ഭയപ്പാടും വിമർശനങ്ങളുമല്ല, ഒറ്റക്കെട്ടായി പ്രതിരോധനിര തീർത്ത് കൊറോണയെ കെട്ടുകെട്ടിക്കുകയാണ് ഇപ്പോൾ വേണ്ടതെന്ന്  സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ​ശൈലജ പറയുന്നു. മാതൃഭൂമി പ്രതിനിധി ടി.ജി. ബേബിക്കുട്ടിക്ക് അനുവദിച്ച അഭിമുഖത്തിൽനിന്ന്

നിയന്ത്രണങ്ങൾ എത്രനാൾ വേണ്ടുവരും. ശുഭവാർത്തയ്ക്ക് സമയമായോ

= നിരീക്ഷണം തുടരുകയാണ്. രോഗികളുമായി അടുത്തബന്ധം പുലർത്തിയ 129 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇവരുടെ പരിശോധനാഫലം നിർണായകമാണ്. രോഗബാധിതരായ റാന്നി സ്വദേശികൾ ഇതുവരെ വെളിപ്പെടുത്തിയ വിവരം അനുസരിച്ചാണ് ഇത്രയും പേരെ പ്രത്യേകനിരീക്ഷണത്തിൽ വെച്ചിട്ടുള്ളത്. അവർ പോയസ്ഥലങ്ങളും മറ്റും വെളിപ്പെടുത്താൻ മടിക്കുന്നതാണ് പ്രശ്‌നം.  ഇറ്റലിക്കാരിൽനിന്ന് പകർന്നുവെന്ന് കരുതുന്നവരുടെ കാര്യത്തിൽ ഏതായാലും രണ്ടാഴ്ചകൂടി കഴിയുമ്പോഴേക്കും ചിത്രം വ്യക്തമാകും. 

 പുതുതായി കൂടുതൽ രോഗികളുണ്ടായില്ലെങ്കിൽ മാർച്ച് 31 കഴിയുമ്പോഴേക്കും നിയന്ത്രണങ്ങളിൽ അയവുവരുത്താനാകുമെന്നാണ് കരുതുന്നത്. എന്നാൽ, പോസിറ്റീവ് കേസുകൾ വന്നാൽ അവരുമായി സമ്പർക്കമുള്ളവരെ കണ്ടെത്താനുള്ള  ഭഗീരഥപ്രയത്നം നടത്തേണ്ടതായും വരും. ഇത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കും.  

പൊതുഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോ 

= പൊതുഗതാഗതം നിയന്ത്രിക്കേണ്ട സ്ഥിതി ഇപ്പോഴില്ല. അങ്ങനെ വന്നാൽ ജനങ്ങളെ കുറെക്കൂടി പേടിപ്പിക്കാനേ അത് ഉപകരിക്കൂ. തീവണ്ടിയിലോ, ബസിലോ ഉള്ള ഒരാൾക്ക് രോഗമുണ്ടെങ്കിൽ തീവണ്ടിയിൽ ആ കമ്പാർട്ട്മെന്റിൽ വന്നവരെയും ആ ബസിലെ യാത്രക്കാരെയും നിരീക്ഷിച്ചാൽ മതിയാകും. എന്നാൽ, ഇപ്പോഴത്തെ സ്ഥിതിയിൽതന്നെ ബസിലും തീവണ്ടിയിലുമൊക്കെ യാത്രക്കാർ കുറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആ പേടി മുതലെടുക്കാനാണ് ജനങ്ങളെ പേടിപ്പിക്കുന്നെന്ന് പ്രതിപക്ഷനേതാവ് പ്രസ്താവന നടത്തുന്നത്. 

മാർച്ച് മൂന്നുമുതൽ വിദേശങ്ങളിൽനിന്ന് വരുന്ന വരെയെല്ലാം പരിശോധിക്കുന്നുണ്ട്. അതിനാൽത്തന്നെ വിമാനങ്ങളിൽ വരുന്നവരെ കൃത്യമായി കണ്ടെത്താനാകുന്നുണ്ട്. ബോധപൂർവം ആരെങ്കിലും പോയാൽ ഒന്നും ചെയ്യാനാകില്ല.മറ്റു സ്ഥലങ്ങളിൽ ഇറങ്ങി തീവണ്ടികളിലും മറ്റും വരുന്നവരുണ്ടോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. അതുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓരോ വാർഡിലും ഇത്തരത്തിൽ എത്തിയവരെക്കുറിച്ചുള്ള വിവരം ശേഖരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. വിദേശത്തുനിന്നെത്തുന്നവരെ കണ്ടെത്താനും ഈ രീതി സ്വീകരിക്കാനാണ് ആലോചിക്കുന്നത്. വിദേശത്തുനിന്നെത്തിയ രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക നിരീക്ഷണത്തിൽ വെക്കും. 

 വിമർശനത്തെ എങ്ങനെ കാണുന്നു 

= ഇതെന്റെ മിടുക്കല്ല. എനിക്ക് ഒറ്റയ്ക്ക് ഒന്നും കഴിയുകയുമില്ല. മാധ്യമങ്ങൾക്ക് ആവശ്യമായ വിവരം ഒരാൾമാത്രം നൽകുക എന്ന രീതിയാണ് ഇത്തരം ദുരന്തസമയത്തെല്ലാം ചെയ്യേണ്ടത്. ഉദ്യോഗസ്ഥർതന്നെയാണ് എന്നെ അതിനായി നിയോഗിച്ചത്. ഞാൻ ഇല്ലാത്തപ്പോൾ അവർ പത്രക്കുറിപ്പ് നൽകും. മന്ത്രിയിൽനിന്നുതന്നെ കേൾക്കുമ്പോൾ ജനങ്ങൾക്കത് ആശ്വാസമാകുന്നെങ്കിൽ ആകട്ടെയെന്നേ കരുതുന്നുള്ളൂ. ജനങ്ങളെ പേടിപ്പിക്കാനല്ല അത് പറയുന്നത്. മാധ്യമങ്ങൾക്കു മുന്നിൽ വന്ന് ഇമേജ് വർധിപ്പിക്കാൻ ഒരു ശ്രമവുമില്ല. ഈ ഇമേജ് അതേപടി നിലനിൽക്കുമെന്ന കരുതുന്നുണ്ടോ. നാളെ ഏതെങ്കിലും ചെറിയൊരു പോരായ്മയുണ്ടെങ്കിൽ ഇതെല്ലാം പോകില്ലേ. 

