ആലപ്പുഴ: ലോക്ക് ഡൗണ്‍ കാലത്ത് ഏറ്റവുമധികം വിഷമതകള്‍ അനുഭവിക്കുന്നവരാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍. ഇവര്‍ക്ക് മറ്റുള്ളവരെപ്പോലെ വീടുകളില്‍ അടച്ചിരിക്കാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ പല മാതാപിതാക്കള്‍ക്കും ഏറെ ആശങ്ക ഇവരുടെ പരിചരണത്തിലും ചികിത്സയിലുമാണ്. പുരോഗതിയില്‍നിന്ന് പിന്നാക്കം പോകാതിരിക്കാന്‍ ശ്രദ്ധിക്കാം. കരുതലോടെ... ഓട്ടിസം ബോധവത്കരണ മാസം കൂടിയാണിപ്പോള്‍.

ദിനചര്യകള്‍ മുടക്കാതിരിക്കാം

ലോക്ക് ഡൗണിനുശേഷം സ്‌പെഷ്യല്‍ സ്‌കൂളിലോ ചികിത്സാകേന്ദ്രങ്ങളിലോ പോകാത്തതിനാല്‍ അസാധാരണ മാറ്റം ഉണ്ടാകാം. അതിനാല്‍ രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഓരോ ചിത്രങ്ങളിലൂടെ മനസിലാക്കി നല്‍കാം. അത് ശീലമാക്കി പിന്തുടരാന്‍ പ്രേരിപ്പിക്കാം. മൊബൈല്‍, മറ്റ് ഇലക്‌ട്രോണിക് സാമഗ്രികള്‍ നല്‍കാതിരിക്കാം.

പങ്കാളികളാക്കാം

മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏറെ സമയം മാതാപിതാക്കള്‍ക്ക് ചെലവഴിക്കാന്‍ ലഭിക്കും എന്നതിനാല്‍ ഇവരെ ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാം. മുറിക്കുള്ളിലെ ചെറിയ ചെറിയ സാധങ്ങള്‍ അടുക്കിവെക്കാന്‍ പരിശീലിപ്പിക്കാം.

കളിക്കാം ഇടവേളകളില്‍

മുഴുവന്‍ സമയവും മുറികളില്‍ അടിച്ചിരിക്കാതെ വൈകുന്നേരങ്ങളിലും മറ്റും ചെറുകളികളുമായി വീട്ടുമുറ്റത്തും പരിസരത്തുമായി ചെലവഴിക്കാം.

ഇന്ദ്രിയങ്ങളുടെ ഉദ്ദീപനം ആവശ്യം

കുട്ടികളുടെ കാഴ്ച, കേള്‍വി, രുചി, മണം, സ്പര്‍ശനം തുടങ്ങിയവ സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. അതിനാല്‍ ചെറിയ ചെറിയ പരിശീലനം നല്‍കാം.

ചില ചെറിയ പരീക്ഷണങ്ങള്‍

പകല്‍സമയങ്ങളില്‍ മാതാവിന്റെ പാചകത്തിരക്കിനിടയ്ക്ക് നല്‍കാവുന്ന ചില പ്രവൃത്തികളില്‍ ഇവരെ ഏര്‍പ്പെടുത്താം. വെജിറ്റബിള്‍ സോര്‍ട്ടിങ്പച്ചക്കറികള്‍ ചേര്‍ത്തുവെച്ച് തരംതിരിച്ചെടുക്കല്‍, ഫ്രൂട്ട് മാച്ചിങ് പഴങ്ങളുടെ ചിത്രം കാട്ടി അവ കണ്ടെടുക്കാം, സ്പൂണ്‍ സ്റ്റാന്‍ഡ് അറേഞ്ചിങ് ഒരേ തരത്തിലുള്ള സ്പൂണുകള്‍ കണ്ടെത്തി തരംതിരിച്ച് വെക്കാം.

വ്യക്തിശുചിത്വം

കുട്ടികള്‍ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം എന്നില്ല. അതിനാല്‍ കൈകള്‍ ഇടയ്ക്കിടെ കഴുകിക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കാം.

ഭക്ഷണം പ്രധാനം

പൊതുവില്‍ ഭക്ഷണം കഴിക്കാന്‍ മടികാട്ടുന്നവരാണ് ഇക്കൂട്ടര്‍. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കുക.

Content Highlights: Life on coronavirus lockdown with an autistic