ധാരാവി പോലെയുള്ള ചേരികളില്‍ ജീവിക്കുന്നവര്‍ വളരെ നിസ്സാരമായ ഒരു പനിപോലെയാണ് കോവിഡ് 19 നെ കാണുന്നത്. മുംബൈയുടെ ഗ്ലാമര്‍ മാത്രമല്ല വാര്‍ത്തകളില്‍ നിറയേണ്ടത് യഥാര്‍ഥ മുംബൈക്കാരായ സാധാരണക്കാര്‍ കൂടിയാണെന്ന് മാനസി നിരീക്ഷിക്കുന്നു. മാനസിയുടെ വാക്കുകളിലൂടെ...  

മുംബൈ നഗരം ഏതാണ്ട് നിശ്ചലമായിക്കൊണ്ടിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ ലഭിക്കുന്നിടം ഒഴികെ മറ്റെല്ലാ കടകളും അടച്ചു. മുംബൈയിലെ മധ്യവര്‍ഗങ്ങള്‍ കഴിയുന്നത്ര സാധനങ്ങളൊക്ക ശേഖരിച്ച് വെച്ചുകഴിഞ്ഞു. അവര്‍ക്കിനി വീട്ടിലിരുന്നാലും കുഴപ്പമില്ല. പക്ഷേ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയുള്‍പ്പെടെ ധാരാളം ചേരികള്‍ ഉള്ള നഗരമാണ് മുംബൈ. വൈറസ്വ്യാപനം ചേരിപ്രദേശങ്ങളെ കയ്യടക്കിയാല്‍ എല്ലാം കൈവിട്ടുപോകും. ഒന്നാമതായി ചേരിനിവാസികളില്‍ ഇപ്പോഴും കൊറോണയെക്കുറിച്ചുള്ള കാര്യമായ അവബോധം എത്തിയിട്ടില്ല. ഇതേവരെ ചേരികളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാത്തത് അവര്‍ക്ക് ഫ്ളൈറ്റില്‍ വരുന്ന വരുമായി ഇടപഴകല്‍ ഇല്ലാത്തതിനാലാണ്. ചേരിയില്‍ ഒരു കേസ് റിപ്പോര്‍ട്ടു ചെയ്താല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഓരോ ചേരിയിലും ഒരു കുടുംബത്തിന്റെ അംഗസംഖ്യ ചുരുങ്ങിയത് പത്തുപേരാണ്. അങ്ങനെ നോക്കുമ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. കുട്ടികളും വൃദ്ധരും യുവാക്കളും എല്ലാമടങ്ങുന്നവരാണിവര്‍. ചുമയോ ജലദോഷമോ അവര്‍ക്ക് നിസ്സാരമായ കാര്യങ്ങളാണ്. പാന്‍ ചവച്ചുകൊണ്ടിരിക്കും എപ്പോഴും എന്നതിനാല്‍തന്നെ പൊതുവിടങ്ങളില്‍ തുപ്പുകയും ചെയ്യും. അത് ഇവിടുത്തുകാരുടെ ഒരു പൊതുസ്വഭാവമാണ്.

ദാരിദ്ര്യം, രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ, തിങ്ങിപ്പാര്‍ക്കുന്ന ജീവിതസാഹചര്യം തുടങ്ങിയവ കാരണം ഹോം ക്വാറന്റൈന്‍ എന്നൊക്കെ അവിടെ പോയി പറയാന്‍ പറ്റില്ല. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന ഐസൊലേഷന്‍ എങ്ങനെ പ്രാവര്‍ത്തികമാവും ഇവിടങ്ങളില്‍? എന്നെ സഹായിക്കാന്‍ വരുന്ന കുട്ടി അടുത്തുള്ള ചേരിയില്‍ നിന്നാണ് വരുന്നത്. അവരുടെ ഉപജീവനമാര്‍ഗം വീട്ടുജോലികളാണ്. ഒരുദിവസം അഞ്ചോളം വീടുകളില്‍ അവര്‍ ജോലിചെയ്യും. മുംബൈയിലെ ഏറ്റവും ചെറിയ ചേരിയില്‍പോലും മൂവായിരത്തില്‍പരം പേര്‍ ജീവിക്കുന്നുണ്ട്. മിഡില്‍ ക്ലാസുകാരുടെ വീട്ടുപണികള്‍ ചെയ്യുമ്പോള്‍ അവിടെ വൈറസ് സാന്നിധ്യമുള്ളവരുണ്ടാകാം. അപ്പോള്‍ ഒന്നുമറിയാതെ ഈ പണിക്കാര്‍ വൈറസ് വാഹകരാവുകയാണ്. അടുത്തടുത്ത പണിയിടങ്ങളിലേക്ക്, പിന്നെ സ്വന്തം ചേരിയിലേക്ക്. സാമൂഹികജീവിതം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നവരാണവര്‍. കൊറോണയെപ്പറ്റി പറഞ്ഞുകൊടുത്തപ്പോള്‍ ഒരു പനിയെ എന്തിനിത്ര ഭയക്കുന്നു എന്നാണ് ആ കുട്ടി ചോദിച്ചത്. അവര്‍ക്ക് അത് വെറും പനിയാണ്. അല്ലെങ്കില്‍ ഒരു കടുത്ത പനി. അതിലപ്പുറമില്ല.

