കോവിഡ് 19 വന്നുപോകട്ടെ എന്നു ചിന്തിക്കുന്ന ചെറിയൊരു ശതമാനം ആളുകളെങ്കിലും നമ്മുടെ നാട്ടിലുമുണ്ട്. ഇത്തരത്തിലുള്ള മിഥ്യാ ധാരണ വെച്ചു പുലർത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിലും അലംഭാവം കാട്ടുന്നുണ്ട്. അവർ അറിയാതെ പോകുന്ന ചിലതുണ്ട്. പ്രത്യക്ഷത്തിൽ രോഗം വന്ന് മറ്റുള്ളവരിലെക്ക് രോഗം പകരാനുള്ള സാധ്യത മാത്രമല്ല, മറിച്ചു കോവിഡ് 19 ഭേദമായതിനു ശേഷം സംഭവിക്കാൻ സാധ്യതയുള്ള പാർശ്വഫലങ്ങളെയും കൂടി ഭയക്കേണ്ടതുണ്ട്. പോസ്റ്റ് കോവിഡ് സിൻഡ്രോം എന്നറിയപ്പെടുന്ന ഈ അവസ്ഥയെ പറ്റി കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്. വൈറസിനെ അതിജീവിക്കുന്നത് തന്നെ ഒരു പ്രധാന നേട്ടമാണ്. എന്നാൽ ശരീരത്തിലെ വൈറസിന്റെ പ്രാരംഭ ആക്രമണത്തിൽ നിന്ന് കരകയറുന്നവരിൽ 75 ശതമാനം പേർക്കെങ്കിലും അത് ദീർഘകാല ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

പോസ്റ്റ് കോവിഡ് സിൻഡ്രോം

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് 19 ഭേദമായവർക്കും അതോടൊപ്പം രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരിലും ഒരുപോലെ വരാൻ സാധ്യതയുള്ള ഒരവസ്ഥയാണു പോസ്റ്റ് കോവിഡ് സിൻഡ്രോം. സാധാരണ ഗതിയിൽ അകാരണമായ ക്ഷീണം, തളർച്ച, പേശീവേദന, തല വേദന, ശ്വാസംമുട്ട്, വയറിളക്കം, സംഭ്രമം പോലുളള ചില ലക്ഷണങ്ങൾ ഇത്തരക്കാരിൽ ആഴ്ചകളോളം കണ്ടുവരാറുണ്ട്. എന്നാൽ ചിലരിൽ ഗുരുതരമായ ശാരീരിക പ്രശ്നങ്ങളും ഇതിനോടനുബന്ധിച്ചു ഉണ്ടാകാറുണ്ട്. വൃക്കകളുടെ തകരാറിലേക്കും ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും ഇതു കാരണമാകാം.

ഓർക്കുക, എല്ലാ വ്യക്തികളും കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കേണ്ടതാണ്.

കോവിഡ് ബാധിതർ രോഗം ഭേദമായ ശേഷവും ഏഴ് ദിവസവും കൂടി വിശ്രമത്തിൽ തുടരേണ്ടതാണ്. തുടർ ദിവസങ്ങളിൽ കൃത്യമായ നിരീക്ഷണം ആവശ്യമാണ്.

ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ നിർബന്ധമായും തുടർചികിത്സ തേടേണ്ടതാണ്. ഇ-സഞ്ജീവനി സേവനങ്ങളും തേടാവുന്നതാണ്.

Content Highlights:Have you ever thought that Covid 19 would come,Covid19, Corona Virus