ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോട്കൂടി നിരത്തുകളില്‍ തിരക്ക് കൂടിക്കൂടി വരികയാണ്. ഫൈന്‍ ഈടാക്കുന്നുണ്ടെങ്കിലും  നമ്മുടെ സഹോദരന്‍മാരും സഹോദരിമാരും ഇപ്പോഴും മാസ്‌ക് വയ്ക്കാന്‍ മറന്നുപോവുകയോ അല്ലെങ്കില്‍ ശരിയായി മാസ്‌ക് ധരിക്കാതെ സഞ്ചരിക്കുകയോ ചെയ്യുന്നുണ്ട്. ഈ പ്രവണതകള്‍ സമൂഹത്തില്‍ എന്ത് മാത്രം പ്രത്യാഖ്യാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വസ്തുത അവര്‍ മനപൂര്‍വ്വമായോ അല്ലാതെയോ മറന്നുപോകുന്നു.
പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്. അത്തരം മാസ്‌കുകള്‍ തുണികൊണ്ടു നിര്‍മ്മിച്ചവയോ അല്ലെങ്കില്‍ തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും മാസ്‌കായി ഉപയോഗിക്കാവുന്നതാണ്. സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിക്കുന്നവരും നിരവധിയാണ്. ഇത്തരത്തില്‍ മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ
രോഗം ബാധിച്ച വ്യക്തി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍, അന്തരീക്ഷത്തിലേക്ക് രോഗാണുക്കള്‍ പടരുന്നത് തടയാന്‍ മാസ്‌ക് ധരിക്കുകയാണെങ്കില്‍ സാധിക്കുന്നു. 
മാസ്‌ക് ധരിക്കുന്നയാള്‍ സ്വന്തം വായിലും മൂക്കിലും തൊടുന്നതും തടയാന്‍ സാധിക്കുന്നു 
ഒരു മാസ്‌ക് കൊണ്ട് മുഖം മറക്കുന്നത് അതു ധരിക്കുന്നവരെ സംരക്ഷിക്കുന്നതിനെക്കാളും മറ്റുള്ളവരെ രോഗബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു
 
ഓര്‍ക്കുക മാസ്‌കുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മറ്റെല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അതേ പടി പാലിക്കുക.
നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുകയും പിഴ അടച്ചില്ലെങ്കില്‍ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസ് എടുക്കുകയും ചെയ്യും. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.
ശരിയായി മാസ്‌ക് ധരിച്ചാല്‍ നമുക്ക് ഇത്തരം ശിക്ഷകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാമല്ലോ! കൂടാതെ അണുബാധ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനും സാധിക്കുന്നു.
 
Content Highlight; Lockdown exemptions;  warning to the public