Manasi
മാനസി

ദിവസക്കൂലിക്കാരും ഉന്തുവണ്ടി കച്ചവടക്കാരുമാണവര്‍. അവര്‍ക്ക് ഒരു ദിവസം പണിയില്ലാതാവുക എന്നു പറഞ്ഞാല്‍ അന്ന് പട്ടിണിയാവുക എന്നാണ് അര്‍ഥം. അപ്പോള്‍ അതാണ് മുംബൈ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ഉദ്ദവ് താക്കറെ കഴിയുന്നത്ര പരിശ്രമിക്കുന്നുണ്ട്. നിരവധി ഹെല്‍ത്ത് വളണ്ടിയര്‍മാര്‍ ഓടിനടക്കുന്നുണ്ട്. എല്ലാം ശരിയാണ്.

മുംബൈ സിറ്റിയിലേക്ക് വെള്ളമെത്തിക്കുന്ന മുനിസിപ്പല്‍ വര്‍ക്കേഴ്സിന് ദിവസവും യാത്രചെയ്യാതെ പറ്റില്ല. പൈപ്പ് ലൈനുകള്‍ ഓപ്പറേറ്റ് ചെയ്യേണ്ടേ? പച്ചക്കറികള്‍ എത്തേണ്ടേ? പുറത്തുനിന്നും വരണം. സിറ്റി വിട്ടുപോകുന്ന ബസ് സര്‍വീസുകളൊക്കെ നിര്‍ത്തി. മുംബൈ താമസിയാതെ പട്ടിണിയിലാകും. എല്ലാവരും ഓണ്‍ലൈന്‍ ഓര്‍ഡര്‍ ക്യൂവിലാണ്. പാല് കിട്ടാതെയാവുമോ, വെള്ളം നിന്നുപോകുമോ എന്നൊക്കെയാണ് എല്ലാവരുടെയും പേടി. പാവങ്ങളെ ഇതുസാരമായി ബാധിക്കും. അവര്‍ അന്നന്ന് സാധനങ്ങള്‍ വാങ്ങി ഉണ്ടാക്കികഴിക്കുന്നവരാണ്. ദിവസങ്ങളോളം സൂക്ഷിച്ചുവക്കാനുള്ള സൗകര്യങ്ങളൊന്നുമില്ല. ഞാന്‍ താമസിക്കുന്ന ഫ്ളാറ്റിനടുത്തെ ഒരു ചെറിയ കടയില്‍ നിന്നും രണ്ട് കിലോ റവ ചോദിച്ചപ്പോള്‍ കടക്കാരന്‍ പറഞ്ഞു, ഒരു കിലോ തരാം ദീദി എന്ന്. റവയൊക്കെ അത്ര ഡിമാന്റ് ഇല്ലാത്ത സാധനമാണ്. അതുവരെ കടക്കാര്‍ സൂക്ഷിച്ചേ തരുന്നുള്ളൂ. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടിയത് കാരണം സാധനങ്ങള്‍ സമയത്ത് ഡെലിവര്‍ ചെയ്യാനും ശേഖരിക്കാനും കഴിയുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അടുത്ത ഏറ്റവും വലിയ പ്രതിസന്ധി ആശുപത്രികളാണ്. ഇത്രയും പേരെ എങ്ങനെ, എവിടെ ഐലൊലേറ്റ് ചെയ്യും? ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്തായി ഒരു മുന്‍സിപ്പല്‍ സെന്ററുണ്ട്. അത് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡാക്കാനുള്ള പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വൈറസ് ബാധയേറ്റിരിക്കുന്നത് സമൂഹത്തിലെ ഉന്നതജീവിതനിലവാരം പുലര്‍ത്തുന്നവര്‍ക്കാണ്. അത് താഴേക്കിടയിലേക്കെത്തിയാല്‍ ഒരു നിയന്ത്രണോപാധികളും നിലനില്‍ക്കില്ല. ടാക്സികളൊക്കെ വിദേശികളെ കൊണ്ടുപോകാന്‍ മടിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഫ്ളൈറ്റ് ലാന്‍ഡിങ് ഉള്ള നഗരമാണ് മുംബൈ. പൂനെയിലേക്ക് ടാക്സിയോടിയ ഡ്രൈവര്‍ക്ക് വൈറസ് ബാധയുണ്ടായി. അയാള്‍ തിരിച്ചു വരുമ്പോള്‍ കയറ്റിയ മൂന്നു സ്ത്രീകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ആ മൂന്നു സ്ത്രീകള്‍ ഇടപഴകിയവര്‍ക്കും കൊറോണ പോസിറ്റീവായി. അങ്ങനെയങ്ങനെ അറ്റമില്ലാതെ ഇത് പടരുകയാണ്.

