള കുഴിയിൽ നിക്ഷേപിച്ച ശേഷം മണ്ണിട്ട് മൂടേണ്ടതാണ്.

  Content Highlights:Now we have to live with Covid19 Just pay attention to these things, Covid19,Corona Virus