കൊറോണ വൈറസ് എന്ന് പറഞ്ഞ് പേടിയോടെ മാറിനില്‍ക്കാനൊന്നും തയ്യാറല്ല കളമശ്ശേരി മെഡിക്കല്‍കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന ഈ മാലാഖമാര്‍.

നാലുമണിക്കൂര്‍ ഷിഫ്റ്റില്‍ ജലപാനമില്ലാതെ നില്‍ക്കുമ്പോഴും കനത്ത ചൂടില്‍ പേഴ്‌സണല്‍ പ്രോട്ടക്ടീവ് കിറ്റ് (പി.പി.ഇ.) ധരിക്കുമ്പോഴും ഇവര്‍ക്ക് ഒരു പ്രാര്‍ഥനയേയുള്ളൂ. തങ്ങള്‍ ശുശ്രൂഷിക്കുന്നവര്‍ക്ക് രോഗം എത്രയും വേഗം ഭേദമാകണേയെന്ന്. ''ഞങ്ങളില്‍ പലരും ആഴ്ചകളായി വീട്ടില്‍ പോയിട്ട്. പി.പി.ഇ. കിറ്റിന്റെ ചൂട് താങ്ങാനാകാതെ തലകറക്കം വരുന്നവരുണ്ട്. ഐസൊലേഷന്‍ വാര്‍ഡില്‍ എ.സി. ഉപയോഗിക്കാന്‍ സാധിക്കില്ല. താപനില കുറഞ്ഞാല്‍ വൈറസിന്റെ വ്യാപനം കൂടുമെന്നതിനാലാണിത്. എന്നിട്ടും ആരും ഇതുവരെ ജോലിയില്‍നിന്ന് പിന്മാറിയിട്ടില്ല,'' മെഡിക്കല്‍കോളേജിലെ പേര് പറയാന്‍ ആഗ്രഹിക്കാത്ത ഒരു നഴ്‌സ് പറയുന്നു. പുറത്തേക്ക് ഇറങ്ങാത്തത് കാരണവും കുറെ സമയവും ഗൂഗിള്‍സ് ധരിക്കുന്നതുകൊണ്ടും ചില നേരത്ത് കണ്ണുകാണാത്ത പോലെ തോന്നും. നാലുമണിക്കൂറുള്ള ഷിഫ്റ്റില്‍ വെള്ളംകുടിക്കാനോ ശൗചാലയം ഉപയോഗിക്കാനോ സാധിക്കില്ല.

ആറ് ഷിഫ്റ്റുകളിലായാണ് നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. ജോലിക്ക് കയറുന്നതിന് അര മണിക്കൂര്‍ മുമ്പേ എത്തണം പി.പി.ഇ.കിറ്റ് ധരിക്കാനായി. ഐസൊലേഷന്‍ വാര്‍ഡിന്റെ പിറകിലൂടെ ചെന്നാല്‍ എത്തുന്ന മുറിയില്‍ ഈ വസ്ത്രം ധരിക്കാന്‍ സഹായിക്കാനായി ആളുണ്ട്. ടി.വി.യില്‍ വസ്ത്രം ധരിക്കുന്നതിന്റെ വിവിധഘട്ടങ്ങള്‍ കാണിക്കും. ഈ സ്ഥലത്തിനെ ഡോണിങ് ഏരിയ എന്നാണ് പറയുന്നത്. ഓരോ രോഗിയുടെയും അടുത്തുചെന്ന് രക്തസമ്മര്‍ദം നോക്കുക, താപനില അളക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്. ഓരോ മുറിയും കയറിയിറങ്ങുമ്പോള്‍ ഗ്ലൗസ് മാറ്റുകയും കൈ സാനിറ്റൈസ് ചെയ്യുകയും വേണം.

''ജോലിക്കുശേഷം ഡോഫിങ് ഏരിയ എന്ന് വിളിക്കുന്ന സ്ഥലത്തെത്തിവേണം പി.പി.ഇ. കിറ്റ് മാറ്റാന്‍. ശാസ്ത്രീയമായിത്തന്നെ വേണം ഇവ ഊരിമാറ്റാന്‍. കിറ്റ് ഊരുന്ന സമയത്ത് അതിന്റെ പുറംവശം തൊടാന്‍ പാടില്ല. ഇവ മാറ്റി അവിടെത്തന്നെയുള്ള ബക്കറ്റില്‍ നിക്ഷേപിക്കണം. തുടര്‍ന്ന് അടുത്ത ഫ്‌ളോറില്‍ച്ചെന്ന് കുളിച്ചതിനുശേഷമാണ് ജീവനക്കാര്‍ ഷിഫ്റ്റുകഴിഞ്ഞ് പോകുന്നത്. അവിടെത്തന്നെ നല്‍കിയിട്ടുള്ള വാഷിങ് മെഷീന്‍ സൗകര്യം ഉപയോഗപ്പെടുത്തി തുണികള്‍ കഴുകിയെടുക്കും'' നഴ്‌സ് പറഞ്ഞു. ''വീട്ടില്‍ പോകുന്നവര്‍ സ്വന്തം വാഹനത്തിലും ആശുപത്രിയില്‍നിന്ന് നല്‍കുന്ന വാഹനത്തിലുമായാണ് പോകുന്നത്.

വളരെ ദൂരെയുള്ളവരോ വീട്ടില്‍ പ്രായമായവരോ കുഞ്ഞുങ്ങളോ ഉള്ളവര്‍ക്ക്, അതും പോകേണ്ട എന്ന പറയുന്നവര്‍ക്കുമായി താമസസൗകര്യവും ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ പഠിച്ച സമയത്തുള്ള കാര്യങ്ങള്‍ ഒന്നുമായിരിക്കില്ല പലപ്പോഴും നടക്കുന്നത്. പക്ഷേ, ഞങ്ങള്‍ നിലവിലെ കാര്യങ്ങള്‍ പഠിക്കാനും അതിനോടൊപ്പം പ്രവര്‍ത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് ഞങ്ങളുടെ കടമയാണ്. പേടിയൊന്നുമില്ലാതെ തന്നെ ഞങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.'' അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Inside COVID isolation ward, nurses doing brave hard work