കൊറോണ. ഇന്ന് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ഈ പേരാണ്. ഈ വൈറസിനെക്കുറിച്ചാണ്. ലോകത്താകമാനം വൈറസ് വ്യാപിച്ചു. ലക്ഷക്കണക്കിനാളുകളെ അത് രോഗികളാക്കി. 70, 000ത്തോളം ജീവനെടുത്തു. ഒരു സൂക്ഷ്മാണുവിന് മുന്നില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുന്ന കാഴ്ച.

മനുഷ്യനും രോഗമുണ്ടാക്കുന്ന അണുക്കളും തമ്മിലുള്ള പോരാട്ടം നടക്കുന്നത് ആദ്യമായല്ല. ചരിത്രാതീത കാലംമുതല്‍ തന്നെ തുടങ്ങിയതാണത്. പല മഹാവ്യാധികളും മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. രാജ്യാതിര്‍ത്തികളും വന്‍കരകളും പിന്നിട്ട് രോഗാണുക്കള്‍ മനുഷ്യരെ വെല്ലുവിളിച്ചു. ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കി. ബാക്ടീരിയ, വൈറസ് തുടങ്ങിയ അതിസൂക്ഷ്മജീവികളാണ് എന്നും മനുഷ്യന് വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികാസവും മാജിക് ബുള്ളറ്റ് എന്നു വിളിക്കാവുന്ന ആന്റിബയോട്ടിക്കുകളുടെ ആവിര്‍ഭാവവും ബാക്ടീരിയ ഉണ്ടാക്കുന്ന മിക്ക രോഗാവസ്ഥകളെയും പിടിച്ചുകെട്ടാനുള്ള കരുത്ത് പകര്‍ന്നു. വാക്‌സിനേഷന്‍ വഴി വസൂരി പോലുള്ള പല വൈറല്‍ രോഗങ്ങളെയും ഇല്ലാതാക്കാനായി. തടഞ്ഞുനിര്‍ത്താനായി. പക്ഷേ രൂപവും ഭാവവും മാറി 'പിടികിട്ടാപ്പുള്ളികളെ പോലെ' വന്നെത്തുന്ന ചില വൈറസുകള്‍ ഇന്നും പകര്‍ച്ചവ്യാധികള്‍ക്ക് വഴിയൊരുക്കുകയാണ്. ഭീഷണിയായി നിലനില്‍ക്കുകയാണ്. എന്തുകൊണ്ടാണ് വൈറസ് പരത്തുന്ന രോഗങ്ങള്‍ പുതുതായി വന്നെത്തുന്നതും ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നതും? എങ്ങനെയാണ് വൈറസുകള്‍ ആധിപത്യം സ്ഥാപിക്കുന്നത് ?
ഇതിന് കാരണങ്ങള്‍ പലതാണ്. വൈറസുകളുടെ ലോകം വിശാലമാണ്. വിചിത്രമാണ്. 

മൃഗങ്ങളിലും പക്ഷികളിലുമൊക്കെയായി കാലങ്ങളായി പല വൈറസുകളും ഒതുങ്ങിക്കൂടിയിരിപ്പുണ്ട്. അങ്ങനെ ഗുപ്താവസ്ഥയില്‍ കഴിയാന്‍ വൈറസുകള്‍ക്കാവും. വൈറസുണ്ടാക്കുന്ന പകര്‍ച്ചവ്യാധികളില്‍ പലതിന്റെയും ഉറവിടം ജന്തുക്കളാണ്. മൃഗങ്ങളില്‍ നിന്നും വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിച്ചേരുന്ന സൂനോട്ടിക്ക് രോഗങ്ങളാണ് ഒട്ടുമിക്കതും. മനുഷ്യ ഇടപെടല്‍ കാരണമുണ്ടാകുന്ന പരിസ്ഥിതിനാശവും, അത് ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങളും ഇതിന് ആക്കംകൂട്ടുന്നുണ്ട്. മനുഷ്യരോ പ്രകൃതിയോ ആവാസവ്യവസ്ഥയില്‍ കൈ കടത്തുമ്പേഴാണ് ജന്തുക്കളില്‍ നിന്നും നേരിട്ടോ ഒരു ഇടനിലക്കാരന്‍ജീവി വഴിയോ രോഗം മിക്കപ്പോഴും മനുഷ്യരിലേക്ക് പടരുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മറ്റ് ചില കാരണങ്ങളാണ്. എല്‍നിനോ പോലുള്ള കാലാവസ്ഥാപ്രതിഭാസങ്ങള്‍ നിപവൈറസ് ആദ്യമായി പടര്‍ന്ന മലേഷ്യയില്‍ ഈ രോഗം മനുഷ്യരില്‍ എത്തുന്നതില്‍ സുപ്രധാനപങ്ക് വഹിച്ചു എന്നാണ് കരുതപ്പെടുന്നത്. 

