തൃശ്ശൂർ : ആറു മണിക്കൂർ ഓൺലൈൻ ക്ലാസ്...  ഇടയ്ക്ക് ഒരുമണിക്കൂർ ഉച്ചഭക്ഷണത്തിനായി ബ്രേക്ക്. ആവശ്യമുള്ള ഭക്ഷണം തനിച്ചുണ്ടാക്കി കഴിക്കും... ഇറ്റലിയിലെ മിലാനിൽനിന്ന് നാട്ടിലെത്തിയെങ്കിലും ഇരിങ്ങാലക്കുടക്കാരന്റെ ‘പഠനം’ ഇപ്പോഴും ഇറ്റലിയിൽ തന്നെ.

ഇറ്റലിയെ കൊറോണ വിഴുങ്ങാൻ തുടങ്ങിയപ്പോൾ നാട്ടിലേക്ക് എത്തിയതാണ് ആ യുവാവ്. ഇരിങ്ങാലക്കുടയിലെ വീട്ടിൽ തനിച്ച്. അച്ഛനും അമ്മയും ദുബായിലാണ്. യുവാവ് എത്തുന്നതിന് മുന്നേ മുത്തച്ഛനും ചെറിയമ്മയും ഭക്ഷണമുണ്ടാക്കാൻ ആവശ്യമായതൊക്കെ വീട്ടിൽ കരുതിവെച്ചു.

നിരീക്ഷണത്തിലുള്ളവർ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കണമെന്നാണ് സർക്കാർ നിർദേശം. ഇവിടെ ഒരു വീട്ടിൽ തനിച്ചിരിക്കുകയാണ് ഈ എയ്‌റോസ്‌പേസ് എൻജിനീയറിങ് വിദ്യാർഥി.

‘വെറുതേ എന്തിനാ ആളുകളെ റിസ്‌കിലാക്കുന്നത്... അതുകൊണ്ടാ ഒറ്റയ്ക്ക് വീട്ടിൽ കഴിയാമെന്ന് വിചാരിച്ചത്... കൊറോണ സെല്ലിൽ നിന്ന് ആവശ്യത്തിന് സാധനങ്ങൾ എത്തിക്കാമെന്നൊക്കെ പറഞ്ഞു. എനിക്ക് പാചകമറിയാം. ഇറ്റലിയിൽ തനിച്ചായിരുന്നു പാചകമൊക്കെ...’ യുവാവ് പറയുന്നു.

ഇറ്റലിയിലെ പോളിടെക്‌നിക്കോ മിലാനോ സർവകലാശാലയിലാണ് പഠിക്കുന്നത്.

കൊറോണബാധയിൽ ഇറ്റലിയിൽ മരണസംഖ്യ ഉയരാൻ തുടങ്ങിയതോടെ എട്ടാം തീയതിയാണ് യുവാവ് വീട്ടിലെത്തിയത്. ‘ക്ലാസിൽ ഇരിക്കുന്നതുപോലെ തന്നെ... വീഡിയോ കോൺഫറൻസിലൂടെയാണ്... ഇടയ്ക്ക് ഒരുമണിക്കൂർ ലഞ്ച് ബ്രേക്ക്... ചോറും ചപ്പാത്തിയുമൊക്കെ ഞാൻ തന്നെ ഉണ്ടാക്കും.

എന്തെങ്കിലും ആവശ്യമുണ്ടെന്ന് വിളിച്ചുപറഞ്ഞാൽ വീട്ടുകാർ ഗേറ്റിൽ കൊണ്ടുവന്ന് വെയ്ക്കും... പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകുന്നു...’-യുവാവ്‌ പറയുന്നു.

Content Highlights: Italy student on Home quarantine at Thrissur