വീടുപണി ചെയ്യുന്നവരോട് വരണ്ടാ എന്നു പറയുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ പട്ടിണിയാവുകയാണ് അവര്‍. അന്നന്നത്തെ ഭക്ഷണം അവര്‍ കഴിക്കുന്നത് പണിയെടുക്കാന്‍ പോകുന്ന വീടുകളില്‍ നിന്നാണ്. അനന്തരഫലം ചിന്തിക്കാവുന്നതിലും അപ്പുറമാവുകയാണ്. ജോലിയില്ലാതാവുന്നു, പണമില്ലാതാവുന്നു, ചികിത്സ കിട്ടാതാവുന്നു.ഒരു പൈപ്പ് പൊട്ടിയാല്‍ അപ്പോള്‍ മാറ്റുന്ന ശീലം ഒഴിവാക്കി മുപ്പത്തൊന്നാം തിയതി കഴിയട്ടെ എന്നു കാത്തിരിക്കുകയാണ്. അറ്റകുറ്റപ്പണിയെടുത്തു ജീവിക്കുന്നവര്‍ ഗതികേടിലായി. ഓട്ടോറിക്ഷാ ഓടിച്ചു ജീവിക്കുന്നവരുടെ കാര്യവും കഷ്ടത്തിലായി. ആരും നിരത്തിലിറങ്ങുന്നില്ലെങ്കില്‍ അവരെങ്ങനെ കുടുംബം പുലര്‍ത്തും?

ഐസൊലേഷന്‍ ഭയന്ന് അസുഖസാധ്യത മൂടിവക്കുന്നതാണ് ഏറ്റവും കുറ്റകരം. ഇത്തരം വൈറസ് അക്രമണങ്ങളെ ചെറുക്കാന്‍ സാമ്പത്തികമായും ശാരീരികമായും കെല്‍പ്പില്ലാത്തവരെയാണ് ഇത്തരക്കാര്‍ ഇരകളാക്കുന്നത്. ഇവിടെ പ്രതിരോധ സംവിധാനങ്ങളൊന്നും കിട്ടാനില്ല. മാസ്‌കിനും സാനിറ്റൈസറിനും ക്ഷാമമാണ്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വേണ്ട മാസ്‌കുകള്‍ പോലും ഇവിടെ കിട്ടാനില്ല. മുംബൈയിലെ ജനസാന്ദ്രതയോര്‍ക്കുമ്പോള്‍ പേടിയാവുന്നുണ്ട്. തുടര്‍ച്ചയായ കൈകഴുകല്‍ ഇവിടെ അടുത്തു തന്നെ  നില്‍ക്കും. വെള്ളക്ഷാമം വന്നുതുടങ്ങി. ചേരികളില്‍ താമസിക്കുന്നവര്‍ക്ക് വെള്ളം എന്നത് ലക്ഷ്വറി വിഭാഗത്തില്‍പെട്ട ഒന്നാണ്. അവര്‍ ദിവസവും അലക്കിക്കുളിച്ചാല്‍ തീരുന്നതേയുള്ളൂ മുംബൈ നഗരത്തിലെ വെള്ളം. ഈ വലിയൊരു വിഭാഗത്തിന്റെ ഔദാര്യമാണ് ശരിക്കും മുംബൈയിലെ മറ്റുളളവരുടെ വൃത്തിയും വെടിപ്പും.  

ഇതിനിടയില്‍ ഷഹീന്‍ബാഗ് സമരവേദി ഇന്നലെയും കൂടി അടിപിടിയിലേക്കെത്തി. കുട്ടികളും വൃദ്ധരുമടങ്ങുന്ന നൂറുകണക്കിന് ആളുകളാണ് സമരത്തിനിരുന്നത്. ഈ അവസരത്തില്‍ ഇത്തരം സമരങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ ഒന്നാലോചിക്കണം. മനുഷ്യനുണ്ടായാലേ പൗരത്വത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. ഏറ്റവും അപകടമായതിനെ ആദ്യം നേരിടുക.

Content Highlights: If CoronaVirus spreads in Dharavi Slums what will happen writer Manasi speaks