ചൈനയില്‍ ഉത്ഭവിച്ച് ലോകമെങ്ങും വ്യാപിച്ച പുതിയ കൊറോണ വൈറസിന്റെ (കൊവിഡ് 19) ചിത്രങ്ങള്‍ പുറത്തുവന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി & ഇന്‍ഫെക്ഷ്യസ് ഡിസീസിസിലെ റോക്കി മൗണ്ടന്‍ ലബോറട്ടറീസ് (ആര്‍.എം.എല്‍.) ആണ് വൈറസിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

കൊവിഡ് വൈറസ് ബാധിച്ച യു.എസ്. പൗരനില്‍ നിന്നെടുത്ത വൈറസിന്റെയും കോശങ്ങളുടെയും സാംപിളില്‍ നിന്നാണ് ആര്‍.എം.എല്‍. ദൃശ്യങ്ങള്‍ തയ്യാറാക്കിയത്. ഇതിനായി രണ്ട് വ്യത്യസ്ത ഹൈ റെസല്യൂഷന്‍ മൈക്രോസ്‌കോപ്പുകള്‍ ഉപയോഗിക്കേണ്ടി വന്നു. സാംപിളിന്റെ ഇമേജിലേക്ക് രണ്ടു മൈക്രോസ്‌കോപ്പുകളും ഉപയോഗിച്ച് ഇലക്ട്രോണ്‍സ് ബീം ഫോക്കസ് ചെയ്താണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കോശങ്ങളെയും വൈറസുകളെയും പ്രത്യേകം തിരിച്ചറിയാനായി പിന്നീട് ഇവയ്‌ക്കോരോന്നിനും വ്യത്യസ്ത നിറം നല്‍കുകയായിരുന്നു. മഞ്ഞ നിറമാണ് വൈറസിന് നല്‍കിയിരിക്കുന്നത്. മനുഷ്യ ശരീരകോശത്തിനാണ് പിങ്ക് നിറം നല്‍കിയിരിക്കുന്നത്.

corona

2002 ല്‍ പടര്‍ന്നുപിടിച്ച സാര്‍സ്(സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), 2012 ല്‍ പടര്‍ന്നു പിടിച്ച മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവയോട് സാദൃശ്യമുള്ളതാണ് കോവിഡ് 19 എന്നു പേര് നല്‍കപ്പെട്ട പുതിയ കൊറോണ വൈറസ്. ഈ മൂന്നു വൈറസുകളും കൊറോണ വൈറസ് കുടുംബത്തില്‍ നിന്ന് തന്നെയുള്ളവയാണ്. ഗോളാകൃതിയിലുള്ള കൂര്‍ത്ത അഗ്രങ്ങളുള്ള ഇവയുടെ ആകൃതി മൂലമാണ് ഈ വൈറസിന് കൊറോണ വൈറസ് എന്ന് പേര് നല്‍കിയത്. കൊറോണ എന്ന ലാറ്റിന്‍ വാക്കിന് ക്രൗണ്‍(മുള്‍ക്കിരീടം) എന്നാണ് അര്‍ഥം. 

corona

നിലവില്‍ ഈ കൊറോണ വൈറസ് ചൈനയില്‍ ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ രോഗബാധിതരാണ്. ഓരോ ദിവസവും മരണപ്പെടുന്നവരുടെയും രോഗം ബാധിക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.  

എന്താണ് വൈറസുകള്‍

മറ്റ് ജീവികളുടെ ശരീരത്തില്‍ കയറി അവയുടെ കോശങ്ങളില്‍ പെറ്റുപെരുകി ജീവിക്കുന്ന സൂക്ഷ്മ രോഗാണുക്കളാണ് വൈറസ്സുകള്‍. ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പു കൊണ്ട് മാത്രമേ ഇവയെ കാണാനാവൂ. വൈറസ് എന്ന പദം ലാറ്റിന്‍ ഭാഷയില്‍ നിന്നാണ് രൂപം കൊണ്ടത്. വിഷദ്രാവകം എന്നാണ് ഇതിന് അര്‍ഥം. 

Read More: കൊറോണ സമഗ്ര വിവരങ്ങള്‍ അറിയാം

വൈറസുകളുടെ പ്രവര്‍ത്തനം

ഓരോ വൈറസും അത് കയറിപ്പറ്റുന്ന ശരീരത്തിലെ കോശത്തിന് പുറത്തെത്തി അതിന്റെ കോശസ്തരത്തിലെ പ്രത്യേക തന്‍മാത്രകളുമായി ചേര്‍ന്ന് പറ്റിപ്പിടിക്കും. ഇതിനുശേഷം പതുക്കെ കോശസ്തരത്തിലൂടെ തുളച്ച് ഉള്ളില്‍ കയറും. ഉള്ളിലെത്തിയാല്‍ വൈറസ് സ്വന്തം കവചം നീക്കി തന്റെ ജനിതകവസ്തുവിനെ (ആര്‍.എന്‍.എയോ ഡി.എന്‍.എ.യോ ആകാം. പുതിയ കൊറോണ വൈറസിന്റെ ജനിതകവസ്തു ആര്‍.എന്‍.എ. ആണ്) പുറത്തെടുത്ത് കയറിക്കൂടിയ കോശത്തിന്റെ ചെലവില്‍ അതിന്റെ നിരവധി കോപ്പികള്‍ ഉണ്ടാക്കും. റെപ്ലിക്കേഷന്‍ എന്നാണ് ഇതിനെ പറയുന്നത്. തുടര്‍ന്ന് നിരവധി വൈറസ് കണങ്ങള്‍ നിര്‍മ്മിക്കും. ലൈസിസ് എന്ന പ്രക്രിയയിലൂടെ ഈ വൈറസുകള്‍ ആതിഥേയ കോശത്തെ നശിപ്പിക്കും. ഇവ മറ്റ് കോശങ്ങളെ നേരത്തെ പറഞ്ഞതു പോലെ ആക്രമിക്കും. ഇത്തരത്തില്‍ വളരെ പെട്ടെന്ന് പെരുകുന്ന വൈറസ് കൂട്ടം ശരീരകോശങ്ങളെ കൂട്ടത്തോടെ ആക്രമിച്ച് കീഴ്‌പ്പെടുത്തുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. 

Content Highlights: novel coronavirus first images released