കോവിഡ് 19 അതിന്റെ ലോക വ്യാപനം തുടങ്ങിയിട്ട് മാസം അഞ്ചായി. ലോകമെമ്പാടും മുപ്പത്താറുലക്ഷം പേര്‍ക്ക് ഇതിനകം രോഗം പിടിപെട്ടു കഴിഞ്ഞു. മരണസംഖ്യ മൂന്നു ലക്ഷത്തിലേക്കെത്തുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, വിഖ്യാത ഗായിക മഡോണ എന്നിവര്‍ മുതല്‍ ധാരാവിയിലെ ചേരിനിവാസികള്‍ വരെ കൊറോണ രോഗബാധിതരായി. രോഗം വന്നവരില്‍ മിക്കവര്‍ക്കും കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നെങ്കിലും അമ്പതിനായിരത്തില്‍പ്പരം പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണത്രേ. പ്രായമുള്ളവരിലും പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നു തുടങ്ങിയ രോഗമുള്ളവര്‍ക്കുമാണ് ഈ രോഗം ഗുരുതരമാവുന്നത്.

കൊറോണ വൈറസിന്റെ പുതിയ അവതാരമായതിനാല്‍ (നോവല്‍ കൊറോണ വൈറസ്) ഫലപ്രദമായ മരുന്നുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യവും ഇതുതന്നെ. ശത്രുവിനെ നേരിടാന്‍ ആവനാഴിയില്‍ ഒരു അസ്ത്രം പോലും ഇല്ലാതെ യുദ്ധരംഗത്ത് ഇറങ്ങേണ്ടിവന്ന അവസ്ഥയാണിപ്പോള്‍. ശത്രുസൈന്യം അകത്തുകടക്കാതിരിക്കാന്‍ ചുറ്റും പ്രതിരോധക്കോട്ട നിര്‍മ്മിച്ചു രാജ്യത്തിനകത്തിരിക്കുകയാണിന്ന് നാം. എപ്പോഴാണ് ഈ പ്രതിരോധം തകര്‍ത്ത് ശത്രുസൈന്യം നമ്മുടെ രാജ്യത്തേക്ക് ഇരച്ചുകയറുക എന്നാലോചിച്ച് അല്പം ഭയപ്പാടോടെ തന്നെയാണ് നാമിന്ന് ജീവിക്കുന്നത്.

ലോകമെമ്പാടും ശാസ്ത്രജ്ഞന്‍മാര്‍ അവരുടെ പണിപ്പുരയിലാണ്. കോവിഡിനോട് സാമ്യമുള്ള വൈറസുകളെ പിടിച്ചുകെട്ടാന്‍ ഉപകരിച്ച മരുന്നുകള്‍ കോവിഡ് രോഗികളില്‍ പരിശോധിക്കുന്നുമുണ്ട്. ചില മരുന്നുകള്‍ കുറച്ചൊക്കെ ഫലപ്രദമാണെന്ന് മനസ്സിലാക്കിവരുന്നുമുണ്ട്. എന്നാല്‍ നാം ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്നത് ഈ രോഗം പകരുന്നത് തടയാനുതകുന്ന- ഈ രോഗത്തെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കാന്‍ ശക്തിയുള്ള ഒരു വാക്സിന്റെ പിറവിക്കുവേണ്ടിയാണ്. നാം ഇതുവരെ ഒരു വാക്സിനുവേണ്ടി ഇത്രയേറെ ആകാംഷയോടെ കാത്തിരുന്നിട്ടില്ല.

വാക്‌സിനേഷന്‍ തുടക്കം 
രോഗപ്രതിരോധത്തിനുതകുന്ന കുത്തിവെപ്പുകളുടെ ജനനത്തിന് ഒരുക്കങ്ങള്‍ തുടങ്ങുന്നത് ഏകദേശം രണ്ടു നൂറ്റാണ്ടിനപ്പുറത്താണ്. ചൈനയിലാണത്രേ ഈ ആശയം ഉടലെടുത്തത്. പക്ഷേ വാക്സിനേഷന്‍ ചരിത്രപുസ്തകങ്ങളില്‍ ഇടം പിടിക്കുന്നത് എഡ്വേര്‍ഡ് ജെന്നര്‍ 1796ല്‍ വസൂരി കുത്തിവെപ്പ് കണ്ടുപിടിച്ചതോടെയാണ്. ലൂയി പാസ്ചറുടെ കണ്ടുപിടിത്തങ്ങള്‍ പേ വിഷബാധ, കോളറ, ആന്ത്രാക്സ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് ഹേതുവായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വികസിപ്പിച്ചെടുത്ത ബി.സി.ജി. വാക്സിന്‍ അല്‍പ്പസ്വല്‍പ്പം ഭേദഗതികളോടെ ഇന്നും നാം കുട്ടികള്‍ക്ക് ഉപയോഗിക്കുന്നു. പോളിയോ നിര്‍മാര്‍ജ്ജനത്തിലൂടെ പോളിയോ വാക്സിന്‍ ചരിത്രത്തില്‍ ഇടംപിടിക്കപ്പെട്ടു.

