സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവ വരെയുണ്ടാകാന്‍ ഇടയ്ക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് നോവല്‍ കൊറോണ വൈറസാണ്(2019-ncov). ഇത് ആദ്യമായാണ് മനുഷ്യരില്‍ കാണുന്നത്.
മൃഗങ്ങള്‍ക്കിടയില്‍ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകള്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നര്‍ഥം.
ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ സാര്‍സ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ഇവയില്‍ നിന്നനും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.
ലക്ഷണങ്ങള്‍
സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരില്‍, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരില്‍ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങള്‍ പിടിപെടും.
കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മല്‍, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.
വൈറസ് പടരുന്നത്
- ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും.
- വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം.
- വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.
ചികിത്സ
കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാല്‍ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നല്‍കേണ്ടത്. പകര്‍ച്ചപ്പനിക്ക് നല്‍കുന്നതു പോലെ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നല്‍കുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കണം.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍
- പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം.
- കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.
- പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.
- മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്.
- വേവിക്കാത്ത മാംസം, പാല്‍, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാല്‍ എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷന്‍ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതുവഴി രോഗാണുക്കള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആ രീതി ഒഴിവാക്കണം.
- വളര്‍ത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്.
- രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.
മെര്‍സ്
മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2012 ല്‍ മിഡില്‍ ഈസ്റ്റ് മേഖലയിലാണ്. ഇതും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ലക്ഷണങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് അല്പം തീവ്രമായിരുന്നു. മൃഗങ്ങളുമായുള്ള സമ്പര്‍ക്കം മൂലമാണ് വൈറസ് പരക്കുന്നത്. മെര്‍സ് ആദ്യമായി പടര്‍ന്നത് ഒട്ടകങ്ങളില്‍ നിന്നാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.
സാര്‍സ്
സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്) മറ്റൊരു തരം കൊറോണ വൈറസാണ്. ദക്ഷിണ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ഇത് ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കൊപ്പം വയറിളക്കം, ക്ഷീണം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസകോശ അസ്വസ്ഥത, വൃക്കസ്തംഭനം എന്നിവയുണ്ടാക്കും. 2002-2003 കാലത്ത് ചൈനയില്‍ വ്യാപകമായി സാര്‍സ് ബാധിച്ചിരുന്നു. എണ്ണായിരത്തോളം പേര്‍ രോഗബാധിതരാവുകയും എണ്ണൂറോളം പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. സിവെറ്റ് ക്യാറ്റില്‍ നിന്നുമാണ് സാര്‍സ് പടര്‍ന്നത്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അരവിന്ദ്
എച്ച്.ഒ.ഡി.
ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം
ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
Content Highlights: china, corona virus, health