ലോകം മുഴുവന്‍ കോവിഡ്-19 വ്യാപിക്കുമ്പോള്‍ മാള്‍ട്ടയിലെ മലയാളികളും ആശങ്കയിലാണ്. കാരണം, മെഡിറ്ററേനിയന്‍ കടലിലെ ഈ ദ്വീപ് രാഷ്ട്രത്തിന്റെ അയല്‍ രാജ്യമാണ് കോവിഡ്-19 താണ്ഡവമാടുന്ന ഇറ്റലി. ഏതാണ്ട് 80 കിലോമീറ്റര്‍ മാത്രമാണ് ഇവിടെ നിന്നും ഇറ്റലിയിലേക്കുള്ള ദൂരം. വ്യോമമാര്‍ഗം എത്താന്‍ ഇരുപതു മിനിറ്റ് മതി. മാള്‍ട്ടയില്‍ ജോലി ചെയ്യുന്ന കൊച്ചി സ്വദേശി അഖില്‍ സംസാരിക്കുന്നു.
മലയാളികള്‍ ധാരാളമുള്ള രാജ്യമാണ് മാള്‍ട്ട. നഴ്‌സുമാര്‍, പല മേഖലയിലുമുള്ള ജോലിക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വലിയ ഒരു മലയാളി സമൂഹം ഇവിടെയുണ്ട്. നിലവില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. മാർച്ച് ഏഴിനാണ് ഇവിടെ കോവിഡ്-19 കേസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇതുവരെ 139 കൊറോണ കേസുകൾ ഉണ്ടായിട്ടുണ്ട്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടുപേര്‍ക്ക് രോഗം മാറുകയും ചെയ്തിട്ടുണ്ട്. ഇറ്റലിയിലെ പോലെ കൊറോണ കേസുകൾ നാശം വിതയ്ക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. മാർച്ച് 20 മുതൽ എയർപ്പോർട്ടുകൾ അടച്ചിട്ടുണ്ട്.
കമ്പനികള്‍ എല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ പോലെയുള്ള നടപടികളിലേക്കൊന്നും ഇതുവരെ എത്തിയിട്ടില്ല. കമ്പനികള്‍ അടച്ചാലും ആ കാലയളവില്‍ ജോലിക്കാര്‍ക്കെല്ലാം ശമ്പളം കൊടുക്കണമെന്നാണ് ഇവിടുത്തെ സര്‍ക്കാര്‍ നിലപാട്.
ഒരുപാട് മുന്‍കരുതലുകള്‍ ഇവിടെ എല്ലാവരും എടുക്കുന്നുണ്ട്. അതൊക്കെ പരിഗണിച്ചിട്ടാകും ആവശ്യമില്ലാതെ ആരും വെറുതെ പുറത്തിറങ്ങുന്നില്ല. ബീച്ചുകളിലും പാര്‍ക്കുകളിലുമൊക്കെ കാര്യമായി ആരുമില്ല. കുറേപ്പേരൊക്കെ മാസ്‌ക് ധരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മലയാളികളില്‍ ഒരാള്‍ക്ക് കൊറോണ പോസിറ്റീവായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആള്‍ ഒരു ബസ് ഡ്രൈവറാണ്. ആളുടെ ബസ്സില്‍ മസ്‌കാലയില്‍ നിന്ന് ഒരു സ്ത്രീ കയറിയിരുന്നു. അവര്‍ മാസ്‌ക് ധരിക്കുകയോ മറ്റോ ചെയ്തിരുന്നില്ല. കണ്ടപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നും തോന്നിയതുമില്ല. ബസ്സ് പുറപ്പെടാരായപ്പോള്‍ പെട്ടെന്ന് പോലീസും ആംബുലന്‍സും സ്ഥലത്തെത്തി. അവര്‍ ബസ്സില്‍ കയറി ഡോര്‍ ലോക്ക് ചെയ്ത് എല്ലാവരുടെയും ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചു. ഈ സ്ത്രീയും ബസ്സിലെ മറ്റുള്ളവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അവര്‍ ഇറ്റലിയില്‍ നിന്ന് ഇപ്പോള്‍ ഇവിടെ എത്തിയതായിരുന്നുവെന്നും കൊറോണ പോസിറ്റീവ് ആണെന്നും പോലീസ് പറഞ്ഞപ്പോഴാണ് അറിഞ്ഞത്. സ്‌ക്രീനിങ്ങില്‍ നിന്ന് ചാടിപ്പോന്നതാണെന്നും പോലീസ് പറഞ്ഞു. അവരെ മാസ്‌ക് ധരിപ്പിച്ച് സ്‌ട്രെച്ചറില്‍ കിടത്തി ലോക്ക് ചെയ്തിട്ടാണ് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയത്. ബസ്സിലുണ്ടായിരുന്ന മറ്റെല്ലാവരുടെയും പേരും ഫോണ്‍ നമ്പറുകളും പോലീസ് വാങ്ങിയിട്ടുണ്ട്.