forest fire
കാട്ടുതീ 

വൈറസുകളില്‍ വന്നെത്തുന്ന ജനിതക വ്യതിയാനങ്ങളാകട്ടെ അവയ്ക്ക് മനുഷ്യരിലെ അതിജീവനത്തിനും വംശവര്‍ധനവിനും അധിക കരുത്ത് നല്‍കുന്നു. മാറി വരുന്ന അന്തരീക്ഷ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ജനിതക വ്യതിയാനം വൈറസുകളെ സഹായിക്കുന്നുണ്ട് എന്നുവേണം മനസ്സിലാക്കാന്‍.

ചരിത്രത്തിലെ മാരക പകര്‍ച്ചവ്യാധികളില്‍ ഒന്നായിരുന്നു 1918 ലെ സ്പാനിഷ് ഫ്‌ളൂ. അന്ന് പന്നികളിലെ ഫ്‌ളൂ വൈറസ് ജനിതകവ്യതിയാനം സംഭവിച്ച് മനുഷ്യരിലെത്തുകയായിരുന്നു. ചൈനയില്‍ താറാവുകളില്‍ നിലനിന്നിരുന്ന വൈറസ് പന്നികളില്‍ എത്തി പിന്നീട് രൂപമാറ്റങ്ങളോടെ മനുഷ്യരില്‍ എത്തിയതായിരുന്നു 1957 ലെ ഏഷ്യന്‍ ഫ്‌ളൂ. ആഫ്രിക്കയില്‍ കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസിന്റെ തുടക്കം കുരങ്ങുകളില്‍ നിന്നാണ്. 1997 ല്‍ പടര്‍ന്ന പക്ഷിപ്പനിയുടെ ഉറവിടം പക്ഷികളായിരുന്നു. പിന്നീടത് മനുഷ്യരിലെത്തി. നിപയും അവസാനമായി എത്തിയ എച്ച്1 എന്‍1 പകര്‍ച്ചവ്യാധിയുമൊക്കെ വന്നെത്തിയത് ഇതുപോലെ തന്നെ. ഉദാഹരണങ്ങള്‍ പലതുണ്ട്. എയ്ഡ്‌സ് രോഗത്തിന് കാരണമായ എച്ച്.ഐ.വി. വൈറസിന്റെ ഉദ്ഭവം പോലും ആഫ്രിക്കയിലെ കുരങ്ങുകളില്‍ നിന്നാണ്. ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുന്ന കൊറോണ വൈറസും മാറ്റം സംഭവിച്ച പുതിയ വൈറസാണ്. കൊറോണ വൈറസുകളും ഇന്‍ഫ്‌ളുവന്‍സ വൈറസുകളെ പോലെ പല മൃഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ആല്‍ഫ, ബീറ്റ കൊറോണ വൈറസുകള്‍ പല സസ്തനികളെയും ബാധിക്കും. ഗാമ, ഡെല്‍റ്റ കൊറോണ വൈറസുകള്‍ പക്ഷികളെയും.  

ജീവനില്ലാത്ത ജീവിയുടെ ഭീഷണി

വൈറസ്. ജീവനില്ലാത്ത ജീവിയാണത്. വൈറസിനെ അങ്ങനെ വിശേഷിപ്പിക്കുന്നതിന് കാരണമുണ്ട്. അതിന് സ്വന്തമായി കോശവ്യവസ്ഥയില്ല. വെളിയില്‍ അതിന് നിലനില്‍പ്പില്ല. ജീവനുള്ള കോശങ്ങളില്‍ മാത്രം നിലനില്‍പ്പുള്ള രോഗമുണ്ടാക്കാന്‍ കഴിവുള്ള സൂക്ഷ്മ ജീവികളാണ് വൈറസുകള്‍. ഏകദേശം ബാക്ടീരിയയുടെ നൂറിലൊന്ന് വലിപ്പം മാത്രം. ഇവയ്ക്ക് മനുഷ്യര്‍ക്ക് പുറമേ മൃഗങ്ങളെയും ചെടികളെയും എന്തിനു ബാക്ടീരിയകളെ പോലും (ബാക്ടീരിയോഫേജ്) പ്രതികൂലമായി ബാധിക്കുന്ന അവസ്ഥകള്‍ സൃഷ്ടിക്കാന്‍ കഴിയും. 

