ക്ഷികളിലും സസ്തനികളും രോഗത്തിന് കാരണമാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. മനുഷ്യരില്‍ ഇത് സാധാരണ ജലദോഷം ഉള്‍പ്പടെ ശ്വാസകോശ അണുബാധയ്ക്ക് ഇടയാക്കും. മുന്‍പ് നിരവധി പേരുടെ മരണത്തിന് കാരണമായ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവയ്ക്ക് കാരണമായതും കൊറോണ വൈറസ് തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ചൈനയിലെ വുഹാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ തരം കൊറോണ വൈറസ് ഇവയില്‍ നിന്നും അല്‍പം കൂടി വ്യത്യസ്തമായതാണ്.

ഉത്ഭവം

കൊറോണ വൈറസിന്റെ യഥാര്‍ഥ ഉദ്ഭവ സ്ഥാനം ഗവേഷകര്‍ക്ക് ഇതുവരെയും കണ്ടെത്താനായിട്ടില്ല. എങ്കിലും ജനിതക വസ്തു വിശകലനം ചെയ്തതില്‍ നിന്ന് മനസ്സിലാക്കാനായത് വവ്വാലില്‍ കണ്ടെത്തിയ കൊറോണ വൈറസിനോട് സാമ്യമുള്ള തരം ആണ് ഇത് എന്നാണ്. വൈറസ് ഡാറ്റ പങ്കുവയ്ക്കുന്ന അന്തരാഷ്ട്ര പ്ലാറ്റ്‌ഫോമായ ഗ്ലോബല്‍ ഇനിഷിയേറ്റീവ് ഓണ്‍ ഷെയറിങ് ഓള്‍ ഇന്‍ഫ്‌ളുവന്‍സ ഡാറ്റ (GISAID) അഭിപ്രായപ്പെടുന്നത് വുഹാന്‍ കൊറോണ വൈറസിന്റെ ജനിതകഘടന എണ്‍പത് ശതമാനം സാര്‍സ് വൈറസിനോട് സാമ്യതയുള്ളതാണെന്നാണ്. എന്നാല്‍ മെര്‍സ് വൈറസില്‍ നിന്നും വ്യത്യസ്തമാണ് താനും. 

മനുഷ്യരിലേക്കെത്തിയത്

കൊറോണ വൈറസ് സൂണോട്ടിക് വൈറസുകളാണ്. അതായത്, ഇവ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നത് എന്നര്‍ഥം. മുന്‍പ് നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമായത് സാര്‍സിന് കാരണമായ വൈറസ് വവ്വാലില്‍ നിന്നും സിവെറ്റ് ക്യാറ്റിലൂടെയാണ് മനുഷ്യരിലേക്കെത്തിയതെന്നാണ്. മെര്‍സിലാകട്ടെ ഇത് വവ്വാലുകളില്‍ നിന്ന് ഒട്ടകങ്ങളിലേക്കും അങ്ങനെ മനുഷ്യരിലേക്കുമാണ് വ്യാപിച്ചത്. 

മൃഗങ്ങളില്‍ കാണപ്പെടുന്ന വൈറസിന് ജനിതകമാറ്റം ഉണ്ടായോ അല്ലെങ്കില്‍ അവ മറ്റ് വൈറസുകളുമായി ചേര്‍ന്നോ പുതിയ സ്‌ട്രെയിന്‍(വിഭാഗം) വൈറസുകള്‍ ഉണ്ടായി അവ മനുഷ്യരിലേക്ക് വ്യാപിച്ചതാകാം. എന്നാല്‍ ചൈനീസ് വുഹാന്‍ വൈറസിന്റെ കാര്യത്തില്‍ ഇവ വവ്വാലില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതാണോ അതോ അതിന് ഇടയില്‍ മറ്റെന്തെങ്കിലും ജീവിവര്‍ഗം ഉണ്ടായിരുന്നോ എന്നുമുള്ള കാര്യത്തില്‍ വ്യക്തതയില്ല. ചില ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ വൈറല്‍ റീ കോമ്പിനേഷന്റെ ഫലമാകാം പുതിയ വൈറസ് രൂപമെടുത്തത് എന്നാണ്. അതായത്, ഒന്നിലധികം വൈറസുകള്‍ ഒരേ കോശത്തെ ഒരേ സമയം ബാധിക്കുന്നതു മൂലമുണ്ടാകുന്ന വൈറസുകളുടെ കൂടിച്ചേരലിന്റെ ഫലമായി ഉണ്ടാകുന്ന പുതിയ സ്‌ട്രെയിന്‍ എന്നര്‍ഥം. 

