രുന്ന് നല്‍കാനെത്തിയ വീട്ടിലെ സ്ത്രീയെ എസ്.ഐ. കണ്ണിമചിമ്മാതെ നോക്കി. ആകാംക്ഷയോടെ നില്‍ക്കുന്ന അവര്‍ക്കുമുന്നില്‍ എസ്.ഐ. മുഖാവരണം മാറ്റി വിളിച്ചു, 'ടീച്ചറേ...'. 'എടാ ടോള്‍സാ...' ഹംസകുമാരി തിരിച്ചുവിളിച്ചു. ഒന്നുമറിയാതെ അന്തംവിട്ടുനിന്ന ഭര്‍ത്താവ് ഗോപിനാഥന്‍ നായരോട് അവര്‍ പറഞ്ഞു, ഇവന്‍ എന്റെ പ്രിയ ശിഷ്യനാ... അമ്പരപ്പുകള്‍ക്കിടയില്‍ ടോള്‍സണ്‍ പറഞ്ഞു- ''ഈ ടീച്ചറില്ലായിരുന്നെങ്കില്‍ എന്നെ ഈ നിലയില്‍ കാണാന്‍ പറ്റില്ലായിരുന്നു സാറേ...''

ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമരുന്ന് വേണമെന്ന് പോലീസില്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഹംസകുമാരിയെന്ന വിരമിച്ച അധ്യാപികയെ തേടിയെത്തിയത് വിദ്യാലയത്തിലെ ഓര്‍മകള്‍ കൂടിയാണ്.

കഥ ഇങ്ങനെ: രണ്ടുനേരം കഴിക്കുന്ന വിലയേറിയ മരുന്നാണ് ടീച്ചറുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ലോക്ഡൗണില്‍ മരുന്നു കിട്ടാതായി. സഹായത്തിനായി ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലേക്ക് വിളിച്ചു. മരുന്നിന്റെ പേരും എത്തിക്കേണ്ട വീടിന്റെ മേല്‍വിലാസവും നല്‍കി. പോലീസ് ഇടപെട്ട് തിരുവനന്തപുരത്തുനിന്ന് മരുന്നെത്തിച്ചു. ആവശ്യക്കാരിക്ക് എത്തിച്ചുകൊടുക്കാന്‍ തോണ്ടന്‍കുളങ്ങര 'സരോവര'ത്തിനുമുന്നില്‍ നോര്‍ത്ത് എസ്.ഐ. എത്തിയപ്പോഴാണ് ഓര്‍മകളുടെ ചെപ്പുതുറന്നത്.

കാട്ടൂര്‍ ഹോളിഫാമിലി സ്‌കൂളിലെ കായികാധ്യാപികയായിരുന്നു ഹംസകുമാരി. വിരമിച്ചിട്ട് അഞ്ചുവര്‍ഷമായി. 21 വര്‍ഷം മുമ്പാണ് എസ്.ഐ. ടോള്‍സണ്‍ ജോസഫ് അവിടെ പഠിച്ചത്. ഓട്ടത്തിലും ചാട്ടത്തിലും മിടുക്കനായിരുന്ന ടോള്‍സണ്‍ ടീച്ചറുടെ പ്രിയ ശിഷ്യനായി. സ്‌കൂള്‍ കായിക വേദികളിലെല്ലാം ടോള്‍സണെ കൊണ്ടുപോയിരുന്നത് ഹംസകുമാരിയാണ്. മക്കളില്ലാത്ത എനിക്ക് ശിഷ്യരാണ് മക്കള്‍. ഈ കോവിഡ് കാലത്തെ ഒറ്റപ്പെടലിലും അവരെത്തിയില്ലേ... -ഹംസകുമാരി പറഞ്ഞു.

Content Highlights: Kerala Police Inspector takes medicine to his former teacher