1. പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാന്‍ വൈകിയാല്‍ കുഴപ്പമുണ്ടോ?
ജനസാന്ദ്രത കൂടുതലായതു കാരണവും രോഗവ്യാപന സാധ്യത കൂടുതലായതിനാലും പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച സമയത്ത് തന്നെ എടുക്കുന്നതാണ് ഉത്തമം.
2. ഇന്ത്യയില്‍ വളരെ നേരത്തെതന്നെ പ്രതിരോധകുത്തിവയ്പ്പ് എടുക്കാന്‍ നിര്‍ദേശിക്കുന്നതെന്തുകൊണ്ട് ?
ജനസാന്ദ്രത കുറഞ്ഞ, പകര്‍ച്ചവ്യാധികള്‍ കുറഞ്ഞ മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയില്‍ ജനസാന്ദ്രത വളരെ കൂടുതലാണ്. അതുകൊണ്ട് രോഗവ്യാപന സാധ്യതയും കൂടുതലാണ്. ആ നിലക്ക് ആര്‍ജിത പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിന് കാത്തു നില്‍ക്കാതെ വളരെ നേരത്തെതന്നെ പ്രതിരോധകുത്തിവയ്പ്പ് എടുക്കാന്‍ ഇന്ത്യയില്‍ നിര്‍ദ്ദേശിക്കുന്നു.
3. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടുന്ന തീയതിയില്‍ നിന്നും കുറച്ചു വൈകിയാല്‍  പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടോ ?
കുറച്ചു ദിവസങ്ങള്‍ വൈകുന്നത്‌കൊണ്ട് പ്രശ്‌നമില്ല. എങ്കിലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ മാസങ്ങളോളം വൈകിയാല്‍ ഹേര്‍ഡ് ഇമ്മ്യുണിറ്റിയെ ഇതു ബാധിക്കുകയും രോഗ വ്യാപന സാധ്യതയെ കൂട്ടുകയും ചെയ്യുന്നു.
4. പ്രതിരോധ കുത്തിവയ്പ്പുകള്‍ എപ്പോഴാണ് പുനരാരംഭിക്കുന്നത് ?
കേരള സര്‍ക്കാര്‍ പ്രതിരോധ കുത്തിവെപ്പുകള്‍ അടുത്ത ആഴ്ച  (20-4-2020) മുതല്‍ പുനരാരംഭിക്കമെന്ന തീരുമാനം എടുത്തിട്ടുണ്ട്. അതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
5. പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ട ദിവസങ്ങള്‍ ഏതൊക്കെ ?
ഓരോ സബ് സെന്ററിനു കീഴിലും കുത്തിവെപ്പ് എടുക്കാനുള്ള കുട്ടികള്‍ ആരൊക്കെ എന്നതിന്റെ ലിസ്റ്റുണ്ടാവും. . ബന്ധപ്പെട്ട JPHN അല്ലെങ്കില്‍ ആശാ വര്‍ക്കര്‍ അവരെയെല്ലാം ഫോണ്‍ വഴി ബന്ധപ്പെടുകയും അതിനായി ഓരോ ദിവസവും അരമണിക്കൂര്‍ വീതമുള്ള 6 സെഗ്മെന്റുകളാക്കി, ഓരോ സെഗ്മെന്റിലും പരമാവധി 5 കുട്ടികള്‍ക്ക് വീതം വരാനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നതാണ്. പ്രതിരോധകുത്തിവയ്പ്പ് വീണ്ടും ആരംഭിച്ചു എന്ന് കരുതി ഓടിപ്പോയി കുത്തിവെപ്പ് എടുക്കാന്‍ നില്‍ക്കാതെ ഈ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് എടുക്കുന്നതാണ് ഏറ്റവും അഭികാമ്യം.
6. ഏതു പ്രതിരോധ കുത്തിവയ്പാണ് ഈ കാലയളവില്‍ ആദ്യം എടുക്കേണ്ടത് ?
കുത്തിവയ്പ്പ്, എവിടെ വെച്ചു മുടങ്ങിയോ അവിടെനിന്നും പുനരാരംഭിക്കണം. എടുത്ത ഡോസ് വീണ്ടും എടുക്കേണ്ട ആവശ്യമില്ല.
7. പ്രതിരോധ കുത്തിവയ്പ്പിനായി പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?
