അമ്പലപ്പുഴ: 'കേട്ടപ്പോള്‍ ആദ്യം ഭയമായിരുന്നു. പിന്നെ ധൈര്യപൂര്‍വം ദൗത്യം ഏറ്റെടുത്തു. സ്വയം സുരക്ഷിതകുപ്പായം ധരിച്ച് നാലുമണിക്കൂര്‍ തുടര്‍ച്ചയായി ഒരുമുറിയില്‍ ചെലവഴിക്കേണ്ടി വന്നതിന്റെ വീര്‍പ്പുമുട്ടല്‍ ചെറുതായിരുന്നില്ല. പക്ഷെ, രോഗിയുടെ ഓരോ ചലനത്തിനും അനുസരിച്ച് കണ്ണിമതെറ്റാതെ കര്‍മനിരതരായി. ദൈവത്തിന്റെ സ്വന്തം മാലാഖമാരായി...' കൊറോണ വൈറസ് ബാധിച്ച യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പരിചരിച്ച നഴ്‌സുമാരില്‍ ഏക പുരുഷനഴ്‌സ് രാഹുല്‍ ആര്‍.നായരുടെ അനുഭവങ്ങള്‍.

നാലുമണിക്കൂര്‍ വീതമുള്ള ഷിഫ്റ്റില്‍ ഇരുപതോളം സ്റ്റാഫ് നഴ്‌സുമാരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ജോലിചെയ്തത്. രോഗി എത്തിയനേരം മുതല്‍ നാലുദിവസം ജോലി ചെയ്യാനുള്ള അവസരമാണ് രാഹുലിന് ലഭിച്ചത്. 'ഒരുമുറിയില്‍ രണ്ട് ക്യാബിനുകളിലായി ഓരോ ആളുകള്‍. പനിയുടെ ലക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ, അതിനുമപ്പുറം മുറിയില്‍ ഒറ്റപ്പെടലിന്റെ വേദനയാണ് അവരെ അലട്ടിയിരുന്നത്. മൊബൈല്‍ ഫോണിന് വിലക്കില്ലാതിരുന്നതിനാല്‍ അവര്‍ കുറെ സമയം ഫോണില്‍ ചെലവഴിച്ചു. ഓരോ വാര്‍ത്തകളും അവര്‍ അറിഞ്ഞുകൊണ്ടേയിരുന്നു.

ആലപ്പുഴയില്‍ ഒരാളുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് വാര്‍ത്ത വന്നപ്പോള്‍ തങ്ങളില്‍ ആരുടേതാണെന്നായിരുന്നു ഇരുവരുടെയും ആശങ്ക. ഓര്‍ക്കുമ്പോള്‍ വലിയൊരു അഭിമാനബോധമാണിപ്പോള്‍. സമൂഹത്തിനുവേണ്ടി വലിയൊരുകാര്യം ചെയ്തതിന്റെ അഭിമാനം.....' രാഹുലിന്റെ വാക്കുകളില്‍ ഇത് വ്യക്തം.

തല ഉയര്‍ത്തി ആലപ്പുഴ മെഡിക്കല്‍ കോളേജ്

നേട്ടങ്ങള്‍ക്കുമപ്പുറം എന്നും പരാതികളുടെ കഥകളാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയെപ്പറ്റി പുറത്തുവരിക. രോഗികളുടെ അതിപ്രസരവും അതിനനുസരിച്ച് ഡോക്ടര്‍മാരുടെയും മറ്റുജീവനക്കാരുടെ കുറവുമെല്ലാം രോഗീപരിചരണത്തിന് തടസ്സങ്ങളാണ്. ഞങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ആരും പറയാറില്ല എന്ന് പരിഭവപ്പെടുന്ന ഡോക്ടര്‍മാര്‍ നിരവധിയാണ്. അപ്പോഴാണ് കൊറോണ ഭേദമാക്കിയ ലോകത്തിലെ ആദ്യ ആശുപത്രി എന്ന നേട്ടം ആലപ്പുഴ മെഡിക്കല്‍ കോളേജിന് സ്വന്തമാകുന്നത്. സമൂഹമാധ്യമങ്ങള്‍ ഈനേട്ടം ആഘോഷിക്കുകയാണ്. പക്ഷെ, ഔദ്യോഗികമായ പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കണം. 'ഇപ്പോള്‍ ഒന്നും പറയാനില്ല. രോഗിയെ ഭേദമാക്കി വിട്ടയച്ചെങ്കിലും അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവര്‍, അവരുമായി ബന്ധപ്പെട്ടവര്‍ എല്ലാം നിരീക്ഷണത്തിലാണ്. ഒരു പതിനഞ്ചുദിവസം കൂടി കാത്തിരിക്കൂ. എന്നിട്ടെല്ലാം പറയാം' ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ആശുപത്രി അധികൃതരുടെ പ്രതികരണം ഇതായിരുന്നു.

കൂട്ടായ്മയുടെ നേട്ടം

ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍, നാല് മെഡിക്കല്‍ ഓഫീസര്‍മാര്‍, 12 പി.ജി.ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ശുചീകരണ ജീവനക്കാര്‍ എന്നിങ്ങനെ ഒരുസംഘം ആളുകള്‍ക്കായിരുന്നു ഐസൊലേഷന്‍ വാര്‍ഡിന്റെ ചുമതല. ഓരോദിവസത്തെയും വിവരങ്ങള്‍ കൃത്യമായി കളക്ടറെയും അതുവഴി ആരോഗ്യമന്ത്രിയെയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. രോഗികള്‍ക്ക് ഒരു പോരായ്മയും ഉണ്ടാകാത്തവിധത്തിലുള്ള സംവിധാനങ്ങള്‍.

Content Highlights: Heart Touching note of nurse treat coronavirus Patient