നൂറ്റാണ്ടിലെ അസുഖമെന്ന നിലയിലേക്ക് കോവിഡ് കുതിച്ചുപാഞ്ഞു കൊണ്ടിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം ലോകത്താകെ പെരുകുകയാണു. വന്‍കരകളില്‍ നിന്നും വന്‍കരകളിലേക്കും രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്കും രോഗം പടര്‍ന്നു പന്തലിക്കുന്ന ഈ വേളയില്‍ മനുഷ്യര്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്നു.രോഗത്തിനു മുന്‍പില്‍ പകച്ചു നില്‍ക്കുന്ന മനുഷ്യരില്‍ സംശയങ്ങളും കൂടികൂടി വരുന്നു. വെറുമൊരു ജലദോഷപ്പനിയെ പോലും കൊവിഡെന്നു ഭയന്നു കഴിയേണ്ട അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആ നിലക്ക് കൊവിഡ് 19 രോഗലക്ഷണങ്ങളെ പറ്റി നമുക്കൊന്ന് നോക്കാം.
വൈറസ് ബാധയെ തുടര്‍ന്ന് 2 മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ സാധാരണയായി കണ്ടുതുടങ്ങുന്നു. ഈ കാലയളവിനെ നമ്മള്‍ കോവിഡ് 19 ന്റെ ഇന്‍കുബെഷന്‍ പീരീഡായും കണക്കാക്കുന്നു.
രോഗബാധിതരില്‍ നിരവധി ലക്ഷണങ്ങളാണു പ്രകടമാകുന്നത്. ചിലര്‍ക്കു ലഘുവായ ലക്ഷണങ്ങളും മറ്റു ചിലരില്‍ തീവ്ര രോഗ ലക്ഷണങ്ങളും കണ്ടുവരുന്നു. 
 
 
ലക്ഷണങ്ങള്‍
പനി
ചുമ
ക്ഷീണം
ശരീരവേദന
മൂക്കൊലിപ്പ്
തൊണ്ടവേദന
വയറിളക്കം
 
എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള ലഘുവായ കോവിഡ് 19 രോഗലക്ഷണങ്ങള്‍. ഇതിനു പുറമേ രോഗം തീവ്രമായാല്‍ ന്യൂമോണിയ രോഗ ലക്ഷണങ്ങളായിരിക്കും വ്യക്തി കാണിക്കുന്നത്. അതായത് കഠിനമായ ചുമയും ശ്വാസതടസ്സവും ഇതിനോടനുബന്ധിച്ചു ഉണ്ടാകാവുന്നതാണ്. കൂടാതെ രോഗം തീവ്ര മാകുന്ന ഘട്ടത്തില്‍ ശരീരത്തിലെ മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും മള്‍ട്ടി ഓര്‍ഗന്‍ ഡിസ്ഫങ്ങ്ഷന്‍ എന്ന അത്യന്തം സങ്കീര്‍ണ്ണമായ ഘട്ടത്തില്‍ എത്തുകയും ചെയ്യുന്നു.
ഇതിനു പുറമെ അമേരിക്കന്‍ ഹെല്‍ത്ത് ഏജന്‍സിയായ സിഡിസി മറ്റു ചില രോഗലക്ഷണങ്ങളെ പറ്റിയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്ന രോഗലക്ഷണങ്ങളില്‍ ഇവ പെടുന്നില്ലെങ്കിലും വളരേ പ്രാധാന്യത്തോടെ നാം ഇതിനെ വീക്ഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ തന്നെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍.
കുളിര്
വിറയല്‍
പേശീ വേദന
തലവേദന
രുചിയും ഗന്ധവും നഷ്ടപ്പെടുക
 എന്നിവയാണ് സിഡിസി പുതിയ കോവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഓര്‍ക്കുക ! എല്ലാ ജലദോഷപ്പനിയും കോവിഡാകണമെന്നില്ല. എങ്കിലും മുന്‍കരുതല്‍ ആവശ്യമാണ്. പ്രത്യേകിച്ചും ജലദോഷമുള്‍പ്പെടെയുള്ള ശ്വാസകോശo-അനുബന്ധ രോഗമുള്ളവരില്‍..
 
Content Highlight: Covid symptoms