ഒരു തുണ്ട് ജനിതക വസ്തു

വൈറസിന് ആകെയുള്ളത് ജനിതക വസ്തുവാണ്. അതാകട്ടെ കുറച്ച് ജീനുകളുടെ കഷണം. അത് ആര്‍.എന്‍.എ. ആകാം. ഡി.എന്‍.എ.ആകാം. അതിന്റെ ഇരട്ടിപ്പിന് ഒരു കോശവ്യവസ്ഥ ലഭിക്കണം. വംശവര്‍ധനവിന് അനുബന്ധ വസ്തുക്കളും സാഹചര്യങ്ങളും വേണം. അതിനായി വൈറസ് ജന്തുക്കളിലേക്കും മനുഷ്യനിലേക്കുമൊക്കെ കുടിയേറുന്നു. ശരീരത്തിന് അകത്തു കയറി കോശങ്ങളില്‍ കുത്തിത്തിരുപ്പുണ്ടാക്കുന്നു. നമ്മുടെ ഡി.എന്‍.എ. യെ ഹൈജാക്ക് ചെയ്യുന്നു. എന്നിട്ട് വൈറസിന്റെ വംശത്തെ വലിയ തോതില്‍ ഉത്പാദിപ്പിക്കുന്നു. 

ഇതാണ് വൈറസിന്റെ ഘടന

വളരെ ചെറുത്. 20 മുതല്‍ 300 നാനോ മീറ്റര്‍ വലുപ്പം. പല ഷേപ്പുകളിലും (ഐകോസഹിഡ്രല്‍, ഫിലമെന്റസ്, ഹെഡ്-ടെയില്‍), വലുപ്പത്തിലും കാണുന്നു. 
വൈറസിന് ആകെയുള്ളത് ജനിതക വസ്തു-ന്യൂക്ലിക് ആസിഡ് ആണ്. ആര്‍.എന്‍.എ./ ഡി.എന്‍.എ. അതിനു ചുറ്റിലും പ്രോട്ടിന്‍ തന്‍മാത്രകൊണ്ടുള്ള കവചം. കാപ്‌സിഡ് എന്നാണിത് അറിയപ്പെടുന്നത്.  ചില വൈറസുകള്‍ക്ക് അതിന്റെ പുറമെ കൊഴുപ്പിന്റെ ഒരു ആവരണം -എന്‍വലപ്പ് ഉണ്ടാകും. 

virus
കൊറോണ വൈറസ് ഘടന/Image credit: Wikipedia

മട്ടുമാറുന്നു സ്വാഭാവം മാറുന്നു  

ഡി.എന്‍.എ. വൈറസുകളില്‍ വലിയ ജനിതക മാറ്റങ്ങള്‍ വരാറില്ല.  എന്നാല്‍, ആര്‍.എന്‍.എ. വൈറസുകള്‍ അങ്ങനെയല്ല. സ്ഥിരത കുറവാണ്. അവ അതിവേഗം വംശവര്‍ധനവിനു വിധേയമാകും. അവയില്‍ ഉള്‍പരിവര്‍ത്തനം (mutation ) എന്ന അവസ്ഥയ്ക്ക് സാധ്യത കൂടുതലാണ്. ജനിതകവസ്തു തുടര്‍ച്ചയായി മ്യൂട്ടേഷന് വിധേയമാകുന്നത് കാരണമായി ഇടയ്ക്കിടെ വൈറസിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കും. 