വാക്സിന്‍ വിരുദ്ധത 
ഇരുപതാം നൂറ്റാണ്ടില്‍ പല മാരകരോഗങ്ങള്‍ക്കും മേലെ വാക്സിന്‍ അതിന്റെ വിജയക്കൊടി നാട്ടുന്നത് നാം കണ്ടു. മിക്ക ലോകരാജ്യങ്ങളിലും കുട്ടികള്‍ക്കുള്ള കുത്തിവയ്പ് നിര്‍ബന്ധിതവുമാക്കി. പക്ഷേ ഇതിനു സമാന്തരമായി വാക്സിന്‍ വിരുദ്ധലോബിയും തലപൊക്കാന്‍ തുടങ്ങി. ഇത്തരം പേരുടെ ഇടപെടലുകള്‍ മൂലം നിര്‍മ്മാര്‍ജ്ജനത്തിന്റെ വക്കോളമെത്തിയ പല രോഗങ്ങളും (ഡിഫ്ത്തീരിയ, അഞ്ചാംപനി) ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. 2019 ല്‍ ലോകാരോഗ്യ സംഘടന ആരോഗ്യത്തിന്റെ പത്തു ഭീഷണികളില്‍ ഒന്നായി വാക്സിന്‍ വിരുദ്ധതയേയും പെടുത്തിയിട്ടുണ്ട്.

വാക്‌സിന്റെ ശാസ്ത്രം
നമ്മുടെ ശരീരത്തിന് അന്യമായ അണുക്കള്‍ നമ്മുടെ ശരീരത്തിനകത്തേക്കു പ്രവേശിക്കുകയാണെങ്കില്‍, (അത് ബാക്ടീരിയയോ വൈറസോ ആകാം) മനുഷ്യശരീരം അത്തരം അണുക്കളെ പ്രതിരോധിക്കാന്‍ ഉതകുന്ന പടക്കോപ്പുകള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. ഇത്തരം കണികകളെ ആന്റിബോഡി എന്ന് വിളിക്കുന്നു. ശരീരത്തിലെ ശ്വേതരക്താണുക്കളില്‍ ചിലതാണ് (B-Cells) ഇത്തരം ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നത്. മറ്റു ചില ശ്വേതാണുക്കള്‍ (T-Cells) ഇത്തരം പടക്കോപ്പു നിര്‍മ്മാണ വിദ്യ സൂക്ഷിച്ചുവെക്കുന്നു (Memory Cells).  ഇതേ രോഗാണുക്കള്‍ അടുത്ത വണ നമ്മുടെ ശരീരത്തെ അക്രമിക്കുകയാണെങ്കില്‍ വളരെ പെട്ടെന്നു തന്നെ പ്രതിരോധം സൃഷ്ടിക്കാന്‍ നമ്മുടെ ശരീരത്തിന് ഇതുമൂലം സാധിക്കുന്നു. 

രോഗകാരികളായ അണുക്കളുടെ ശരീരഭാഗങ്ങളില്‍ നിന്നാണ് വാക്സിന്‍ ഉത്പാദിപ്പിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലേക്ക് കുത്തിവെച്ചാല്‍ അതിനെതിരായുള്ള ആന്റിബോഡികള്‍ നിര്‍മ്മിക്കപ്പെടുന്നു. നമ്മുടെ ശരീരത്തിലെ മെമ്മറി സെല്ലുകള്‍ ഈ വിവരത്തെ ശേഖരിച്ചുവെയ്ക്കുന്നു. പട്ടാളക്കാര്‍ നടത്തുന്ന റിഹേഴ്സലിന് സമാനമാണ് ഈ സംഭവം. പിന്നീട് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ നമ്മുടെ ശരീരം വളരെ പെട്ടെന്ന് ആന്റിബോഡികള്‍ നിര്‍മ്മിച്ച് രോഗവ്യാപനത്തെ തടയുന്നു. ഇതാണ് പ്രതിരോധ കുത്തിവെപ്പിന്റെ  അടിസ്ഥാന തത്ത്വം.
  
