കോവിഡ് വന്ന ഒരാള്‍ക്ക് വീണ്ടും രോഗം വരാമോ?

വൈറല്‍ രോഗങ്ങള്‍ ഒരിക്കല്‍ വന്നു മാറിയാല്‍ സാധാരണയായി ശരീരം വൈറസിനെതിരെ ഉത്പാദിപ്പിച്ച ശരീരത്തില്‍ ആന്റി ബോഡി നിലനില്‍ക്കുന്നത് കൊണ്ട് തുടര്‍ന്നുള്ള കുറച്ചു കാലയളവിലെങ്കിലും, വീണ്ടും അതേ വൈറസ് കൊണ്ടുള്ള രോഗബാധ ഉണ്ടാവാനുള്ള സാധ്യത തീരെ കുറവാണ്.

ഈ കാലയളവ് ഓരോ വൈറസ് ബാധയിലും വത്യസ്തമാവും. ഉദാ: ചിക്കന്‍ പോക്‌സ് പോലുള്ള കുറേ രോഗങ്ങളില്‍ ഏകദേശം മുഴുവന്‍ പേരിലും ജീവിതകാലം മുഴുവന്‍ രോഗ പ്രതിരോധ ശേഷി നല്‍കും.

എന്നാലീ നൂതനവൈറസിനെ കണ്ടെത്തിയിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ. അതുകൊണ്ടു തന്നെ, ഒന്നിലധികം തവണ ഈ രോഗം ഒരാള്‍ക്ക് വരാന്‍ സാധ്യതയുണ്ടോ എന്നറിയാന്‍, ദീര്‍ഘകാല ആധികാരിക പഠനങ്ങള്‍ വരണം.

കോവിഡ് 19 ന്റെ കാര്യത്തില്‍ എത്ര നാളത്തേക്ക് പ്രതിരോധ ശേഷി നില നില്‍ക്കും?

കോവിഡ് 19 ഒരിക്കല്‍ വന്നു മാറിയാല്‍, ചെറിയ കാലയളവിലേക്ക് എങ്കിലും വീണ്ടും വരാനുള്ള സാധ്യത തീരെ കുറവാണ് എന്നാണ് നിലവിലുള്ള അനുമാനം.

ഈ നിഗമനത്തിനു പിന്തുണയേകുന്ന ചില നിരീക്ഷണങ്ങള്‍

ഇതുവരെ ചൈന പോലെയുള്ള രാജ്യങ്ങളില്‍, രോഗം തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുകയും, പിന്നീട് ഒരു മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയതിന് ശേഷം വീണ്ടും താഴേക്ക് വരുന്നതും കാണാം.

ഇത്തരമൊരു ആരോഹണാവരോഹണ മാതൃക സാധാരണ കാണുന്നത്, രോഗമുക്തരായവര്‍ പ്രതിരോധം ആര്‍ജ്ജിക്കുന്ന പകര്‍ച്ചവ്യാധികളിലാണ്.

നല്ലൊരു ശതമാനം ജനതയിലും രോഗം വന്ന് മാറിപ്പോയതിന് ശേഷം, കൂട്ടായപ്രതിരോധം (herd immuntiy) മെച്ചപ്പെടുമ്പോഴാണ്, പുതിയ രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത്.

കോവിഡ് രോഗത്തിലും ഇതുവരെ ഇങ്ങനെ ഒരു മാതൃക തന്നെയാണ് കാണാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ, ഒരിക്കല്‍ രോഗം വന്ന് മാറി പോയവരില്‍, രണ്ടുമൂന്ന് മാസത്തേക്കെങ്കിലും വീണ്ടും വരാന്‍ സാധ്യതയില്ല എന്ന് തന്നെ അനുമാനിക്കാം. കൃത്യമായ ഒരു കാലയളവ് കണ്ടെത്തിയെടുക്കണമെങ്കില്‍ കാലതാമസമെടുക്കും.

ചൈനയില്‍ രോഗം ഭേദമായ ചിലര്‍ക്ക് ഈ കാലയളവില്‍ തന്നെ രോഗം വന്നതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടല്ലോ, എന്താണ് വസ്തുത ?

രോഗം സ്ഥിരീകരിച്ച ചിലരില്‍, പിന്നീട് നെഗറ്റീവ് പരിശോധനാഫലം ലഭിച്ചതിന്, ആഴ്ചകള്‍ക്കു ശേഷം വീണ്ടും പോസിറ്റീവ് ഫലങ്ങള്‍ ലഭിച്ചതായി ഏതാനും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് രോഗമുക്തരായവര്‍ക്ക് രണ്ടാമത് ഒരു രോഗബാധ വരാനുള്ള സാധ്യതയുണ്ടോ എന്ന സംശയം വരാന്‍ ഇടയാക്കിയത്.

എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവരിലാര്‍ക്കും വീണ്ടും യാതൊരുവിധ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ടതായി കണ്ടിട്ടില്ല.

ആയതിനാല്‍ ഇവര്‍ക്ക് രണ്ടാമതും രോഗം വന്നതാവണമെന്നില്ല, അത് വേര്‍തിരിച്ച് ശാസ്ത്രീയമായി സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ മറ്റു ചില കാരണങ്ങളാല്‍ ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടാവാം, എന്തൊക്കെയാണവ?

ഈ ഫലങ്ങള്‍ കിട്ടിയത് എന്ത് തരം,പരിശോധനയില്‍ ആണെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.

RT പി.സി.ആര്‍ പരിശോധന

ഇപ്പോള്‍ വ്യാപകമായി കോവിഡ്19ന് ഉപയോഗിക്കുന്ന പിസിആര്‍ പരിശോധനയാണ് ഈ പഠനത്തില്‍ ഉപയോഗിച്ചതെങ്കില്‍, രോഗസൗഖ്യത്തിന് ശേഷവും പൊസിറ്റിവ് ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്.