കോശങ്ങളില്‍ ചെന്ന് പെരുകുന്ന കൂട്ടത്തിലാണ് ചെറിയ ജനിതക മാറ്റങ്ങള്‍ വന്നെത്തുന്നത്. എത്തിപ്പെടുന്ന കോശത്തിലെ ജീനുകള്‍ വൈറസ് ജീനുകള്‍ക്കിടയില്‍പ്പെട്ടുപോകാം. വെളുത്ത മുത്തുമാലയില്‍ ചുവന്ന കല്ല് കയറുന്നതുപോലെ. അതല്ലെങ്കില്‍ സ്വന്തം ജീനുകളുടെ തന്നെ സ്ഥാനം മാറിപ്പോകാം. രൂപപരിണാമം വന്ന പുതിയ വൈറസുകളുടെ ആവിര്‍ഭാവത്തിന് ഇത് വഴിയൊരുക്കുന്നു. രണ്ടു വ്യത്യസ്തതരം വൈറസുകള്‍ ഒരു ജീവിയുടെ ശരീരത്തില്‍ ഉണ്ടായിക്കഴിഞ്ഞാല്‍, അവ തമ്മില്‍ ജനിതകവസ്തു കൈമാറിയും പുതിയ ഇനം വൈറസുകള്‍ ഉണ്ടാകാറുണ്ട്. റികോമ്പിനേഷന്‍, റി അസോര്‍ട്ട്‌മെന്റ് തുടങ്ങിയ പ്രതിഭാസങ്ങള്‍. അനേകം ജീവികളിലൂടെയും അസംഖ്യം മനുഷ്യരിലൂടെയും വൈറസുകള്‍ കടന്നുപോകാറുണ്ട്. ദശലക്ഷക്കണക്കിന് വൈറസ് പകര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്യും. ഇതിനിടയില്‍ ജനിതക മാറ്റം വന്നെത്താന്‍ സാധ്യതകള്‍ വളരെയേറെയാണ്. ജീനുകളില്‍ മാറ്റം വരുന്ന വൈറസിന്റെ സ്വഭാവത്തിലും മാറ്റം വരുന്നു. വൈറസിന് അതിജീവന ശേഷിയും കരുത്തും കൂടാന്‍ ഇത് സാധ്യതയൊരുക്കാറുമുണ്ട്. മനുഷ്യരില്‍ നിലനില്‍ക്കാനും മനുഷ്യരിലേക്ക് പടരാനും വൈറസിന് കഴിവുണ്ടാകുന്നു. ചിലപ്പോള്‍ വൈറസ് ചെറുസമൂഹത്തിലോ രാജ്യത്തിനകത്തോ ഒതുങ്ങാതെ ലോകത്താകമാനം പടരുന്ന സ്ഥിതിയും വന്നുചേരാം. പാന്‍ഡമിക്കായി മാറാം.
ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ ഉദാഹരണം. ഏഴോ എട്ടോ ആര്‍.എന്‍.എ. കണികകള്‍ മാത്രമാണിവയ്ക്ക്. ഇത് മാറ്റങ്ങള്‍ക്കു വിധേയമായി കൊണ്ടിരിക്കുന്നു.

പക്ഷിപ്പനിയും പന്നിപ്പനിയുമെല്ലാം ഇത്തരത്തില്‍ ഒരു മാറ്റത്തിന്റെ ഭാഗമായുണ്ടായതാണ്. 2009 ല്‍ ഭീഷണി ഉയര്‍ത്തിയ എച്ച്.1 എന്‍ 1 വൈറസില്‍ നാല് വൈറസുകളുടെ ജീനുകള്‍ കണ്ടെത്തിയിരുന്നു. രണ്ടെണ്ണം പന്നിയിലേത്. ഒന്നു മനുഷ്യനിലേത്. ഒന്നു പക്ഷിയിലേത്. ഇത് പല ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള വൈറസ് ജീനുകള്‍ കൂടിയാണെന്ന് ഓര്‍ക്കണം. 
വൈറസിന് ജനിതക മാറ്റം വരുന്നതിനാല്‍ നിലവില്‍ ലഭ്യമായ മരുന്നിനോട് പ്രതികരണം ഇല്ലാതാകാന്‍ അത് സാധ്യതയൊരുക്കുന്നു. പുതിയ മരുന്നോ വാക്‌സിനോ വികസിപ്പിച്ചു വരുമ്പോഴേക്ക് ഇവയുടെ ജനിതകവസ്തുവില്‍ വീണ്ടും മാറ്റം വരും. രൂപവും ഭാവവും മാറും. മരുന്നും വാക്‌സിനും ഫലിക്കാതാവും. ശാസ്ത്രം നേരിടുന്ന വലിയ വെല്ലുവിളിയാണിത്. ഇതുകൊണ്ടാണ് ഫ്‌ളൂ വാക്‌സിന്‍ മാറി മാറി നിര്‍മ്മിക്കേണ്ടി വരുന്നതിന് ഇതുകൊണ്ടാണ്. 

