തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ഐ.സി.യു.വില്‍ ആരോഗ്യമേഖലയിലെ ജീവനക്കാരിയല്ലാത്ത ഒരാളുണ്ട്; 22-കാരിയായ പി.ആര്‍. ഷിജി. ഷിജിക്ക് ഇവിടെ ജോലിക്ക് ശമ്പളമില്ല. ആനുകൂല്യങ്ങളില്ല. ഷിജി ഇവിടെ സ്റ്റാഫ് നഴ്‌സുമല്ല. സ്വകാര്യകോളേജില്‍ ബി.എസ്.സി. നഴ്‌സിങ് പൂര്‍ത്തിയാക്കി ഇവിടെ ഒരു വര്‍ഷം പ്രായോഗിക പരിശീലനം നടത്തുകയാണ്. കോവിഡ് വാര്‍ഡില്‍ ഇത്തരത്തിലുള്ള ഏക വ്യക്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആതുരസേവനം നടത്തുന്നവരെല്ലാം മാസാവസാനം ശമ്പളം വാങ്ങുമ്പോള്‍ ഷിജി നിശ്ചിത തുക ആശുപത്രിയിലേക്ക് അടയ്ക്കുന്നു. പരിശീലനത്തിനുള്ള ഫീസ്.

ഷിജിയോടൊപ്പമുണ്ടായിരുന്നവര്‍ കോവിഡ് ചികിത്സയുടെ ഒരുക്കങ്ങള്‍ തുടങ്ങിയതോടെ പരിശീലനം നിര്‍ത്തി. ഷിജിയാകട്ടെ, കോവിഡ് ഐ.സി.യു.വില്‍ ജോലി ചെയ്യാന്‍ അനുമതി തേടി. ഇപ്പോള്‍ അവധിയില്‍ വീട്ടിലാണ്. തൃശ്ശൂര്‍ പൂച്ചട്ടിയിലെ വീട്ടില്‍ ഏഴു ദിവസത്തെ നിരീക്ഷണ കാലാവധി കഴിഞ്ഞാല്‍ വീണ്ടും കോവിഡ് ഐ.സി.യു.വിലേക്ക്. മേയ് 31-ന് ഷിജിയുടെ പരിശീലന കാലാവധി തീരുകയാണ്. നന്നേ ചെറുപ്പത്തില്‍ അച്ഛന്‍ നഷ്ടപ്പെട്ട ഷിജി, അമ്മ എ.വി. ഉഷയുടെ തണലിലാണ് വളര്‍ന്നത്. ദിവസ വേതനത്തിന് തൊഴില്‍ ചെയ്യുകയാണ് അമ്മ. വലിയമ്മ ഇന്ദിരയും ഒപ്പം വീട്ടിലുണ്ട്.

''ഏത് രോഗത്തേയും ഒരേപോലെ സമീപിക്കണമെന്നാണ് വിശ്വസിക്കുന്നത്. അതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതും. ഏതുരോഗിയെയും അച്ഛനെയും അമ്മയെയുംപോലെ കരുതി ശുശ്രൂഷിക്കണമെന്നാണ് പഠിച്ചിട്ടുള്ളത്. എന്തിനേയും നേരിടാനുള്ള കരുത്ത് ജീവിതത്തില്‍നിന്ന് കിട്ടിയിട്ടുമുണ്ട്. പിന്നെന്തിന് മാറിനില്‍ക്കണം -ഷിജി പറയുന്നു.

Content Highlights: Intern Nurse working with Covid19 ICU as service at Thrissur Medical college