ക്ഷയരോഗത്തിനെതിരേ നൂറുകൊല്ലത്തോളമായി ഉപയോഗിച്ചുവരുന്ന ബി.സി.ജി. കുത്തിവെപ്പിന് കോവിഡ്-19-നെ പ്രതിരോധിക്കാനാവുമോ? ഇതേപ്പറ്റി അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പരീക്ഷണങ്ങള്‍ നടക്കുകയാണ്.

ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും സംയുക്തമായി രണ്ടുരാജ്യങ്ങളിലും ആരോഗ്യപ്രവര്‍ത്തകരില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നു. ഇന്ത്യയിലാകട്ടെ ഹരിയാണയില്‍ അടുത്തയാഴ്ച 175 പേരില്‍ പരീക്ഷണം തുടങ്ങുകയാണെന്നാണു വാര്‍ത്ത.  ബി.സി.ജി. കുത്തിവെപ്പ് കോവിഡ്-19-നെ പ്രതിരോധിക്കുന്നുണ്ടോ? കുത്തിവെപ്പെടുത്തിട്ടും കോവിഡ് വന്നാല്‍, അതെത്രത്തോളം ഗുരുതരമായി അവരെ ബാധിക്കുന്നുണ്ട് എന്നീ കാര്യങ്ങളാണ് ഹരിയാണയിലെ റോഹ്തക്കിലുള്ള പി.ജി.ഐ.എം.എസ്. ആശുപത്രി പഠിക്കുന്നത്. 

ഇതിനിടെയാണ്, ബി.സി.ജി. കുത്തിവെപ്പ് നിര്‍ബന്ധിതമാക്കിയ രാജ്യങ്ങളില്‍ കോവിഡ് ബാധയും മരണങ്ങളും കുറവാണെന്ന പഠനങ്ങള്‍. അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാല, ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയുടെ പഠനങ്ങളാണു വന്നത്. ഈ പഠനങ്ങള്‍ക്കൊന്നും അന്തിമാംഗീകാരം കിട്ടിയിട്ടില്ല. 1921-ലാണ് ബി.സി.ജി. പ്രതിരോധകുത്തിവെപ്പ് തുടങ്ങിയത്.  ലോകാരോഗ്യസംഘടനയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍.) ഈ നിഗമനത്തെ അനുകൂലിക്കുന്നില്ല.

Content Highlights: Is BCG Vaccine useful for Covid19 research, Health