ഇത്തരത്തില്‍ സ്വയം ശ്രദ്ധിക്കാതിരിക്കുകയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാതെയുമിരിക്കുന്ന ചിലരൊക്കെയുണ്ട്. അവരാണ് ഈ രോഗം വ്യാപിക്കാന്‍ കാരണം. ഇത്തരക്കാരെയൊക്കെ പോലീസ് കൃത്യമായി പിടികൂടുന്നുണ്ട്.

ഈ സംഭവത്തെത്തുടര്‍ന്ന് മലയാളികളെല്ലാം നന്നായി ശ്രദ്ധിക്കുന്നുണ്ട്. മലയാളി ഗ്രൂപ്പുകളിലൊക്കെ രോഗത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നുണ്ട്. പൊതുജനങ്ങളുമായി ഇടപഴകുന്നവര്‍ നിര്‍ബന്ധമായും മാസ്‌കും ഗ്ലൗസുമൊക്കെ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം സുരക്ഷ സ്വയം നോക്കണമെന്ന ചിന്ത ഇതോടെ എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ട്.
ഇറ്റലിയില്‍ നിന്ന് വ്യോമമാര്‍ഗം വഴി 20 മിനിറ്റിനകം ഇവിടെ എത്താം. അതിനാല്‍ അവിടെ നിന്ന് വരുന്നവരെ കൃത്യമായി സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. ഇറ്റലിയില്‍ നിന്നാണ് ഇവിടേക്കുള്ള ഫുഡ് സപ്ലൈ നടക്കുന്നത്. കപ്പല്‍ മാര്‍ഗമാണ് ഇറക്കുമതി മുഴുവന്‍. എങ്കിലും ഇതുവരെ അതിന് മുടക്കം വന്നിട്ടില്ല. അതുകൊണ്ട് ഭക്ഷണകാര്യത്തില്‍ ബുദ്ധിമുട്ടൊന്നും ഇതുവരെ വന്നിട്ടില്ല.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ആരും ഇന്ന് പുറത്തിറങ്ങരുത് എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട. അതുകൊണ്ട് ആ പ്രായത്തിലുള്ള ആരും പുറത്തിറങ്ങിയിട്ടില്ല. കൊറോണ വൈറസ് ബാധിച്ച് ഗുരുതരമാകുന്നത് പ്രായമായവരിലാണ് എന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് മനസ്സിലാക്കാനായത്. ഒറ്റയടിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നാണ് തോന്നുന്നത്.
ക്രിസ്മസ് സമയത്തൊക്കെ ഇവിടെ തെരുവുകളിലെല്ലാം വലിയ ആഘോഷങ്ങളും പാര്‍ട്ടികളുമൊക്കെയായിരുന്നു. ആ തെരുവുകളെല്ലാം ഇപ്പോള്‍ ആളൊഴിഞ്ഞ് കിടക്കുകയാണ്. അതു കാണുമ്പോള്‍ സങ്കടമുണ്ട്.
നാട്ടിലെല്ലാം ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആണല്ലോ. വാര്‍ത്തകളെല്ലാം ഇവിടെ അറിയുന്നുണ്ട്. രാജ്യം മുഴുവന്‍ 21 ദിവസം ലോക്ക്ഡൗണ്‍ ചെയ്തു എന്നൊക്കെ പറയുമ്പോള്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് എത്ര ഗുരുതരമായ പ്രശ്‌നമാണ് ഇതെന്ന്. എല്ലാം മറികടക്കാന്‍ നമുക്ക് സാധിക്കും. അതിനായി നമ്മള്‍ എല്ലാവരും ഒരേ മനസ്സോടെ നില്‍ക്കണം. നമുക്ക് അതിന് സാധിക്കും.
Content Highlights: Malta resident malayalee speaks about CoronaVirus outbreak