തൊടുപുഴ: കൊറോണ പരിശോധനാഫലത്തിനായുള്ള ലിനോയുടെ ആറുദിവസത്തെ കാത്തിരിപ്പ് തീർന്നു. ഫലം നെഗറ്റീവ്. അസുഖമില്ലെന്ന ആഹ്ലാദത്തെക്കാളേറെ, പ്രിയപ്പെട്ട പപ്പയെ അവസാനമായി കാണാൻ കഴിയാതെവന്നല്ലോ എന്ന വേദനയായിരുന്നു മനസ്സ് നിറയെ.

ശനിയാഴ്ച ഉച്ചയോടെ ലിനോ ആശുപത്രി വിട്ടു. പിന്നെ സമയം പാഴാക്കാതെ ‘അച്ചാച്ച’നെ അടക്കംചെയ്ത തൊടുപുഴ കലയന്താനിയിലെ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിലേക്ക്. വൈകീട്ട് അവിടത്തെ കല്ലറയിൽ അദ്ദേഹത്തിനുവേണ്ടി മെഴുകുതിരി കത്തിച്ചു. വൈദികനൊപ്പം ഒപ്പീസ് ചൊല്ലി.

സ്വന്തംപിതാവ് മരിച്ച് തൊട്ടരികിൽ ഉണ്ടായിട്ടും അവസാനമായി കാണാൻ കഴിയാതെ ഐസൊലേഷൻ മുറിയുടെ ജനാലയിലൂടെ മൃതദേഹം കൊണ്ടുപോകുന്നത് നോക്കിനിൽക്കേണ്ടിവന്ന തൊടുപുഴ ആലക്കോട് തോണിക്കല്ലേൽ ലിനോ ആബേലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് കേരളത്തിനു നോവായിരുന്നു.

കോട്ടയം മെഡിക്കൽകോളേജിൽ കഴിഞ്ഞിരുന്ന പിതാവ് ആബേലിനെ കാണാൻ ഖത്തറിൽനിന്നെത്തിയ ലിനോ കൊറോണ രോഗബാധയുണ്ടെന്ന സംശയത്തെത്തുടർന്ന് സ്വയം ഐസൊലേഷൻ വാർഡിലെത്തുകയായിരുന്നു. പിറ്റേന്നു രാത്രി അച്ഛാച്ഛൻ മരിച്ചു. കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും നാടിന്റെ നന്മയോർത്ത് പുറത്തിറങ്ങിയില്ല. ആ നല്ല മനസ്സിനെ മുഖ്യമന്ത്രിയടക്കമുള്ളവർ പ്രശംസിക്കുകയും ചെയ്തു.

ആശുപത്രി വിടുംമുൻപ് ലിനോ ഒരിക്കൽക്കൂടി ഫെയ്സ്ബുക്കിൽ കുറിച്ചു: ‘എന്തിനാണ് നാം പേടിക്കുന്നത്. നാടിന്റെ ആരോഗ്യമേഖല വളരെ വലുതാണ്. നമ്മൾ ഒറ്റക്കെട്ടായിത്തന്നെ മുന്നോട്ടുപോകും.’

Content highlights: Lino abel tested negative for corona virus