കോവിഡ് വാക്‌സിനേഷന്‍ നിര്‍മ്മാണ പ്രക്രിയ
കോവിഡിന് എതിരായി നൂറോളം വാക്സിനുകള്‍ ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ ശരീരത്തില്‍ രോഗപ്രതിരോധത്തിന് ആവശ്യമായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാന്‍ ഉതകുന്ന കണികകള്‍ നിര്‍മ്മിക്കുകയാണ് വാക്സിന്‍ നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടം. എന്നാല്‍ ഇത്തരം കണികകളെക്കൊണ്ട് സ്വീകര്‍ത്താവിന് രോഗമോ മറ്റു വിപരീത ഫലങ്ങളോ ഉണ്ടാകാന്‍ പാടുള്ളതുമല്ല. ചില രാസപ്രവര്‍ത്തനങ്ങള്‍ കൊണ്ട് വൈറസിനെ നിര്‍വീര്യമാക്കുന്നതാണ് ഒരു വഴി. പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അമേരിക്കയിലെ ഒരു വാക്സിന്‍ നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്ന് ഇത്തരത്തിലൊരു വാക്സിന്‍ നിര്‍മ്മിക്കുവാനുള്ള പുറപ്പാടിലാണ്. ചൈനയിലെ സിനോവാക് ബയോടെക് എന്ന സ്ഥാപനം ഇത്തരത്തിലുള്ള ഒരു വാക്സിന്‍ വികസിപ്പിച്ചെടുക്കുകയും മനുഷ്യരില്‍ പരീക്ഷണങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ വിഖ്യാതമായ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു പടികൂടി മുമ്പിലേക്ക് പോയിട്ടുണ്ട്. അവിടെ നിന്ന് വികസിപ്പിച്ചെടുത്ത വാക്സിന്‍  ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ പുറന്തോടിലുള്ള സ്പൈക്ക് പ്രോട്ടീന്‍  ഉത്പാദിപ്പിക്കുന്ന ജനിതക ഘടന  നിര്‍വീര്യമാക്കപ്പെട്ട ഒരു വൈറസില്‍  കടത്തിയാണ് അവര്‍ വാക്സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അമേരിക്കയിലെ മൊഡേര്‍ണ എന്ന സ്ഥാപനവും ജര്‍മനിയിലെ ഫൈസര്‍ എന്ന സ്ഥാപനവും ജനിതക മാറ്റത്തിലൂടെ വികസിപ്പിച്ചെടുത്ത വൈറസിന്റെ ആര്‍.എന്‍.എ.യാണ് വാക്സിന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. 

വാക്സിന്‍ എപ്പോള്‍ പ്രതീക്ഷിക്കാം?
ഒരു വാക്സിന്‍ നിര്‍മ്മിച്ച് പരീക്ഷണങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങാന്‍ കാലതാമസം ഉണ്ടായേക്കാം. മുന്‍കാലങ്ങളെ അപേക്ഷിച്ച് സമയദൈര്‍ഘ്യം കുറവാണെങ്കിലും സാധാരണയായി പരീക്ഷണ ഘട്ടങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാം. ഒരു വാക്സിന്‍ നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞാല്‍ മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് മുന്‍പ് മൃഗങ്ങളില്‍ പരീക്ഷിക്കേണ്ടതായിട്ടുണ്ട്. 
പ്രസ്തുത വാക്സിന്റെ രോഗ പ്രതിരോധത്തിനായുള്ള കഴിവ്, അതിന്റെ ദൂഷ്യഫലങ്ങള്‍ എന്നിവയാണ് ഇതുവഴി പരിശോധിക്കുന്നത്. ജനിതക വ്യതിയാനം വരുത്തിയ കുരങ്ങന്‍മാര്‍, എലികള്‍, പന്നികള്‍, പട്ടികള്‍ എന്നിവയിലാണ് സാധാരണയായ പരീക്ഷണങ്ങള്‍ നടത്താറ്.

മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമാണെങ്കില്‍ മനുഷ്യരില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കും. മൂന്നു ഘട്ടങ്ങളായിട്ടാണ് പരീക്ഷണങ്ങള്‍ നടത്തപ്പെടുന്നത്. തുടക്കത്തില്‍ പരീക്ഷണത്തിന് സമ്മതമായ കുറച്ചുപേര്‍ക്ക് വാക്സിന്‍ നല്‍കും. കുറച്ചുപേര്‍ക്ക് സമാനമായ മറ്റെന്തെങ്കിലും വസ്തു (ഉദാ: വേറൊരു വാക്സിന്‍) നല്‍കും. പരീക്ഷണങ്ങളുടെ വിജയം അനുസരിച്ച് കൂടുതല്‍ പേരില്‍ വാക്സിന്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് അടുത്തപടി. ഇപ്പോഴത്തെ വിവരമനുസരിച്ച് അഞ്ചോളം വാക്സിനുകള്‍ ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിന്‍ ഇതുവരെ ഏതാണ്ട് ആയിരത്തി ഇരുന്നൂറുപേരില്‍ പരിശോധിച്ചു കഴിഞ്ഞു. 

വാക്സിന്‍- ഇപ്പോഴത്തെ അവസ്ഥ
ബില്‍ഗേറ്റ്സ് പറയുന്നതു ശ്രദ്ധിക്കൂ. കോവിഡ് വൈറസിനെ ലോകത്തുനിന്ന് തുടച്ചുനീക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങളേയുള്ളൂ. ഒന്ന് നൂറുശതമാനം ഫലപ്രദമായ മരുന്നുകണ്ടുപിടിക്കുക. രണ്ട് നൂറു ശതമാനം ഫലപ്രദമായ വാക്സിന്‍ ലോകത്തിലെ എല്ലാവര്‍ക്കും നല്‍കുക. ഈ വാചകം വായിക്കുമ്പോള്‍ നമുക്ക് 'എന്തു സുന്ദരമായ നടക്കാത്ത സ്വപ്നം' എന്ന് മനസ്സില്‍ തോന്നുന്നുണ്ടെങ്കില്‍ അത്ഭുതമില്ല. ഫലപ്രദമായ മരുന്ന് ഇനിയും കണ്ടുപിടിച്ചിട്ടില്ല. പരീക്ഷണങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ടെങ്കിലും.

വാക്സിന്‍ പുറത്തുവരാനും കടമ്പകള്‍ ഏറെയുണ്ട്. ഒന്നാമത് അത് ഫലപ്രദമായിരിക്കണം. രണ്ടാമത് അത് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതായിരിക്കണം. വാക്സിന്‍ അത്യാവശ്യമായി വേണ്ട മറ്റുചില വസ്തുതകള്‍ ഇവയാണ്. ഉപയോഗിക്കാന്‍ എളുപ്പമുള്ളതായിരിക്കണം. അതിന്റെ ഫലം വളരെക്കാലം (പറ്റുമെങ്കില്‍ ജീവിതകാലം മുഴുവന്‍) നിലനില്‍ക്കുന്നതായിരിക്കണം. വാക്സിന്‍ ശേഖരിച്ചുവെക്കാന്‍ എളുപ്പമുള്ളതായിരിക്കണം. ഇത്തരം ഒരു വാക്സിനാണ് നമുക്കിന്നാവശ്യം. ഇപ്പോഴത്തെ അവസ്ഥയില്‍ ലോകത്തെല്ലായിടത്തും എല്ലാവര്‍ക്കും ഈ വാക്സിന്‍ കൊടുക്കണമെങ്കില്‍ ചുരുങ്ങിയത് 10 ബില്യണ്‍ വാക്സിന്‍ ഉത്പാദിപ്പിക്കേണ്ടിവരും.

അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് എന്ന സ്ഥാപനത്തിന്റെ തലവനായ ഡോ. ആന്റണി ഫൗസി ഒന്നര വര്‍ഷം കൊണ്ട് ഫലപ്രദമായ വാക്സിന്‍ പുറത്തുവരുമെന്ന് ഉറപ്പുതരുന്നു. ലോകത്തില്‍ തന്നെ ഏറ്റവും അധികം വാക്സിന്‍ ഉത്പാദിപ്പിക്കപ്പെടുന്ന പൂനയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. പൂനാവാലയും ഇതേ അഭിപ്രായം പങ്കുവെയ്ക്കുന്നു. ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്‍ വാക്സിന്‍ പരീക്ഷണങ്ങള്‍ക്കായി 250 മില്യണ്‍ ഡോളര്‍ വകവരുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ജെന്നിഫെര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമുഖ ശാസ്ത്രജ്ഞ പ്രൊഫ. സാറാ ഗില്‍ബര്‍ട്ട് അവരുടെ വാക്സിന്‍ ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഈ സെപ്റ്റംബറില്‍ തന്നെ പുറത്തിറക്കിയേക്കും എന്നു ശുഭാപ്തി വിശ്വാസം നല്കിയിട്ടുണ്ട്.

ഇത്തരം കാര്യങ്ങള്‍ ആശ്വാസം തരുന്നുണ്ടെങ്കിലും പല രോഗങ്ങള്‍ക്കും വാക്സിന്‍ ഇനിയും കണ്ടുപിടിച്ചിട്ടില്ല എന്ന പരമാര്‍ത്ഥം നാം മറന്നുകൂടാ. മെര്‍സ്, സാര്‍സ് തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള വാക്സിന്‍ പരീക്ഷണങ്ങള്‍ ഇടയ്ക്കുവെച്ചു നിലയ്ക്കപ്പെട്ടു. ഡെങ്കി, മലമ്പനി, എച്ച്.ഐ.വി. തുടങ്ങിയ രോഗങ്ങള്‍ക്ക് ഇന്നേവരെ വാക്സിന്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ നമുക്കു കാത്തിരിക്കാം.

ബി.സി.ജി. വാക്സിന്‍ കോവിഡ് ചികിത്സയ്ക്ക്
ബി.സി.ജി. വാക്സിന്‍ വ്യാപകമായി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കോവിഡ് ബാധയുടെ തീവ്രത മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുലോം കുറവാണെന്ന് വാദമുണ്ട്. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ക്ഷയരോഗങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാണ് നമ്മുടെ വാക്സിനേഷന്‍ പദ്ധതിയില്‍ ഈ കുത്തിവെയ്പ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് ബാധയുള്ളവര്‍ക്ക് കാണപ്പെടുന്ന സൈറ്റോകൈന്‍ സ്റ്റോം എന്ന ഗുരുതരാവസ്ഥയുടെ കാഠിന്യം ബിസിജി വാക്സിന്‍ എടുത്തിട്ടുള്ളവര്‍ക്ക് കുറവാണെന്നാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. ബി.സി.ജി. വാക്സിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്പാദകരായ പൂണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ജര്‍മനിയുമായി സംയോജിച്ച് പഠനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പരീക്ഷണങ്ങള്‍ ഫലപ്രദമാണെങ്കില്‍ തീരെ ചിലവുകുറഞ്ഞ ഒരു വാക്സിന്‍ ആയിരിക്കും ലോകത്തിന് ലഭിക്കാന്‍ പോകുന്നത്. ജര്‍മനിയിലെ സഹഗവേഷകന്‍ അഭിപ്രായപ്പെട്ടതുപോലെ 'ഒരു കപ്പ് ചായയുടെ വില മാത്രം'.

കോവിഡ് മഹാമാരി സമീപകാലത്തൊന്നും കെട്ടടങ്ങും എന്ന പ്രതീക്ഷ അസ്ഥാനത്താണ്. മരുന്നുകളും പുതിയ ചികിത്സാരീതികളും പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും നൂറുശതമാനം ഫലപ്രദമായ ചികിത്സാരീതികള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. പോളിയോ പോലെ, വസൂരിപോലെ, കൊറോണ വൈറസിനെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുന്ന ഒരു വാക്സിനാണ് ഇന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. സമീപ ഭാവിയില്‍ തന്നെ നമ്മുടെ പ്രതീക്ഷയ്ക്കൊത്തുള്ള ഒരു 'രക്ഷകന്‍' എത്തിച്ചേരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Content Highlights: Is there a vaccine for the Covid19 Corona Virus, Covid19, Corona Virus, Health