ന്യൂഡല്‍ഹി: രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കൊറോണയെ ദേശീയദുരന്തമായി (നോട്ടിഫൈഡ് ഡിസാസ്റ്റര്‍) കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. രോഗവ്യാപനം തടയാന്‍ സംസ്ഥാന ദുരന്തനിവാരണനിധി ഉപയോഗിക്കാനും മന്ത്രാലയം ശനിയാഴ്ച അനുമതിനല്‍കി. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് നടപടി. പ്രളയദുരിതാശ്വാസമായി കേരളത്തിന് അനുവദിച്ച 2500 കോടിയോളം രൂപയില്‍ 500 കോടിയിലധികം ബാക്കിയുണ്ട്. ദുരന്തനിവാരണനിധി കൈകാര്യം ചെയ്യുന്നതിനുള്ള കടുത്ത മാനദണ്ഡങ്ങള്‍ കാരണം ഉപയോഗിക്കാനാവാതിരുന്ന ഈ തുക ഇനി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം. കേന്ദ്രത്തിന്റെ ഉത്തരവ് രോഗബാധയാല്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് ആശ്വാസമാണെന്ന് ധനമന്ത്രി തോമസ് ഐസക് 'മാതൃഭൂമി'യോട് പറഞ്ഞു.

നിരീക്ഷണക്യാമ്പുകള്‍ സ്ഥാപിക്കാനും അവിടെ കഴിയുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്നുകളുള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങാനും തുക ഉപയോഗിക്കാം. രക്തസാംപിളുകള്‍ ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങല്‍, പരിശോധന, നിരീക്ഷണം, രോഗികളെ കണ്ടെത്തല്‍ എന്നിവയ്ക്കും വിനിയോഗിക്കാനാവും. വിമാനത്താവളങ്ങളില്‍നിന്ന് രോഗവിവരമറിയാതെ പോകുന്നവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ചെലവും ഇതിലുള്‍പ്പെടും.

സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ല

തിരുവനന്തപുരം: പുതിയ കൊറോണ ബാധിതരില്ല. ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശികളുമായി നേരിട്ട് സന്പര്‍ക്കംപുലര്‍ത്തിയ അഞ്ചുപേര്‍ക്കും കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ 19 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച കേരളത്തിന് ആശ്വാസദിനമായിരുന്നു ശനിയാഴ്ച.

രോഗം സംശയിച്ച 1345 പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഫലപ്രദമായിട്ടുണ്ട്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരണമെന്നും കൊറോണ അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തും കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശിയുടെ യാത്രാവിവരം കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.

  • കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 7677 പേര്‍
  • 302 പേര്‍ ആശുപത്രിയില്‍
  • പുതുതായി 106 പേരെ നിരീക്ഷണത്തിലാക്കി

    Content Highlights: india govt declare corona as national disaster