ആധിപത്യം സ്ഥാപിച്ചാല്‍

വൈറസിന് ആവശ്യം വംശവര്‍ധനവാണ്. അതിജീവനമാണ്. ജീവനുള്ള കോശങ്ങളില്‍ അത് ഒട്ടിച്ചേരുന്നു. വിദഗ്ധമായി അകത്തെത്തുന്നു. വംശവര്‍ധനവാണ് പിന്നെ ലക്ഷ്യം. അതിനായി പുതിയ പകര്‍പ്പുകള്‍ ഉണ്ടാക്കുന്നു.

ഏതെങ്കിലും ഒരു വൈറസ് ശരീരത്തില്‍ എത്തിയാല്‍, ശരീരത്തിലെ പ്രതിരോധവ്യവസ്ഥ അതിനെ നേരിടും. നശിപ്പിക്കാന്‍ ശ്രമിക്കും. ഈ ഉദ്യമത്തില്‍ പ്രതിരോധസേന ജയിച്ചാല്‍ വൈറസ് നശിക്കും. രോഗത്തില്‍ നിന്ന്‌ രക്ഷപ്പെടാം. എന്നാല്‍, വൈറസ് ആധിപത്യം സ്ഥാപിച്ചാല്‍, അത് പറ്റിച്ചേര്‍ന്നിരിക്കുന്ന മനുഷ്യകോശത്തിലെ ആര്‍.എന്‍.എ. കോഡ് അതിനുള്ളില്‍ തയ്യാറാക്കും. ഇതിനെ സ്വന്തം ആര്‍.എന്‍.എ. ആയി ശരീരം തെറ്റിദ്ധരിക്കുന്നു. കോശത്തിലെ റൈബോസോം ഈ കോഡ് വായിച്ചെടുത്ത് വൈറസിന്റെ വളര്‍ച്ചക്ക് ആവശ്യമുള്ള പ്രോട്ടീനുകളെ വികസിപ്പിച്ച് കൊടുക്കും. ഇത് തുടരുന്നതോടെ, ശരീരം വൈറസിന് കീഴ്‌പ്പെടും.

പല അവയവങ്ങളെയും ഒന്നിച്ച് ബാധിക്കുന്നത് വൈറല്‍ രോഗങ്ങളുടെ പ്രത്യേകതയാണ്. അതുപോലെ വൈറസ് ബാധയുണ്ടായാലും ലക്ഷണം കാണിക്കാതെ കാരിയര്‍ ആയി നില്‍ക്കുന്ന അവസ്ഥയും ബാക്ടീരിയയെ അപേക്ഷിച്ച് കൂടുതലാണ്. 

വൈറസ് കോശങ്ങളില്‍ പെരുകുമ്പോള്‍ അതിനെ നേരിടാന്‍ ശരീരം പലവിധത്തില്‍ പ്രതികരിക്കുന്നു. വൈറസുകള്‍ പെരുകുമ്പോള്‍ കോശങ്ങളുടെ ക്ഷതത്തിനും നാശത്തിനുമൊക്കെയിടയാക്കുന്നു. ഇതൊക്കെയാണ് നമുക്ക് രോഗമായി അനുഭവത്തില്‍ വരുന്നത്. 

സാഹചര്യങ്ങള്‍ അനുകൂലമായാല്‍ 

വൈറസ് രോഗം പിടികൂടുന്നതും വ്യാപിക്കുന്നതും പലവിധ ഘടകങ്ങളെയും ആശ്രയിച്ചാണ്. 

