കോവിഡ് ഭീതി പരക്കുമ്പോള്‍ ജില്ലയില്‍ മുഖാവരണം നിര്‍മിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കുടുംബശ്രീ യൂണിറ്റുകള്‍. വാഴത്തോപ്പ്, കട്ടപ്പന, ഇരട്ടയാര്‍, നെടുങ്കണ്ടം, മാങ്കുളം, വെള്ളത്തൂവല്‍, അടിമാലി, മണക്കാട്, ഉടുമ്പന്നൂര്‍ തുടങ്ങി പതിനാറോളം പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളിലും പാമ്പാടുംപാറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ പാര്‍ക്കിലുമാണ് കോട്ടണ്‍ കൊണ്ടുള്ള മുഖാവരണം നിര്‍മിക്കുന്നത്.

ഇതുവരെ 12,000ഓളം മാസ്‌കുകള്‍ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിച്ച് വിതരണം ചെയ്തു. 5,000 മുഖാവരണങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ അടുത്ത ദിവസം വിതരണം ചെയ്യും. തിരുവനന്തപുരം കുടുംബശ്രീ മിഷനിലേക്കും ഇവിടെനിന്ന് മുഖാവരണം എത്തിച്ചുനല്‍കിയിട്ടുണ്ട്. കൂടാതെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ടൂറിസം വകുപ്പ് എന്നിവര്‍ക്കും നല്‍കി. പ്രാദേശികമായി ആവശ്യക്കാര്‍ക്ക് യൂണിറ്റുകളില്‍നിന്ന് വിതരണം ചെയ്യുന്നുണ്ട്. കോട്ടണ്‍ തുണികൊണ്ട് നിര്‍മിക്കുന്ന മാസ്‌കുകള്‍ വീണ്ടും കഴുകി ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് പരമാവധി മാസ്‌കുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം. മാസ്‌കുകള്‍ ആവശ്യമുള്ളവര്‍ കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 04862232223.

Content Highlights: Kudumbashree steps up production of masks