വ്യാപനം

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പുതിയ വൈറസിന് അതിവേഗം പടരാന്‍ സാധിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവ് ഇപ്പോഴുണ്ട്. വൈറസ് ഒരു ശരീരത്തില്‍ പ്രവേശിച്ചാല്‍ ആ ആതിഥേയ ശരീരത്തിലെ(വൈറസ് ബാധിച്ച വ്യക്തി) ജീവനുള്ള കോശങ്ങളെ ഹൈജാക്ക് ചെയ്ത് അതിന്റെ സ്വാഭാവിക ഉത്പാദന സംവിധാനത്തെ ഉപയോഗിച്ച്, തന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സകലതും ചൂഷണം ചെയ്ത് സ്വയം കോശവിഭജനം നടത്തി ഇരട്ടിച്ച് പെട്ടെന്ന് പെരുകിപ്പെരുകി വരുകയാണ് വൈറസ് ചെയ്യുന്നത്. ഈ ഇരട്ടിക്കല്‍ പ്രക്രിയയ്ക്കിടെ സംഭവിക്കുന്ന വളരെ ചെറിയ തകരാറുകളോ വ്യതിയാനങ്ങളോ ആണ് വൈറസിന്റെ ജനിതകമാറ്റത്തിന് (മ്യൂട്ടേഷന്‍)ഇടയാക്കുന്നതും അങ്ങനെ പുതിയ സ്‌ട്രെയിനിലുള്ള വൈറസുകള്‍ രൂപമെടുക്കുന്നതും.

ഇങ്ങനെ രൂപമെടുത്ത പുതിയ ജനിതകഘടനയുള്ള വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമ്പോഴാണ് അത് 'നോവല്‍' വൈറസ് എന്ന് അറിയപ്പെടുന്നതും അതിന് ചികിത്സ ഇല്ലാത്ത സാഹചര്യമുണ്ടാകുന്നതും.  
പുതിയ വുഹാന്‍ കൊറോണ വൈറസ് അതിന്റെ ഇന്‍ക്യൂബേഷന്‍ പിരിയഡ് ആയ 14 ദിവസത്തിനുള്ളില്‍ തന്നെ പടരുന്നുണ്ടെന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നത്. കൃത്യമായ ചികിത്സ ഇല്ലാത്തതിനാല്‍ തന്നെ മുന്‍കരുതലുകളാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് നിലവില്‍ രോഗികള്‍ക്ക് നല്‍കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക.
  • കൈകള്‍ 20 സെക്കന്‍ഡ് സമയമെടുത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ നന്നായി കഴുകുക. 
  • രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കുക.
  • രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക.
  • രോഗബാധിത മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക.
  • മത്സ്യ-മാംസാദികള്‍ നന്നായി പാകം ചെയ്തു മാത്രം കഴിക്കുക. 
  • സഹായത്തിന് കേരള ആരോഗ്യ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 1056 അല്ലെങ്കില്‍ 0471 2552056 എന്നിവയിലേക്ക് വിളിക്കാം. 
  • ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററുകളുടെ നമ്പറുകള്‍.

    Content Highlights: genetic mutation china corona virus, corona virus, health