വൈറസിന്റെ വംശവര്‍ധനവിന് അനുകൂലമായ സാഹചര്യങ്ങളും ചുറ്റുപാടുകളും ഒത്തുവരണം. അതുപോലെ എത്ര വൈറസുകള്‍ ഒരാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നു, അവയുടെ രോഗജന്യശേഷി എത്രത്തോളമുണ്ട്, വൈറസ്ബാധയേല്‍ക്കുന്ന വ്യക്തിയ്ക്ക് രോഗപ്രതിരോധശേഷി എത്രത്തോളമുണ്ട് എന്നിവയൊക്കെ അടിസ്ഥാനമാക്കി രോഗം ജനിപ്പിക്കുന്നതിന്റെ തോത് ഏറിയും കുറഞ്ഞും വരാം. 

വൈറസിനെ കൊണ്ടുനടക്കുന്ന ജീവികള്‍

പല വൈറസുകളും ചില ജീവികളില്‍ അപകടമുണ്ടാക്കാതെ കഴിഞ്ഞുകൂടാറുണ്ട്. പരസ്പരം സഹകരിച്ചു ജീവിച്ച് അവയുടെ പരിണാമത്തിന് കാരണമാകുന്ന പ്രതിഭാസമാണത്. കോ എവല്യൂഷന്‍ എന്നാണ് ഇതിന് പറയുന്നത്. വവ്വാലുകളും വൈറസുകളും ഉദാഹരണം. വവ്വാലുകളില്‍ വൈറസുകള്‍ രോഗമുണ്ടാക്കാറില്ല. വിവിധ വര്‍ഗത്തില്‍ പെട്ട വവ്വാലുകള്‍ ഭൂമുഖത്തുണ്ട്. ഇവയില്‍ പലതിന്റെയും ശരീരത്തില്‍ ശരീരത്തില്‍ പലവിധ വൈറസുകളുമുണ്ട്.  വവ്വാലിന്റെ ശരീരം തങ്ങളുടെ വളര്‍ച്ചയ്ക്കും പ്രത്യുത്പാദനത്തിനുമായി ഉപയോഗിക്കുന്നതിന്റെ പ്രത്യുപകരമാവാം വവ്വാലിന് ഇവയെ തുരത്താനായി ലഭിക്കുന്ന ജീനുകളും. നിപ വൈറസ് ഇത്തരത്തിലുള്ളതാണ്. ആഫ്രിക്കയില്‍ ഭീഷണിയായ സാര്‍സ്, എബോള പോലെയുള്ള വൈറസുകള്‍ക്ക് എതിരെയുള്ള ആന്റിബോഡികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വവ്വാലുകളില്‍ നിന്ന് വേര്‍തിരിക്കാന്‍ സാധിച്ചിട്ടുണ്ട്. രോഗാണുക്കളുടെ വാഹകരായിക്കൊണ്ട് തന്നെ ഒരിക്കലും രോഗം ബാധിക്കാതെ ഇവര്‍ രക്ഷപ്പെട്ട് പോകുന്നു. 

bats
വവ്വാലുകള്‍

പക്ഷികളും രോഗാണുക്കളെ കൊണ്ട് നടക്കാറുണ്ട്. പക്ഷിപ്പനി ഉദാഹരണം. പലതരം വൈറസുകള്‍ പല പക്ഷികളുടെയും ശരീരത്തിലുമുണ്ടാകാം. വൈറസുകളെ കൊണ്ട് നടന്ന് മറ്റൊരു ജീവിയുടെ ശരീരത്തിലെത്തിച്ച് രോഗമുണ്ടാക്കുന്ന രോഗവാഹകര്‍ മാത്രമായി വര്‍ത്തിക്കുകയും സ്വയം രോഗം വരാതിരിക്കുകയും ചെയ്യുന്ന ജീവികളെ  'വെക്ടര്‍' എന്നാണ് വിളിക്കുന്നത്. ഡെങ്കി വൈറസിന്റെ വെക്ടര്‍ ഈഡിസ് ഈജിപ്തി/ ഈഡിസ് ആല്‍ബോപിക്ടസ് എന്നീ കൊതുകുകളാണ്. കൊതുക് എന്ന വെക്ടര്‍ പരത്തുന്ന പല പകര്‍ച്ചവ്യാധികളുമുണ്ട്. വെക്ടര്‍ പരത്തുന്ന രോഗം ഒരു കാരണവശാലും നേരിട്ട് പകരില്ല

ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ കരുത്താര്‍ജിച്ചാല്‍ 

വൈറസ് ജീനുകളില്‍ മാറ്റം വരുമ്പോഴാണ് ലോകവ്യാപകമായി പാന്‍ഡമിക്കുകള്‍ ഉണ്ടാകാറ്. അങ്ങനെയുണ്ടാകുന്ന രോഗചക്രത്തിന് തീവ്രത കൂടും. മാത്രമല്ല വ്യാപനതോതും വര്‍ധിക്കാറുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അത് പടരുന്നു. കുറെ കാലങ്ങളോളം ഈ രോഗം നിലനില്‍ക്കാം. കുറച്ച് കാലത്തിന് ശേഷം ആവര്‍ത്തിച്ചുവരാം. ജനിതകമാറ്റങ്ങളോടെ പുതിയ രൂപത്തിലെത്താം. 

ഓര്‍ത്തോമിക്‌സോവിറിഡെ എന്ന കുടുംബത്തില്‍പ്പെട്ടതാണ് ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍. സാധാരണമായി കാണുന്ന ജലദോഷത്തിനും, ശ്വാസകോശരോഗത്തിനും വഴിവെക്കുന്ന വൈറസുകളാണിത്. ഇത് പലതരത്തിലുണ്ട്. ഇന്‍ഫ്‌ളുവന്‍സ എ,ബി,സി വൈറസുകളാണ് മനുഷ്യരെ പ്രധാനമായും ബാധിക്കുന്നത്. അതില്‍ തന്നെ  ഇന്‍ഫ്‌ളുവന്‍സ-എ വൈറസുകളാണ് വലിയ അപകടകാരികളായി മാറുന്നത്. പകര്‍ച്ച സാധ്യതയും രോഗതീവ്രതയും ഇവയ്ക്ക് കൂടുതലാണ്. ജനിതകവസ്തുവില്‍ ഉള്‍പരിവര്‍ത്തനം വരുന്നതിനാല്‍ ചെറിയരൂപമാറ്റവുമായി നിശ്ചിത ഇടവേളകളില്‍ വൈറസുകള്‍ പ്രത്യക്ഷപ്പെടുന്നു. ലോകം മുഴുവന്‍ വ്യാപിക്കുന്നു. പല മഹാമാരികളും ഇത്തരത്തില്‍വന്നെത്തിയതാണ്.                 

കൊറോണ വൈറസ്   

കൊറോണ വൈറസിനെ ആദ്യമായി കണ്ടെത്തിയത് 1960ലാണ്. ആര്‍.എന്‍.എ. വൈറസാണിത്. വലിയ ഇത് വലിയ അകടകാരിയല്ല എന്നാണ് ആദ്യ കരുതിയിരുന്നത്. എന്നാല്‍ 2002ല്‍ ചൈനയിലും പിന്നീട് ഒട്ടേറെ രാജ്യങ്ങളിലും പടര്‍ന്ന സാര്‍സ് (സിവിയര്‍ അക്യൂട്ട് റസ്പിരേറ്റരി സിന്‍ഡ്രോം), 2012ല്‍ സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്ന മെര്‍സ്(മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം ) തുടങ്ങിയ രോഗങ്ങള്‍ക്കു പിന്നില്‍ കൊറോണ വൈറസ് ആയിരുന്നു. ഇപ്പോള്‍ കോവിഡ്-19 എന്ന പകര്‍ച്ചവ്യാധിയിലൂടെ കൊറോണവൈറസ് ഒട്ടുമിക്ക രാജ്യങ്ങളിലും ഭീഷണിയായി. 

virus
കൊറോണ വൈറസ്‌/Image credit: Wikipedia

കോവിഡ് 19 വൈറസിനെക്കുറിച്ച് വിശദ പഠനങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. കൊറോണവിരിഡെ കുടുംബത്തിലെ പുതിയ വൈറസ്ആണിത്. ആര്‍.എന്‍.എ. വൈറസ് ആയതിനാല്‍ തന്നെ ഇതിന് ജനിതക മാറ്റങ്ങള്‍ വന്നിരിക്കാന്‍ സാധ്യതയേറെയാണ്. ഇനിയും മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യാം. 

കടപ്പാട്: 
ഡോ. ബി. പദ്മകുമാര്‍
ഡോ. ഷിംന അസീസ്

Content Highlights: How CoronaVirus became Pandemic Science behind Virus reveals