 പ്രതിരോധ കുത്തി വയ്പ്പ് കാര്‍ഡു/ അമ്മയും കുഞ്ഞും കാര്‍ഡു കയ്യില്‍ കരുതേണ്ടതാണ്. കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട്  മാസ്‌ക് ധരിച്ചു വേണം പുറത്തിറങ്ങാന്‍. ചുമയും പനിയും മറ്റു രോഗലക്ഷണങ്ങള്‍ ഉള്ളവരും  പുറത്തിറങ്ങരുത്.. ഒരു കുഞ്ഞിന്റെ കൂടെ കഴിവതും ഒരാള്‍ മാത്രം പോവുക. സമ്പര്‍ക്ക വിലക്കിലോ/ സമ്പര്‍ക്ക നിയന്ദ്രണത്തിലോ ഉള്ളവര്‍ കുത്തിവയ്പ്പിനു കുട്ടികളെ കൊണ്ടുപോകാന്‍ പാടുള്ളതല്ല. കുത്തിവയ്പ്പ് കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പും കുത്തിവയ്പ്പ് കഴിഞ്ഞും കൈകള്‍ വൃത്തിയാക്കേണ്ടതാണ്.
വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ഉടനെ തന്നെ കുഞ്ഞിന്റെയും കുത്തിവയ്പ്പിനായി കൊണ്ടുപോയ വ്യക്തിയുടെയും വസ്ത്രങ്ങള്‍ സോപ്പിലോ/ഡിറ്റര്‍ജെന്റിലോ കഴുകി സൂര്യപ്രകാശത്തില്‍ ഉണക്കേണ്ടതാണ്.
8. കുട്ടികള്‍ മാസ്‌ക് വയ്‌ക്കേണ്ടതുണ്ടോ ?
2 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്‌ക്ക് ധരിക്കേണ്ടതില്ല. അധിക സമയം ആശുപത്രിയില്‍ ചിലവഴിക്കാതിരിക്കാനായി നിങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് മാത്രം കുട്ടികളെ കൊണ്ടുപോകുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുമായി ഇടപഴകാതെ സൂക്ഷിക്കണം. കുത്തിവയ്പ്പ് കേന്ദ്രത്തില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതാണ്.
 
9. പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം ആശുപത്രിയില്‍ എവിടെയാണ് സജ്ജീകരിക്കേണ്ടത് ?
ആശുപത്രിയില്‍ പനിയും മറ്റുമായി കാണിക്കാന്‍ വരുന്നവരുമായി ഇടകലരാത്ത വിധത്തില്‍ പ്രത്യേക സ്ഥലത്ത് വേണം പ്രതിരോധ കുത്തിവെപ്പ് സജ്ജീകരിക്കാന്‍.
10. പ്രതിരോധ കുത്തിവയ്പ്പിനായി വരുന്നവര്‍ OP ടിക്കറ്റ് എടുക്കേണ്ട ആവശ്യമുണ്ടോ ?
കുത്തിവെപ്പിനു മാത്രം വന്നതാണെങ്കില്‍ ഒ.പി ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. എന്തെങ്കിലും രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകളോ രോഗങ്ങളോ ഉള്ള കുട്ടികളെ ഡോക്ടറെ കാണിക്കുകയാണെങ്കില്‍ മാത്രം ഒ.പി ടിക്കറ്റ് എടുക്കേണ്ടതുണ്ട്. 
11. പ്രതിരോധ കുത്തിവയ്പ്പു കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്പായി എന്ത് ചെയ്യണം ?
കൈ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകിയ ശേഷം മാത്രം/സാനിട്ടയിസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയതിനു ശേഷം മാത്രം കുത്തിവെപ്പു കേന്ദ്രത്തിലേക്ക്  പ്രവേശിക്കുക.
12. കോവിഡ് രോഗം സംശയിക്കുന്നവരോ അല്ലെങ്കില്‍ രോഗികളോ സമ്പര്‍ക്കവിലക്കില്‍ ആയിട്ടുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഈ കാലയളവില്‍ പ്രതിരോധ കുത്തിവയ്പ്പിനായി വരേണ്ടതുണ്ടോ ? 
കോവിഡ് രോഗിയോ, രോഗം സംശയിക്കുന്ന വ്യക്തികളോ വീട്ടിലുണ്ടെങ്കില്‍ ആ വീട്ടിലുള്ള കുട്ടികള്‍ ക്വാറന്റൈന്‍ സമയം കഴിയാതെ വീട്ടില്‍ നിന്ന് കുത്തിവയ്പ്പിനായി വരേണ്ടതില്ല.
 
Content Highlight: Importance of immunization