ഇറ്റലിയിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാനാവില്ലേ

= ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നവർ വലിയ സങ്കടത്തിലാണെന്നാണ് മനസ്സിലാക്കുന്നത്. കഴിഞ്ഞദിവസം അതിലൊരാൾ വിളിച്ചിരുന്നു. ഇവിടെ വന്നാൽ അവരെ സ്വീകരിക്കുന്നതിന് ഒരു തടസ്സവുമില്ല. എന്താണ് വേണ്ടതെന്നുവെച്ചാൽ ചെയ്യാനാകും. എന്നാൽ, കേന്ദ്രസർക്കാരാണ് അവരെ കൊണ്ടുവരാൻ നടപടി സ്വീകരിക്കേണ്ടത്. ഒരു സംസ്ഥാനംമാത്രം വിചാരിച്ചാൽ നടക്കില്ല. കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭ പ്രമേയം പാസാക്കുകയുമുണ്ടായി. എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അവരെ കൊണ്ടുവരുമെന്നാണ് കരുതുന്നത്. അടുത്ത ബന്ധുക്കളെ കാണണമെന്ന് തോന്നുന്നത് അസുഖം വരുമ്പോഴാണല്ലോ. അവരുടെ സങ്കടം നമുക്ക് മനസ്സിലാകും. 

പ്രതിരോധപ്രവർത്തനങ്ങൾക്കായി സന്നദ്ധപ്രവർത്തകർ രംഗത്തുവരുന്നുണ്ടല്ലോ. ജീവനക്കാരുടെയോ ഉപകരണങ്ങളുടെയോ കുറവുണ്ടോ

= സന്നദ്ധപ്രവർത്തനത്തിന് താത്‌പര്യമുള്ള ഒട്ടേറെ ആളുകൾ എന്നെയും ബന്ധപ്പെടുന്നുണ്ട്. എന്നാൽ, എല്ലാവരെയും ഉപയോഗിക്കാനാവില്ല. പ്രത്യേക പരിശീലനം നൽകേണ്ടിവരും. നിലവിൽ ജീവനക്കാർക്ക് ക്ഷാമമില്ല. മെഡിക്കൽ കോളേജുകളിൽനിന്ന് പി.ജി. ഡോക്ടർമാരെയും ഹൗസ് സർജന്മാരെയും ഒക്കെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമുണ്ടെങ്കിൽ താത്‌കാലിക ജീവനക്കാരെ നിയോഗിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നല്ല ടീംവർക്ക്‌ ആരോഗ്യപ്രവർത്തകർ ചെയ്യുന്നുണ്ട്. മുഖാവരണത്തിന്റെ കുറവ് ഇപ്പോഴുണ്ട്. മറ്റെവിടെനിന്നെങ്കിലും എത്തിക്കാനാകുമോ എന്നാണ് നോക്കുന്നത്. ദുബായ് അടക്കം പല രാജ്യങ്ങളും മുഖാവരണം സംഭരിച്ച് വെക്കുകയാണ്. ചൈനയിൽനിന്ന് അസംസ്‌കൃത വസ്തുക്കൾ എത്തിക്കാനുമാകുന്നില്ല. കോട്ടൺ മുഖാവരണം നിർമിക്കാനാകുമോ എന്നകാര്യം കമ്പനികളുമായി ആലോചിക്കുന്നുണ്ട്. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ വസ്ത്രങ്ങളും മറ്റും ഇപ്പോൾ ആവശ്യത്തിനുണ്ട്. എന്നാൽ, കൂടുതൽ രോഗബാധിതരുണ്ടായാൽ അത് വലിയപ്രശ്‌നമാകും. കിട്ടാവുന്നിടത്തുനിന്ന് വാങ്ങാൻ സർക്കാർ അനുമതി തന്നിട്ടുണ്ട്. എത്ര വില ആയാലും. 

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടോ. കേന്ദ്രത്തിൽനിന്ന് എന്തെങ്കിലും പ്രത്യേക സഹായം

= കേന്ദ്രം പ്രത്യേക ഫണ്ടെന്നും അനുവദിച്ചിട്ടില്ല. അവരുടെ ധാർമിക പിന്തുണ ലഭിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. നമ്മുടെ പ്രതിരോധപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇവിടെ സാമ്പത്തികപ്രതിസന്ധികാരണം പദ്ധതിവിഹിതം കുറച്ചിട്ടുണ്ട്. എന്നാൽ, ഇതിനായി പണം എത്രവേണമെങ്കിലും വിനിയോഗിക്കാൻ മുഖ്യമന്ത്രി അനുമതി തന്നിട്ടുണ്ട്. ദേശീയ ആരോഗ്യദൗത്യത്തിന്റെ പണവും വിനിയോഗിക്കാനാകുന്നുണ്ട്. 

content highlights: kerala health minister kk shailaja teacher interview Corona Virusoutbreak