പല അണുബാധകളും മാറിയതിനു ശേഷവും ജീവനക്ഷമമല്ലാത്ത ബാക്ടീരിയകളുടെയോ, വൈറസുകളുടെയോ , അവയുടെ ജനിതകഅംശത്തിന്റെയോ തന്റെ സാന്നിധ്യം ശരീരത്തില്‍ കണ്ടേക്കാം. രോഗമില്ലെങ്കില്‍ പോലും, ഇവ തെറ്റായ പോസിറ്റിവ് ഫലങ്ങള്‍ നല്‍കാം.

അഞ്ചാംപനിയുണ്ടാക്കുന്ന മീസില്‍സ് വൈറസ് ലക്ഷണങ്ങള്‍ മാറിയതിന്, ഏതാനും മാസങ്ങള്‍ക്ക് ശേഷം പോലും പി.സി.ആര്‍ പരിശോധനയില്‍ കണ്ടെത്താനായിട്ടുണ്ട്.

ആന്റിബോഡി പരിശോധന 

ഇത്തരം പരിശോധനകളിലാണ് ആഴ്ചകള്‍ക്കു ശേഷവും രോഗികളില്‍ ഫലം പോസിറ്റീവായി വന്നത്, എങ്കില്‍ അത് സ്വാഭാവികമാണ്. രോഗം വന്ന് മാറിയതിനുശേഷം ആഴ്ചകളോളം സ്വാഭാവികമായും രക്തത്തില്‍ ആന്റിബോഡികള്‍ ഉണ്ടായിരിക്കും. ഒരു ജനതയില്‍ മുന്‍പ് എപ്പോഴെങ്കിലും ഒരു അണുബാധ വന്നു പോയിട്ടുണ്ടോ, എന്ന പഠനത്തില്‍ പോലും ഉപയോഗിക്കുന്നത് ഇത്തരം ആന്റിബോഡിപരിശോധകളാണ്.

ലോകമെമ്പാടും, ഒരു ലക്ഷത്തിലധികം രോഗമുക്തി നേടിയവര്‍, ഉണ്ടായിരിക്കെ, ഇതില്‍ തീരെ കുറച്ചു പേര്‍ക്ക് മാത്രമേ വീണ്ടും പരിശോധനയില്‍ പൊസിറ്റിവ് ഫലങ്ങള്‍ കണ്ടെത്തിയിട്ടുള്ളൂ. രണ്ടാമത് ലക്ഷണങ്ങള്‍ വന്നു ഗുരുതരമായതായ കേസുകള്‍ ഒന്നും തന്നെ ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.

ഇനി ഇപ്പോഴത്തെ വൈറസിന് ജനിതകമാറ്റം എന്തെങ്കിലും സംഭവിച്ചാല്‍, ആ പുതിയ സ്‌ട്രെയിനിനെതിരെ ഒരു പക്ഷേ രോഗമുക്തി നേടിയവര്‍ക്ക് പ്രതിരോധം ഉണ്ടായിരിക്കണമെന്നില്ല. സാധാരണ ജലദോഷം ഉണ്ടാക്കുന്ന കൊറോണ ഗ്രൂപ്പിലെ മറ്റ് വൈറസുകള്‍, റൈനോ വൈറസുകള്‍ എന്നീ ആര്‍.എന്‍.എ (RNA) ജനിതകവസ്തുക്കളുള്ളവ, വളരെ പെട്ടെന്നു തന്നെ ചെറിയ ജനിതക മാറ്റങ്ങള്‍ ഉണ്ടാവുന്നവയാണ്. അതുകൊണ്ട് തന്നെ വീണ്ടും ഒരേ വ്യക്തിക്ക് ഈ വൈറസുകളുടെ പുതിയ ഒരു സ്‌ട്രെയിന്‍ കൊണ്ടുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് വരെ ഇങ്ങനെ വീണ്ടും രോഗം ഉണ്ടാക്കാവുന്ന തരത്തിലുള്ള വിവിധ സ്‌ട്രെയിനുകള്‍, ഇതുവരെ കോവിഡ്19 വൈറസിന് ഉള്ളതായി ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചിട്ടില്ല.

തൊണ്ടയില്‍ നിന്നോ മൂക്കിന്റെ ഉള്ളിലെ ആവരണത്തില്‍ നിന്നോ എടുത്താണ് പരിശോധിച്ചത് എങ്കില്‍ മറ്റൊരു സാധ്യത കൂടി ഉണ്ട്. വൈറസ് ശരീരത്തില്‍ രോഗം ഉണ്ടാക്കാതെ, മൂക്കിലെയോ തൊണ്ടയുടെയോ ആവരണങ്ങളില്‍ സഹവസിക്കുന്ന (commensal) അവസ്ഥ. ഈ അവസ്ഥയില്‍ ആ വ്യക്തിയ്ക്ക് രോഗം ഉണ്ടാവുന്നില്ലെങ്കിലും, രോഗം പരത്താനുള്ള ശേഷിയുണ്ടോ എന്നത് വിശദമായി തന്നെ പഠിക്കേണ്ടി വരും.

മറ്റൊരു സാധ്യത തൊട്ടു മുന്‍പുള്ള പരിശോധനാ ഫലം തെറ്റായി നെഗറ്റീവായി വന്നതാവാം. RT PCR പോലുള്ള ടെസ്റ്റുകള്‍ കൂടുതല്‍ വൈദഗ്ദ്ധ്യം വേണ്ട, സങ്കീര്‍ണ്ണ നടപടിക്രമങ്ങള്‍ വേണ്ട ടെസ്റ്റുകളാണ്.

Content Highlights: infoclinic post on recovered patients test positive again?