കൊപ്പം(പട്ടാമ്പി): ഉന്നക്കായയും അതിശയപ്പത്തിരിയും ഇറച്ചിപ്പത്തിരിയും മക്രോണിപ്പോളയുമൊക്കെ നൂറു വാട്ട് വെളിച്ചത്തില്‍ നിരന്നിരിക്കും അബ്ദുള്‍ഖാദറിന്റെ തട്ടുകടയില്‍. ആ രുചിക്കും വെളിച്ചത്തിനും പിന്നിലൊരു കഥയുണ്ട്. നല്ല സ്പീഡില്‍ ജീവിതം മുന്നോട്ടുപോയ കാലത്താണ് ജീവിതമാര്‍ഗമായ വണ്ടികള്‍ക്കെല്ലാം അബ്ദുള്‍ഖാദര്‍ ഒരേ പേരിട്ടത്- 'ചങ്ക്സ്'. ചങ്കുപറിച്ചുതരുന്ന ചങ്ങാതിയെന്നതിന്റെ 'ന്യൂജെന്‍' പേര്.

കോവിഡില്‍ തട്ടി വണ്ടികളും ജീവിതവും കട്ടപ്പുറത്തായപ്പോള്‍ ആ 'ചങ്കു'കളാണ് ചങ്ങാതിമാരെപ്പോലെ 'ജീവിതവെളിച്ച'മായതെന്ന് അബ്ദുള്‍ഖാദറിന്റെ ജീവിതം പറഞ്ഞുതരും. കോവിഡ് പ്രതിസന്ധിയില്‍ ഓട്ടം നിലച്ച വാഹനങ്ങളുടെ വെളിച്ചത്തിലാണ് കൊപ്പം കുറ്റിക്കോടന്‍ വീട്ടില്‍ അബ്ദുള്‍ഖാദര്‍ രാത്രികാലങ്ങളില്‍ തട്ടുകടയുമായി കൊപ്പത്തെ പാതയോരത്ത് ഉപജീവനമാര്‍ഗം തേടുന്നത്. കട്ടപ്പുറത്ത് കയറിയ വാഹനങ്ങളുടെ ബാറ്ററികള്‍ ഉപയോഗിച്ചാണ് തട്ടുകയിലേക്ക് വെളിച്ചം എത്തിക്കുന്നത്. ഒരു വാഹനം എപ്പോഴും തട്ടുകടയോടുചേര്‍ന്ന് ഉണ്ടാവും. ഇത് സ്റ്റാര്‍ട്ടാക്കിയാണ് ബാറ്ററി ചാര്‍ജുചെയ്ത് വെളിച്ചം എത്തിക്കുന്നത്. വാഹനം ഓടാതെ കേടുവരുന്നതിനുള്ള പരിഹാരംകൂടിയാണ് ഇത്.

മൂന്നാഴ്ചയായി ആരംഭിച്ച തട്ടുകട ഇപ്പോള്‍ കൊപ്പത്തുകാര്‍ക്കുമാത്രമല്ല യാത്രക്കാര്‍ക്കും രുചിയുടെ ഹരംപകരുകയാണ്. 'ചങ്ക്സ്' എന്നപേരില്‍ 49 സീറ്റുള്ള ടൂറിസ്റ്റ് ബസ്, 17 സീറ്റുള്ള ട്രാവലര്‍, പിന്നെ ക്രൂയിസര്‍ തുടങ്ങി ടാക്‌സിവാഹനങ്ങളുടെ ഉടമയാണ് അബ്ദുള്‍ഖാദര്‍. കോവിഡ് വന്നതോടെ വാഹനങ്ങളുടെ ഓട്ടം നിലച്ചു. ഇന്‍ഷുറന്‍സ്, നികുതി, വായ്പകളുടെ തിരിച്ചടവ് തുടങ്ങിയവയെല്ലാം തെറ്റി. വാഹനങ്ങള്‍ മാസങ്ങളായി കട്ടപ്പുറത്താണ്. ഉപജീവനമാര്‍ഗവും നിലച്ചു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകണം. വാഹനങ്ങള്‍ വില്‍ക്കാമെന്നുവെച്ചാല്‍ ആവശ്യക്കാരില്ല. ആത്മഹത്യയ്ക്കുവരെ ചിന്തിച്ച നാളുകള്‍... എന്നാല്‍, അബ്ദുള്‍ ഖാദര്‍ കോവിഡ് പ്രതിസന്ധിയോട് പൊരുതാന്‍ തീരുമാനിച്ചു.

അങ്ങനെയാണ് കൊപ്പം-പട്ടാമ്പി റോഡില്‍ തട്ടുകടയുമായി രംഗത്തെത്തിയത്. സഹായത്തിനായി ടാക്‌സിമേഖലയിലെ രണ്ടുപേരെയും കൂട്ടി. ചായ, പലഹാരങ്ങള്‍, 'തലശ്ശേരിവിഭവങ്ങള്‍' ഒക്കെ തട്ടുകടയില്‍ വിളമ്പി. വൈകുന്നേരം മൂന്നുമണിയോടെ തട്ടുകട പ്രവര്‍ത്തനം തുടങ്ങും. പുലര്‍ച്ചെവരെ കച്ചവടം തുടരും. തരക്കേടില്ലാത്ത കച്ചവടം നടക്കാറുണ്ടെന്ന് അബ്ദുള്‍ഖാദര്‍ പറയുന്നു. 'ചങ്കു'കള്‍ ഒരിക്കലും ചതിക്കില്ലെന്ന് അനുഭവമുള്ളതിനാല്‍ പ്രതിസന്ധിക്കിടെ പ്രതീക്ഷയായ തട്ടുകടയ്ക്കും അബ്ദുള്‍ഖാദര്‍ പേരിട്ടു-'ചങ്ക്സ്'.